തിരുവനന്തപുരം: സിപിഐ സർവ്വീസ് സംഘടനകളുടെ എതിർപ്പ് അവഗണിച്ച് മന്ത്രി പി പ്രസാദിന്റെ സ്റ്റാഫിൽ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി നിയമനം. കോൺഗ്രസ് അനുഭാവിയാണെന്ന് സിപിഐ സംഘടനകൾ പരാതിപ്പെട്ട ഉദ്യോഗസ്ഥനെയാണ് പി പ്രസാദ്, സ്റ്റാഫിൽ ഉൾപ്പെടുത്തിയത്.
ജോയിന്റ് കൗൺസിൽ അടക്കമുള്ള സർവ്വീസ് സംഘടനകൾ സിപിഐ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയെങ്കിലും ഫലം ഉണ്ടായില്ല. സിപിഐ സംഘടനാ പ്രവർത്തകനായിരുന്ന അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജ്മോഹനെ നീക്കിയാണ് പൊതുഭരണവകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി സാബിർ ഹുസൈനെ മന്ത്രിയുടെ സ്റ്റാഫിൽ ഉൾപ്പെടുത്തിയത്.
രണ്ട് മാസം മാത്രം സർവ്വീസുള്ള സാബിർ ഹുസൈന് പുനർനിയമനം നൽകുമ്പോൾ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും സിപിഐ സംഘടനകൾ ബിനോയ് വിശ്വത്തിന് പരാതി നൽകിയിരുന്നു. കഴിവുള്ള ഉദ്യോഗസ്ഥനാണ് സാബിർ എന്നാണ് പി പ്രസാദ് പ്രതികരിച്ചത്.