ബസിൽ നിന്ന് ഗന്ധം, പുക; ഡ്രൈവറുടെ ശ്രദ്ധ രക്ഷയായി, യാത്രക്കാരെ ഇറക്കി; ഒഴിവായത് വൻ ദുരന്തം

യാത്ര ആരംഭിച്ചതിന് ശേഷം പല തവണ ബസ്സിൽ നിന്നും പ്രത്യേക ഗന്ധം അനുഭവപ്പെട്ടിരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടിരുന്നു. പുക ഉയർന്നതോടെ ദേശീയ പാതയിൽ എംഎസ്എം കോളജിന് സമീപം ബസ് നിർത്തി.

dot image

കായംകുളം: ആലപ്പുഴ കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി വെസ്റ്റിബ്യൂൾ ബസ് തീ പിടിച്ച് കത്തി നശിച്ചു. കരുനാഗപ്പള്ളി - തോപ്പുംപടി റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസിനാണ് തീ പിടിച്ചത്. അപകട സമയത്ത് 54 യാത്രക്കാർ ബസിൽ ഉണ്ടായിരുന്നെങ്കിലും എല്ലാവരും പരിക്ക് എൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ കുറിച്ച് കെഎസ്ആർടിസി വിജിലൻസ് - മെക്കാനിക്കൽ വിഭാഗങ്ങൾ അന്വേഷണം ആരംഭിച്ചു.

കരുനാഗപ്പള്ളിയിൽ നിന്ന് പുറപ്പെട്ട വെസ്റ്റിബ്യൂൾ ബസ് കായംകുളത്ത് എത്തിയതിന് പിന്നാലെയാണ് പുക ഉയർന്നത്. യാത്ര ആരംഭിച്ചതിന് ശേഷം പല തവണ ബസ്സിൽ നിന്നും പ്രത്യേക ഗന്ധം അനുഭവപ്പെട്ടിരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടിരുന്നു. പുക ഉയർന്നതോടെ ദേശീയ പാതയിൽ എംഎസ്എം കോളജിന് സമീപം ബസ് നിർത്തി. യാത്രക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ട് നിമിഷങ്ങൾക്കമാണ് തീ ആളിപ്പടർന്നത്. ഡ്രൈവറും കണ്ടക്ടറും അവസരോചിതമായി ഇടപെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

മിനിറ്റുകൾക്കകം ബസ് പൂർണമായും കത്തി നശിച്ചു. ഫയർഫോഴ്സും പൊലീസും ചേർന്ന് ഒരു മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. ദീർഘദൂര റൂട്ടിൽ സർവീസ് നടത്തുന്ന കാലപ്പഴക്കം ചെന്ന ബസ്സിലുണ്ടായ ഷോട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ നിർദേശം നൽകിയതായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ റിപ്പോർട്ടറിനോട് പറഞ്ഞു.

കെഎസ്ആർടിസി വിജിലൻസ് വിഭാഗവും മെക്കാനിക്കൽ വിഭാഗവുമാകും അപകടം സംബന്ധിച്ച് അന്വേഷണം നടത്തുക. ഫയർ ഫോഴ്സിൻ്റെ നടപടികൾ പൂർത്തീകരിച്ച ബസ് മാവേലിക്കര ഡിപ്പോയിലേക്ക് മാറ്റി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us