തൃശ്ശൂര്: മലക്കപ്പാറയിൽ ഭൂമിക്ക് വേണ്ടി സമരം ചെയ്ത ആദിവാസി മൂപ്പനെ വനം വകുപ്പ് ഉദ്യോഗസ്ഥര് മര്ദ്ദിച്ചെന്ന പരാതിയിൽ അടിയന്തര റിപ്പോര്ട്ട് സമര്പ്പിക്കാന് വനം വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രൻ ആവശ്യപ്പെട്ടു. വനം വകുപ്പ് വിജിലന്സ് & ഫോറസ്റ്റ് ഇന്റലിജന്സ് അഡീഷണല് പ്രിന്സിപ്പല് ചീഫ് ഫോറസ്റ്റ് കണ്സര്വേറ്റിങ്ങ് ഉദ്യോഗസ്ഥരോടാണ് മന്ത്രി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്.
ആരോപണം ശ്രദ്ധയില്പ്പെട്ട ഇന്നലെ തന്നെ ആദിവാസികള്ക്കെതിരെ എന്തെങ്കിലും നടപടി ഉദ്യോഗസ്ഥർ എടുത്തിട്ടുണ്ടെങ്കിൽ അത് നിർത്തി വെക്കാനും മന്ത്രി നിർദ്ദേശം നൽകി. റിപ്പോര്ട്ട് ലഭിച്ചാല് പരിശോധിച്ച് ഉചിതമായ തുടര് നടപടികള് സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
'മരുന്ന് വേണ്ട, വാക്സിനെടുക്കരുത്'; ക്യാന്സറിനും വന്ധ്യതയ്ക്കും ചികിത്സയുണ്ടെന്ന് അവകാശവാദംഅതിരപ്പിള്ളി മലക്കപ്പാറ വീരന്കുടി ഊര് മൂപ്പന് വീരനാണ് മർദ്ദനമേറ്റത്. പരുക്കേറ്റ മൂപ്പനെ ചാലക്കുടി താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചു. ഊരിലുള്ളവര്ക്ക് മലക്കപ്പാറയ്ക്കടുത്ത് ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് മൂപ്പന്റെ നേതൃത്വത്തില് നാല് ദിവസമായി സമരം ചെയ്തു വരികയായിരുന്നു. സമരം ചെയ്യുന്ന സ്ഥലത്തു നിന്ന് മാറാന് ആവശ്യപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥര് മര്ദ്ദിക്കുകയായിരുന്നുവെന്ന് മൂപ്പന് പറഞ്ഞു. വീരന്കുടി ഊരിലുള്ളവര്ക്ക് മലക്കപ്പാറക്കടുത്ത് സ്ഥലം അനുവദിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും തുടര് നടപടിയുണ്ടായിരുന്നില്ല.