'റേഡിയോ കോളർ ആനയ്ക്ക് താലി കെട്ടിയതല്ല, വനംവകുപ്പ് എന്തിനാണ്'; രൂക്ഷവിമർശനവുമായി മാനന്തവാടി രൂപത

'മുഖ്യമന്ത്രിയോട് പറയാനുള്ളത്, ഊരിപ്പിടിച്ച വാളിനിടയിലൂടെ അല്ല ഒറ്റക്കൊമ്പനും ഇരട്ടക്കൊമ്പനും ഇടയിലൂടെ വന്നവരാണ് ഞങ്ങൾ എന്നാണ്. ഇത് കർഷക സ്വരമാണ്. കർഷകർക്ക് എതിരായി എടുത്ത കേസ് പിൻവലിക്കണം'.

dot image

മാനന്തവാടി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മാനന്തവാടി രൂപതയുടെ പ്രതിഷേധജ്വാല. വയനാട്ടിലെ വന്യജീവി ആക്രമണത്തിനെതിരെയാണ് പ്രതിഷേധം. പുൽപ്പള്ളിയിൽ പ്രതിഷേധിച്ച കർഷകർക്ക് എതിരെയെടുത്ത കേസ് പിൻവലിക്കണമെന്ന് രൂപത അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു. കേസ് എടുത്തത് തെറ്റായിപോയെന്നു തിരിച്ചറിഞ്ഞില്ലെങ്കിൽ വോട്ട് ചോദിച്ചു വരേണ്ട എന്നും അദ്ദേഹം പറഞ്ഞു.

'ഇവിടെ വന്യ ജീവികളെ സംരക്ഷിക്കാൻ നിയമമുണ്ട്. സാധാരണക്കാരനെ സംരക്ഷിക്കാൻ നിയമമില്ല. നിയമം ഭേദഗതി വരുത്തണം. വന്യ മൃഗത്തെ മലയോര കർഷകർ കൃഷിയിടത്തിൽ നേരിടും. സർക്കാർ നിയമം മാറ്റിയില്ലെങ്കിൽ ജനങ്ങൾ ഈ നിയമത്തിനു പുല്ലു വില നൽകും. മലയോര കർഷകരെ ഇല്ലായ്മ ചെയ്യുന്നതിൽ സർക്കാരിന് കൃത്യമായ അജണ്ട ഉണ്ട്. മന്ത്രിമാർ വയനാട് സന്ദർശിച്ചു. പക്ഷേ മന്ത്രിമാർ പറഞ്ഞ ചില വർത്തമാനം കേട്ടപ്പോൾ കാര്യങ്ങൾ കടുവയോടോ ആനയോടോ പറഞ്ഞാൽ മതിയെന്നു തോന്നിപ്പോയി. കൃഷിയിടത്തിൽ ജനിച്ച പന്നികൾ കാട്ടുപന്നിയല്ല നാട്ടുപന്നിയാണ്. നികുതി അടയ്ക്കുന്ന സ്ഥലത്ത് വന്യ ജീവി നിയമങ്ങൾ പാലിക്കാൻ മലയോര കർഷകർ ഇനി തയ്യാറല്ല'. മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെതിരെയും രൂക്ഷ വിമർശനമാണ് ഉയർത്തിയത്. 'സിസിഎഫിനോട് പറയാനുള്ളത് നിങ്ങൾക്കുള്ള അധികാരം നിങ്ങൾ വിനിയോഗിക്കുക. വനപാലകർക്ക് കൃത്യ നിർവഹണമുണ്ടോ. മലയോര കർഷകരുടെ മേൽ കുതിരകയറുന്നവരാണ് വനം വകുപ്പ് ജീവനക്കാർ. കേരള സർക്കാർ കർഷകർക്ക് നേരെ കേസ് എടുത്തിരിക്കുന്നു. ഹൃദയം നുറുങ്ങിയ മനുഷ്യരുടെ പ്രതിഷേധത്തിനെതിരെയാണ് കേസ് എടുത്തത്. മുഖ്യമന്ത്രിയോട് പറയാനുള്ളത്, ഊരിപ്പിടിച്ച വാളിനിടയിലൂടെ അല്ല ഒറ്റക്കൊമ്പനും ഇരട്ടക്കൊമ്പനും ഇടയിലൂടെ വന്നവരാണ് ഞങ്ങൾ എന്നാണ്. ഇത് കർഷക സ്വരമാണ്. കർഷകർക്ക് എതിരായി എടുത്ത കേസ് പിൻവലിക്കണം. കേസ് എടുക്കേണ്ടത് വനം വകുപ്പ് ജീവനക്കാർക്കെതിരെയാണ്. വനംവകുപ്പ് ജീവനക്കാർ എന്തിനാണ്. റേഡിയോ കോളർ ആനയ്ക്ക് താലി കെട്ടിയതല്ല. ആനയെ നിരീക്ഷിക്കാൻ വന പാലകർക്ക് കഴിഞ്ഞില്ല. ആനയ്ക്കല്ല, വനംവകുപ്പ് ജീവനക്കാർക്കാണ് റേഡിയോ കോളർ ഘടിപ്പിക്കേണ്ടത്'. ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us