പൊന്നാനിയിൽ സിപിഐഎമ്മിൻ്റെ കാർപ്പെറ്റ് ബോംബിങ്ങിൽ പകച്ച് മുസ്ലിം ലീഗ്. ലീഗ് പുറത്താക്കിയ മുൻ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ സിപിഐഎം രംഗത്തിറക്കിയത് മുസ്ലിം ലീഗിനെ സംബന്ധിച്ച് അപ്രതീക്ഷിത നീക്കമാണ്. മുസ്ലിം ലീഗിൽ ഉണ്ടായിരുന്നപ്പോൾ പാർട്ടിക്കുള്ളിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധ പേരാട്ടത്തിൻ്റെ മുഖമായിരുന്നു കെ എസ് ഹംസ. ഹംസ പുറത്ത് പോയെങ്കിലും അന്ന് ഹംസയുടെ പോരാട്ടത്തിൻ്റെ തലയായിരുന്ന പ്രമുഖർ ഇപ്പോഴും ലീഗിലുണ്ട്. കുഞ്ഞാലിക്കുട്ടിക്കെതിരായി ഹംസയെ പടച്ചട്ടയണിയിച്ച നേതാക്കളും സിപിഐഎം നീക്കത്തിൽ പതറിയിരിക്കുകയാണ്.
ചന്ദ്രികയുടെ ഭൂമി വിഷയവുമായി ബന്ധപ്പെട്ടും ഖത്തർ കെഎംസിസിയുടെ പണമിടപാട് സംബന്ധിച്ചും എ ആർ നഗർ ബാങ്കുമായി ബന്ധപ്പെട്ട വിഷയങ്ങളിലും കെ എസ് ഹംസ ഉന്നയിച്ച ആരോപണങ്ങൾ മുസ്ലിം ലീഗിൻ്റെ ആഭ്യന്തര രാഷ്ട്രീയത്തെ ഉലച്ചിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷനായിരുന്ന പാണക്കാട് ഹൈദരലി തങ്ങളുടെ മകൻ മുഈൻ അലി തങ്ങൾ ചന്ദ്രിക ഭൂമി ഇടപാട് സംബന്ധിച്ച ആരോപണം പിന്നീട് പരസ്യമായി പുറത്ത് ഉന്നയിച്ചതും വിവാദമായിരുന്നു. ഐസ്ക്രീം പാർലർ വിവാദത്തിലും കെ ടി ജലീൽ ഉയർത്തിയ വെല്ലുവിളിക്കും ശേഷം കുഞ്ഞാലിക്കുട്ടിക്കെതിരെ പാർട്ടിക്കുള്ളിൽ ആക്രമണത്തിൻ്റെ കുന്തമുന തീർത്ത നേതാവായിരുന്നു കെഎസ് ഹംസ.
സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കെ മുസ്ലിം ലീഗിൻ്റെ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന ഹൈദരലി തങ്ങളുടെ പേരിൽ ഹൈദരലി തങ്ങൾ ഫൗണ്ടേഷൻ രൂപീകരിക്കാൻ ഹംസ നേതൃത്വം നൽകിയിരുന്നു. മുസ്ലിം ലീഗിലെ അസംതൃപ്തരുടെ കൂട്ടായ്മ എന്ന നിലയിലായിരുന്നു അന്ന് ഹൈദരലി തങ്ങൾ ഫൗണ്ടേഷൻ്റെ രൂപീകരണം ചർച്ച ചെയ്യപ്പെട്ടത്. ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈനലി തങ്ങളായിരുന്നു ഫൗണ്ടേഷൻ്റെ ചെയർമാൻ. കെ എസ് ഹംസയായിരുന്നു കൺവീനർ. മുസ്ലിം ലീഗിൽ നിന്ന് നടപടി നേരിട്ട എംഎസ്എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, പി പി ഷൈജൽ തുടങ്ങിയവരും ഈ കൂട്ടായ്മിൽ അന്ന് പങ്കെടുത്തിരുന്നു. ഈ നിലയിൽ മുസ്ലിം ലീഗിലെ അസംതൃപ്തരായ വലിയ വിഭാഗവുമായി അടുപ്പമുള്ള നേതാവാണ് കെ എസ് ഹംസ.
മുസ്ലിം ലീഗിൽ നിന്നും പുറത്താക്കിയതിന് ശേഷം സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾക്കെതിരെയും ഹംസ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. സാദിഖലി തങ്ങൾ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീനവലയത്തിലാണെന്നും ഹംസ പരസ്യമായി വിമർശിച്ചിരുന്നു. സാദിഖലി തങ്ങളോട് വിയോജിപ്പുള്ള പാണക്കാട് കുടുംബാംഗങ്ങളുടെ പിന്തുണ ഉറപ്പിക്കാനുള്ള സ്വാധീനവും ഹംസയ്ക്കുണ്ട്. ഹൈദരലി തങ്ങളോട് അടുപ്പമുള്ള മുസ്ലിം ലീഗിലെയും സമസ്തയിലെയും വലിയൊരു വിഭാഗവുമായും ഹംസയ്ക്ക് ഉറ്റബന്ധമുണ്ട്. ഈ നിലയിൽ മുസ്ലിം ലീഗിനുള്ളിലും സമസ്തയ്ക്കുള്ളിലും സ്വാധീനം ചെലുത്താൻ ശേഷിയുള്ള ഹംസയുടെ വരവ് യഥാർത്ഥത്തിൽ മുസ്ലിം ലീഗിൻ്റെ ഔദ്യോഗിക നേതൃത്വത്തിനാണ് തലവേദനയാകുക.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റെന്ന മുസ്ലിം ലീഗിൻ്റെ ആവശ്യം കൂടിയാണ് ഇടതുസ്ഥാനാർത്ഥിയായുള്ള ഹംസയുടെ വരവോടെ സങ്കീർണ്ണമായിരിക്കുന്നത്. മുസ്ലിം ലീഗിന് മുന്ന് സീറ്റെന്ന ആവശ്യത്തിന്റെ ചുക്കാൻ തൻ്റെ കൈയ്യിലാണ് എന്ന നിലയിലാണ് ഇതുവരെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നത്. അതിനാൽ തന്നെ ഹംസയുടെ സ്ഥാനാർത്ഥിത്വത്തോടെ ലീഗ് അണികളിൽ ഉണ്ടായിരിക്കുന്ന ആശയക്കുഴപ്പം പരിഹരിക്കുന്നതിനും അവരെ ആവേശത്തിലാക്കുന്നതിനും മുസ്ലിം ലീഗിന് അടിയന്തരമായി ചെയ്യാൻ കഴിയുന്നത് മൂന്നാം സീറ്റിൽ അനുകൂല തീരുമാനം ഉണ്ടാക്കുകയെന്നാണ്. മൂന്നാം സീറ്റ് എന്ന ആവശ്യത്തിൽ വിട്ടുവീഴ്ച ചെയ്താൽ അത് വ്യക്തിപരമായി ലീഗിനുള്ളിൽ കുഞ്ഞാലിക്കുട്ടിക്ക് ക്ഷീണമായേക്കും. ഹംസയുടെ സ്ഥാനാർത്ഥിത്വവും മൂന്നാം സീറ്റ് നഷ്ടപ്പെടുന്ന സാഹചര്യവും നിർണ്ണായക തിരഞ്ഞെടുപ്പിലേയ്ക്ക് പോകുന്ന മുസ്ലിം ലീഗ് അണികളെ ഏത് നിലയിൽ ബാധിക്കുമെന്നത് എന്തായാലും നിർണ്ണായകമാണ്.
പൊന്നാനിയിൽ ഇ ടി മുഹമ്മദ് ബഷീറിനെക്കാൾ സമസ്തയുടെ അണികൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന സ്ഥാനാർത്ഥി ഹംസയാണെന്നതും മുസ്ലിം ലീഗിന് തലവേദനയായേക്കാം. ഈയൊരു സാഹചര്യത്തിൽ പൊന്നാനിയിൽ നിന്ന് ഇ ടിയെ മലപ്പുറത്തേയ്ക്കും സമസ്തയ്ക്ക് താമതമ്യേന സ്വീകാര്യനായ അബ്ദുസമദ് സമദാനിയെ പൊന്നാനിയിലേയ്ക്കും മാറ്റി മത്സരിപ്പിച്ചാലും അതിശയപ്പെടേണ്ടതില്ല.
മുസ്ലിം ലീഗിൽ ഉള്ളപ്പോൾ പിണറായി വിജയൻ-കുഞ്ഞാലിക്കുട്ടി ഒത്തുതീർപ്പ് എന്ന ആരോപണം ഉന്നയിച്ചിരുന്ന നേതാവ് കൂടിയാണ് കെ എസ് ഹംസ. കുഞ്ഞാലിക്കുട്ടി ബിജെപിയുമായും സിപിഐഎമ്മുമായി ഒത്തുതീർപ്പുണ്ടാക്കുന്നുവെന്ന് ഹംസ പരസ്യമായി ആരോപണം ഉന്നയിച്ചിരുന്നു. വിജിലൻസിനെ പേടിച്ച് പിണറായി വിജയനെയും ഇഡിയെ പേടിച്ച് ബിജെപിയെയും കുഞ്ഞാലിക്കുട്ടി വിമർശിക്കില്ലെന്നും കെ എസ് ഹംസ വിമർശിച്ചിരുന്നു. ഹംസയുടെ ഈ നിലയിലുള്ള മുൻനിലപാടുകളും പൊന്നാനിയിൽ ചർച്ചയാകും. കെ ടി ജലീലിനെതിരെയും ഹംസ വിമർശനം ഉന്നയിച്ചിരുന്നു. കെ ടി ജലീലും കുഞ്ഞാലിക്കുട്ടിയും തമ്മിൽ നടന്ന തർക്കങ്ങൾ പെട്ടെന്ന് അവസാനിച്ചതിന് പിന്നിൽ മറ്റുചില കളികൾ നടന്നു എന്നായിരുന്നു ഹംസയുടെ വിമർശനം. മുസ്ലിം ലീഗിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടും ഇത്തരം സമീപനം സ്വീകരിച്ചിരുന്ന ഹംസയെ പൊന്നാനിയിലെ ഇടതുപക്ഷ അനുഭാവികൾ എങ്ങനെ സ്വീകരിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
ലീഗിനെ സിപിഐഎമ്മിൻ്റെ പാളയത്തിൽ എത്തിക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ നീക്കത്തിനെതിരെ നിലപാടെടുക്കുന്ന നേതാവ് എന്ന നിലയിൽ കൂടിയാണ് അതൃപ്തരായ മുസ്ലിം ലീഗ് വിരുദ്ധരും സമസ്ത അണികളുമൊക്കെ ഹംസയോട് അനുഭാവം പ്രകടിപ്പിച്ചിരുന്നത്. ആ ഹംസ സിപിഐഎം പിന്തുണയോടെ മുസ്ലിം ലീഗിനെതിരെ മത്സരിക്കാൻ ഇറങ്ങുമ്പോൾ പഴയ പിന്തുണ ലീഗ്-സമസ്ത പാളയത്തിൽ നിന്ന് ഹംസയ്ക്ക് ലഭിക്കുമോ എന്നതും നിർണ്ണായകമാണ്. എന്തുതന്നെയായാലും കെ എസ് ഹംസ സ്ഥാനാർത്ഥിയാകുമെന്ന ചിത്രം തെളിഞ്ഞതോടെ പൊന്നാനിയിലെ രാഷ്ട്രീയ സാഹചര്യം കൂഴച്ചക്ക പോലെ കുഴഞ്ഞിട്ടുണ്ട്.