പി സി ജോർജ്ജിനെ വെട്ടാൻ സംസ്ഥാനഘടകത്തിൻ്റെ പട്ടികയിൽ പിഎസ് ശ്രീധരൻപിള്ള; പത്തനംതിട്ടയിൽ ആര്?

ഗവർണർ പദവി ഒഴിയാൻ ശ്രീധരൻപിള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്

dot image

കോഴിക്കോട്: പത്തനംതിട്ടയിൽ പി സി ജോർജ്ജ് ബിജെപി സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ പി എസ് ശ്രീധരൻപിള്ളയെയും ബിജെപി പത്തനംതിട്ടയിൽ പരിഗണിക്കുന്നു. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ പി എസ് ശ്രീധരൻപിള്ളയും ഇടം പിടിച്ചു. പി സി ജോർജിനെ പത്തനംതിട്ടയിൽ നിന്നും മത്സരിപ്പിക്കാനുള്ള കേന്ദ്ര നേതൃത്വത്തിൻ്റെ നീക്കത്തെ വെട്ടാനാണ് സംസ്ഥാനത്തിൻ്റെ പട്ടികയിൽ ശ്രീധരൻപിള്ളയെ ഒന്നാം പേരുകാരനായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഗവർണർ പദവി ഒഴിയാൻ ശ്രീധരൻപിള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒക്ടോബറിൽ ശ്രീധരൻപിള്ളയുടെ കാലാവധി അവസാനിക്കും.

പത്തനംതിട്ടയിലെ പട്ടികയിൽ കുമ്മനം രാജശേഖരൻ്റെ പേര് ഇടംപിടിച്ചിട്ടില്ല. പി സി ജോർജോ കുമ്മനം രാജശേഖരനോ ആയിരിക്കും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥിയെന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ. കൊല്ലത്തും പത്തനംതിട്ടയിലും ശോഭ സുരേന്ദ്രനും ബിജെപി പരിഗണനാ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. 2019ൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച കെ സുരേന്ദ്രൻ പത്തനംതിട്ടയിൽ 2,97,396 വോട്ടുകൾ നേടിയിരുന്നു. ബിജെപിയെ സംബന്ധിച്ച് സംസ്ഥാനത്ത് പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട.

പാർട്ടി നിർദ്ദേശിച്ചാൽ സ്ഥാനാർത്ഥിയാകുമെന്ന് ബിജെപി നേതാവ് പി സി ജോർജ് നേരത്തെ പ്രതികരിച്ചിരുന്നു. പത്തനംതിട്ട ബിജെപിയുടെ സുരക്ഷിത മണ്ഡലമാണെന്നും പി സി ജോർജ് പറഞ്ഞിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി ആരാകണം എന്ന കാര്യത്തിൽ ബിജെപിയിൽ ഭിന്നാഭിപ്രായമുണ്ടെന്നും റിപ്പോർട്ടുണ്ടായിരുന്നു. പത്തനംതിട്ടയിൽ നായർ സ്ഥാനാർഥി മതിയെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. എന്നാൽ, ഇവിടെ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ നിർത്തി പരീക്ഷണത്തിന് മുതിരാനാണ് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശമെന്നും റിപ്പോർട്ടുണ്ടായിരുന്നു. അടുത്തിടെ പാർട്ടിയിലെത്തിയ പി സി ജോർജിന്റെ ദേശീയ നേതൃത്വം പത്തനംതിട്ടയിലെ സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്തതിരുന്നുവെന്നും വാർത്തകളുണ്ടായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us