കൊയിലാണ്ടി കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു, അറസ്റ്റ് ഉടൻ

സംഭവസ്ഥലത്ത് വിശദമായ അന്വേഷണം നടത്തും. കൃത്യത്തിൽ അഭിലാഷിന് മാത്രമാണ് പങ്കുള്ളതെന്നും പൊലീസ് .

dot image

കോഴിക്കോട്: സിപിഐഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്റെ കൊലപാതകത്തിൽ പ്രതി അഭിലാഷിന്റെ അറസ്റ്റ് ഉടനുണ്ടാകും. പ്രതി കുറ്റം സമ്മതിച്ചതായും ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്നും വടകര ഡിവൈഎസ്പി പറഞ്ഞു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.

സംഭവസ്ഥലത്ത് വിശദമായ അന്വേഷണം നടത്തും. കൃത്യത്തിൽ അഭിലാഷിന് മാത്രമാണ് പങ്കുള്ളതെന്നും പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് സത്യനാഥൻ കൊല്ലപ്പെട്ടത്.

പ്രതി അഭിലാഷ് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. ഇതിനെ സത്യനാഥൻ പലവട്ടം ചോദ്യം ചെയ്തതാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. അഭിലാഷിന്റെ ലഹരി ഉപയോഗത്തെ സത്യനാഥൻ എതിർത്തിരുന്നു. ഇക്കാര്യത്തിൽ ഇരുവരും തമ്മിൽ പലതവണ സംസാരമുണ്ടായതായും സൂചനയുണ്ട്. ഇരുവരുടെയും വീടുകൾ അടുത്തടുത്താണ്. അഭിലാഷ് ലഹരി മാഫിയയിൽ ഉൾപെട്ടയാളാണ് എന്നാണ് വിവരം. ഇയാളുടെയും സംഘത്തിന്റെയും ലഹരി ഉപയോഗം സത്യൻ നിരന്തരം ചോദ്യം ചെയ്തത് അഭിലാഷിനെ ചൊടിപ്പിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിലവിലെ നിഗമനം. രണ്ട് വർഷം മുൻപ് അഭിലാഷ് സത്യൻ്റെ വീട് ആക്രമിച്ചിരുന്നതായും വിവരമുണ്ട്.

2015ലാണ് അഭിലാഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിലുള്ള എതിർപ്പും അഭിലാഷിനുണ്ടായിരുന്നു. സിപിഐഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് പി വി സത്യനാഥൻ (62). കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു കൊലപാതകം. ഗാനമേള നടക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചായിരുന്നു ആക്രമണം. നാലിലേറെ വെട്ടേറ്റിരുന്നു. കഴുത്തിലും മുതുകിലും ആഴത്തിൽ മുറിവേറ്റിരുന്നു. സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആസൂത്രിതമായ കൃത്യമാണ് നടന്നതെന്ന് പൊലീസ് പറയുന്നു.

കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ അരിക്കുളം, കീഴരിയൂർ, കൊയിലാണ്ടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി എന്നിവിടങ്ങളിൽ സിപിഐഎം ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us