പൂനെ: മനുഷ്യന്റെ ജീവനും സ്വത്തിനും നാശമുണ്ടാക്കുന്ന വന്യജീവികളെ കൊന്നുതന്നെ നിയന്ത്രിക്കണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്ഗില്. വന്യജീവികളെ കൊല്ലുക മാത്രമല്ല, അതിന്റെ മാംസം കഴിക്കാന് താല്പര്യമുള്ളവര്ക്ക് അതിനുള്ള അനുമതി നല്കണമെന്നും മാധവ് ഗാഡ്ഗില് പറയുന്നു. മലയാള മനോരമ ദിനപത്രത്തില് എഴുതിയ 'നയമുണ്ടെങ്കില് നേരിടാം' എന്ന ലേഖനത്തിലാണ് മാധവ് ഗാഡ്ഗില് ഇക്കാര്യങ്ങള് വിശദീകരിച്ചത്.
കേരളത്തിലെ വന്യജീവി പ്രശ്നത്തിന് സര്ക്കാര് ഉടനടി ചെയ്യേണ്ടത് കാട്ടുപന്നി, മുള്ളന്പന്നി, മാന് തുടങ്ങി കൃഷി നശിപ്പിക്കുന്ന ജീവികളെ വെടിവച്ചു കൊല്ലാനുള്ള പൂര്ണ അനുമതി കര്ഷകര്ക്കു നല്കുകയാണെന്നും മനുഷ്യനെ കൊല്ലുന്ന ആന, കടുവ, കാട്ടുപോത്ത് എന്നിവയെ 24 മണിക്കൂറിനുള്ളില് വെടിവയ്ക്കാനുള്ള ഉത്തരവ് സര്ക്കാര് നല്കണമെന്നും മാധവ് ഗാഡ്ഗില് വിശദീകരിച്ചു. പരിഷ്കൃത രാജ്യങ്ങളിലെല്ലാം ഇത്തരം രീതികള് ഉണ്ടെങ്കിലും ഇന്ത്യയില് അതിന് തടസ്സമാകുന്നത് ഭരണഘടനാവിരുദ്ധമായ 1972ലെ വന്യജീവി സംരക്ഷണനിയമമാണെന്നും അത് പിന്വലിച്ചേ തീരൂവെന്നുമാണ് മാധവ് ഗാഡ്ഗില് ആവശ്യപ്പെടുന്നത്.
നേരത്തെ മാതൃഭൂമി ദിനപത്രത്തില് മാധവ് ഗാഡ്ഗില്, വിനോദ് പയ്യട എന്നിവര് ചേര്ന്ന് എഴുതിയ ലേഖനത്തിലും ഇക്കാര്യങ്ങള് അദ്ദേഹം വിശദീകരിച്ചിരുന്നു.
കാടിറങ്ങിവരുന്ന ആനകളെയും കടുവകളെയും നേരിടുന്നതിനായി വെടിവെച്ചുകൊല്ലുകയോ പരിക്കേല്പിക്കുകയോ ചെയ്യാന് വനംവകുപ്പ് തയ്യാറാകണമെന്നും മൃഗങ്ങളെ വെടിവെക്കാന് അനുമതിയുള്ള വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് പ്രയോഗിക്കുന്നതിന് വനംവകുപ്പ് ഇനിയും മടിക്കരുതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
കാട്ടുപന്നിയെപ്പോലുള്ള ചെറു ക്ഷുദ്ര ജീവികളെ സ്വയംരക്ഷയ്ക്കായി നേരിടാന് സാധാരണ ജനങ്ങള്ക്ക് കഴിയുമെങ്കിലും ആന, കടുവ, പുലി തുടങ്ങിയ വന്യജീവികളെ നേരിടുന്നതിന് വനംവകുപ്പിന് ഉത്തരവാദിത്തമുണ്ട്. വന്യജീവി സംരക്ഷണ നിയമത്തിലെ 11(2) വകുപ്പ് (വെടിവെച്ചുകൊല്ലുകയോ പരിക്കേല്പിക്കുകയോ ചെയ്യുക) പ്രയോഗിക്കാന് വനംവകുപ്പിന് അതിന്റെ ബ്യൂറോക്രാറ്റിക് സംവിധാനം കാരണം കഴിയുന്നില്ല. പ്രസ്തുത വകുപ്പ് പ്രയോഗിക്കുന്നതിനും അതിന് അധികാരമുള്ള ഉദ്യോഗസ്ഥനെ വയനാട്ടില് നിയമിക്കുന്നതിനും ഇനിയും മടിച്ചാല് ജനങ്ങള് വനത്തിനും പരിസ്ഥിതിയ്ക്കും എതിരായിത്തീരുന്ന നിലവരുമെന്നും അദ്ദേഹം വിശദീകരിച്ചു.
വന്യജീവി വേട്ടകള് അവസാനിച്ചത് വന്യജീവികളുടെ എണ്ണം ക്രമാതീതമായി പെരുകുന്നതിന് കാരണമായി എന്നും അദ്ദേഹം വിലയിരുത്തുന്നുണ്ട്. ആനവേട്ട പൂര്ണമായും നിലച്ചാല് അവയുടെ എണ്ണം തീര്ച്ചയായും സ്ഫോടനാത്മകമാകും എന്നാണ് ഗാഡ്ഗില് പറയുന്നത്. കേരളത്തിലെ മനുഷ്യ വന്യജീവി സംഘര്ഷങ്ങള് കൂടുതല് രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് മാധവ് ഗാഡ്ഗിലിന്റെ ലേഖനങ്ങള് പ്രസിദ്ധീകരിക്കപ്പെട്ടത്.
പശ്ചിമഘട്ട സംരക്ഷണത്തിനുള്ള നിര്ദേശങ്ങള് തയ്യാറാക്കുന്നതിനായി രണ്ടാം യുപിഎ സര്ക്കാര് നിയോഗിച്ച പശ്ചിമഘട്ട വിദഗ്ധ സമിതിയുടെ ചെയര്മാനായിരുന്നു പ്രൊഫ. മാധവ് ഗാഡ്ഗില്. 2011 ല് കമ്മീഷന് സമര്പ്പിച്ച റിപ്പോര്ട്ടിലെ ശുപാര്ശകള്ക്കെതിരെ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് പശ്ചിമഘട്ട മേഖലകളിലെ ജനവാസ പ്രദേശങ്ങളില് നടന്നിരുന്നത്. മനുഷ്യജീവിത്തിന് തടസ്സം സൃഷ്ടിക്കുന്ന വിധത്തില് തീവ്രമായ പാരിസ്ഥിതിക നിലപാടുകള് ഉയര്ത്തിപ്പിടിക്കുന്ന ആളെന്നാരോപിക്കപ്പെട്ടാണ് അന്ന് കേരളത്തിലെ മലയോരങ്ങളില് മാധവ് ഗാഡ്ഗിലിനെതിരായ പ്രതിഷേധങ്ങള് ആളിക്കത്തിയത്. അതേ മാധവ് ഗാഡ്ഗില് തന്നെയാണ് സാമ്പ്രദായിക പരിസ്ഥിതി വാദികളുടെ നിലപാടുകള്ക്ക് നേര്വിപരീതമായ വിധത്തില് വനമേഖലയിലെ പ്രശ്നങ്ങള്ക്കുള്ള പരിഹാരങ്ങള് ഇപ്പോള് നിര്ദേശിക്കുന്നതെന്നതാണ് കൗതുകകരമാകുന്നത്.