മീനങ്ങാടി: ലോൺ ആപ്പിന്റെ തട്ടിപ്പിന് ഇരയായി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിലുള്ള അന്തർ സംസ്ഥാന തട്ടിപ്പ് സംഘത്തിലെ നാല് പേരെ വയനാട് പൊലീസ് ഗുജറാത്തിൽ നിന്ന് പിടികൂടി. പൂതാടി താഴെമുണ്ട ചിറക്കൊന്നത്ത് വീട്ടിൽ സി എസ് അജയരാജ് ആണ് ലോൺ ആപ്പ് തട്ടിപ്പിനരയായി ആത്മഹത്യ ചെയ്തത്.
ഗുജറാത്ത് അമറേലി സ്വദേശികളായ ഖേറാനി സമിർഭായ്, കൽവത്തർ മുഹമ്മദ് ഫരിജ്, അലി അജിത്ത് ഭായ് എന്നിവരെയും പ്രായപൂർത്തിയാകാത്ത ഒരാളെയുമാണ് വയനാട് ജില്ലാ പൊലീസ് മേധാവി ടി നാരായണൻ ഐപിഎസിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം ബവസാരയിൽ വച്ച് പിടികൂടിയത്. ലോൺ ആപ്പിന്റെ കെണിയിൽപ്പെട്ട അജയരാജിന്റെ ഫോട്ടോ മോർഫ് ചെയ്ത് മോശമായി ചിത്രീകരിച്ച് കുടുംബക്കാർക്കും സുഹൃത്തുക്കൾക്കും അയച്ചു കൊടുത്തതിലുണ്ടായ മാനസിക വിഷമത്തിലും നിരന്തര ഭീഷണിയിലും മനംനൊന്തൊണ് അജയരാജ് ആത്മഹത്യ ചെയ്തത്. മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലീസ് പ്രതികളെ കുടുക്കിയത്.
2023 സെപ്റ്റംബർ 15-നാണ് അജയരാജ് ആത്മഹത്യ ചെയ്തത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത ശേഷം നടത്തിയ അന്വേഷണത്തിലാണ് ലോൺ ആപ്പ് കെണിയിലേക്ക് എത്തുന്നത്. 'ക്യാൻഡിക്യാഷ്' എന്ന ആപ്പ് ഫോണിൽ കണ്ടെത്തുകയും വിദഗ്ധ അന്വേഷണത്തിനൊടുവിൽ ആ ആപ്പിന്റെ ഉറവിടം കണ്ടെത്തുകയും ഗുജറാത്തിൽ പോയി കുറ്റവാളികളെ പിടികൂടുകയുമായിരുന്നു.
സൗദി അറേബ്യ ഹജ്ജ് മീഡിയ ഹബ്ബ് ആരംഭിച്ചു