കൊയിലാണ്ടി:സിപിഐഎം കൊയിലാണ്ടി ലോക്കല്‍ സെക്രട്ടറി പി വി സത്യനാഥന് കൊലപാതക കേസ് പ്രതി അഭിലാഷ് പാര്‍ട്ടിക്ക് നിരക്കാത്ത പ്രവര്‍ത്തനം നടത്തിയയാളെന്ന് കാനത്തില്‍ ജമീല എം എല്‍ എ. ഇയാള്‍ നേരത്തെ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. പാര്‍ട്ടിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ ആയതുകൊണ്ട് പുറത്താക്കുകയായിരുന്നു. കൊലപാതകത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണെന്നും കാനത്തില്‍ ജമീല മാധ്യമങ്ങളോട് പ്രതികരിച്ചു. ജീവന് എടുക്കേണ്ടിയിരുന്ന ഒരു പ്രവര്‍ത്തനവും സഖാവ് സത്യേട്ടന്റെ ഭാഗത്ത് നിന്നും വരില്ലെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
'പ്രതിയെ സ്വഭാവദൂഷ്യത്തിന് പാര്‍ട്ടി പുറത്താക്കിയിരുന്നു. സിപിഐഎം നിയന്ത്രണത്തിലെ പാലിയേറ്റീവ് ആംബുലന്‍സിലെ ഡ്രൈവര്‍ ജോലിയില്‍ നിന്നും പുറത്താക്കി. കൊലപാതകത്തിന് തക്കതായ കാരണമില്ല. സത്യന് പ്രദേശത്തെ സൗമ്യ സാന്നിധ്യമായിരുന്നു.' എംഎല്‍എ പറഞ്ഞു. പ്രതി അഭിലാഷിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാവുമെന്നാണ് സൂചന.
കൊയിലാണ്ടി കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു, അറസ്റ്റ് ഉടൻപ്രതി കുറ്റം സമ്മതിച്ചതായും ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും വടകര ഡിവൈഎസ്പി പറഞ്ഞു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.
പ്രതി അഭിലാഷ് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. ഇതിനെ സത്യനാഥന് പലവട്ടം ചോദ്യം ചെയ്തതാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. അഭിലാഷിന്റെ ലഹരി ഉപയോഗത്തെ സത്യനാഥന് എതിര്‍ത്തിരുന്നു. ഇക്കാര്യത്തില്‍ ഇരുവരും തമ്മില്‍ പലതവണ സംസാരമുണ്ടായതായും സൂചനയുണ്ട്. ഇരുവരുടെയും വീടുകള്‍ അടുത്തടുത്താണ്. അഭിലാഷ് ലഹരി മാഫിയയില്‍ ഉള്‍പെട്ടയാളാണ് എന്നാണ് വിവരം. ഇയാളുടെയും സംഘത്തിന്റെയും ലഹരി ഉപയോഗം സത്യന് നിരന്തരം ചോദ്യം ചെയ്തത് അഭിലാഷിനെ ചൊടിപ്പിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിലവിലെ നിഗമനം.