ആസന്നമായ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തും തൃശ്ശൂരിലും രാമക്ഷേത്രവും രാജ്യസുരക്ഷയും ഏശില്ലെന്ന് ഉറപ്പിച്ച് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ. തിരുവനന്തപുരത്ത് സർവ്വെയിൽ പങ്കെടുത്തവരിൽ 5.7 ശതമാനം മാത്രമാണ് രാമക്ഷേത്രം തിരഞ്ഞെടുപ്പ് വിഷയമാണെന്ന് അഭിപ്രായപ്പെട്ടത്. തൃശ്ശൂരിൽ 2.3 ശതമാനം പേർ രാമക്ഷേത്രം തിരഞ്ഞെടുപ്പ് വിഷയമാണെന്ന് പറഞ്ഞു. രാജ്യസുരക്ഷ പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണെന്ന് തിരുവനന്തപുരത്ത് 4 ശതമാനം പേരും തൃശ്ശൂരിൽ 2.9 ശതമാനവും പേരും അഭിപ്രായപ്പെട്ടു.
സ്ഥാനാർത്ഥിയുടെ വ്യക്തിത്വം പ്രധാന തിരഞ്ഞെടുപ്പ് വിഷയമെന്ന് തിരുവനന്തപുരത്ത് കൂടുതൽ പേർ അഭിപ്രായപ്പെട്ടപ്പോൾ തൃശ്ശൂരിൽ കൂടുതൽ പേർ പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി ചൂണ്ടിക്കാണിച്ചത് വികസന പ്രവർത്തനങ്ങളാണ്. തിരുവനന്തപുരത്ത് 24.1 ശതമാനം സ്ഥാനാർത്ഥിയുടെ വ്യക്തിത്വം പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ തൃശ്ശൂരിൽ 38 ശതമാനം വികസന പ്രവർത്തനങ്ങൾ പ്രധാനതിരഞ്ഞെടുപ്പ് വിഷയമാണെന്ന് ചൂണ്ടിക്കാണിച്ചു. തിരുവനന്തപുരത്ത് 21.7 ശതമാനം പേരാണ് വികസന പ്രവർത്തനങ്ങളെ പിന്തുണച്ചത്. സ്ഥാനാർത്ഥിയുടെ വ്യക്തിത്വം പ്രധാനഘടകമെന്ന് തൃശ്ശൂരിൽ 27.3 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്.
വിലക്കയറ്റം പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വിഷയമാണെന്ന് 22.3 ശതമാനം പേരാണ് തിരുവനന്തപുരത്ത് അഭിപ്രായപ്പെട്ടത്. എന്നാൽ തൃശ്ശൂരിൽ 15.8 ശതമാനം പേർ മാത്രമാണ് വിലക്കയറ്റം പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി കാണുന്നത്. തൊഴിലില്ലായ്മ പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണെന്ന് തിരുവനന്തപുരത്ത് 11.8 ശതമാനം ആളുകളും തൃശ്ശൂരിൽ 6.1 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നു. അഴിമതി പ്രധാനവിഷയമെന്ന് തിരുവനന്തപുരത്ത് 9.4 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പൊൾ തൃശ്ശൂരിൽ 46.4 ശതമാനമാണ് സമാനമായ അഭിപ്രായം പങ്കുവെച്ചത്. അറിയില്ലെന്ന് തിരുവനന്തപുരത്ത് 1 ശതമാനവും തൃശ്ശൂരിൽ 1.2 ശതമാനവും അഭിപ്രായപ്പെട്ടു.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില് ശക്തമായ ത്രികോണ മത്സരം പ്രവചിക്കുന്ന തിരുവനന്തപുരം മണ്ഡലം യുഡിഎഫിനെ കൈവിടില്ലെന്ന് റിപ്പോര്ട്ടര് മെഗാ പ്രീപോള് സര്വ്വെ. 44.8 ശതമാനം ആളുകളാണ് സര്വ്വെയില് യുഡിഎഫിന് വോട്ട് ചെയ്തത്. എല്ഡിഎഫും ബിജെപിയും തമ്മില് ഇഞ്ചോടിഞ്ച് പോരാട്ടവും സര്വ്വെ പ്രവചിക്കുന്നുണ്ട്. 29.5 ശതമാനം ആളുകള് ബിജെപിയെ പിന്തുണച്ചപ്പോള് 25.7 ശതമാനം പേരാണ് എല്ഡിഎഫിനൊപ്പം നിന്നത്. അറിയില്ലെന്ന് ആരും അഭിപ്രായം രേഖപ്പെടുത്തിയില്ല.
ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില് ഏറ്റവും കടുത്ത ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന തൃശൂര് മണ്ഡലത്തില് ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് റിപ്പോര്ട്ടര് സര്വ്വെ. മൂന്ന് മുന്നണികള്ക്കും നിര്ണായകമായ മണ്ഡലം യുഡിഎഫിനൊപ്പം നില്ക്കുമെന്നാണ് സര്വ്വെ പ്രവചിക്കുന്നത്. തൊട്ടുപിന്നില് നേരിയ വ്യത്യാസത്തില് ബിജെപിയുണ്ടെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. സര്വ്വെയില് പങ്കെടുത്ത 34.6 ശതമാനം പേരാണ് യുഡിഎഫിനെ പിന്തുണച്ചത്. ബിജെപിക്ക് 33.5 ശതമാനം ആളുകളുടെ പിന്തുണയുണ്ട്. 31.9 ശതമാനം പേരാണ് തൃശൂരില് എല്ഡിഎഫ് വരുമെന്ന് അഭിപ്രായപ്പെട്ടത്.
2024 ജനുവരി 28 മുതല് ഫെബ്രുവരി എട്ട് വരെയുള്ള ജനാഭിപ്രായങ്ങളാണ് സര്വ്വെയില് ഉള്ക്കൊള്ളിച്ചിരിക്കുന്നത്. തിരുവനന്തപുരം തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ 19,223 വോട്ടര്മാര് വീതം പങ്കാളികളായ സാമ്പിള് സര്വ്വെയിലൂടെയാണ് മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ചിരിക്കുന്നത്.