രാമക്ഷേത്രവും രാജ്യസുരക്ഷയും രാഷ്ട്രീയ വിഷയമല്ലെന്ന് കേരളം; റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ

വികസന പ്രവർത്തനങ്ങളാണ് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം ഏറ്റവും പ്രാധാന്യത്തോടെ ചർച്ച ചെയ്യുകയെന്നാണ് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്

dot image

രാമക്ഷേത്രവും രാജ്യസുരക്ഷയും രാഷ്ട്രീയ വിഷയമായി വലിച്ചിഴക്കില്ലെന്ന് കേരളം. റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയിൽ പങ്കെടുത്തവരിൽ ചെറിയൊരു ശതമാനം മാത്രമാണ് അയോധ്യയിലെ രാമക്ഷേത്രവും രാജ്യസുരക്ഷയും പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സർവ്വെയിൽ പങ്കെടുത്തവരിൽ 2.6 ശതമാനം മാത്രമാണ് രാമക്ഷേത്രം പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണെന്ന് അഭിപ്രായപ്പെട്ടത്. രാജ്യസുരക്ഷ പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി ചൂണ്ടിക്കാണിച്ചത് 1.3 ശതമാനമാണ്.

വികസന പ്രവർത്തനങ്ങളാണ് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം ഏറ്റവും പ്രാധാന്യത്തോടെ ചർച്ച ചെയ്യുകയെന്നാണ് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്. 35.2 ശതമാനമാണ് വികസനപ്രവർത്തനം പ്രധാനമാണെന്ന് അഭിപ്രായപ്പെട്ടത്. സ്ഥാനാർത്ഥിയുടെ വ്യക്തിത്വം പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി ചൂണ്ടിക്കാണിക്കുന്ന 19.3 ശതമാനം പേരാണ് സർവ്വെയിൽ പങ്കെടുത്തത്. വിലക്കയറ്റം പ്രധാന തിരഞ്ഞെടുപ്പ് വിഷയമാകുമെന്ന് 16.7 ശതമാനം പേർ അഭിപ്രായപ്പെട്ടു. തൊഴിലില്ലായ്മ പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി മാറുമെന്ന് 10.4 ശതമാനം പേരാണ് വ്യക്തമാക്കിയത്. 7.5 ശതമാനം പേർ അഴിമതി പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണെന്ന് ചൂണ്ടിക്കാണിച്ചു. അറിയില്ലെന്ന് അഭിപ്രായപ്പെട്ടത് 7 ശതമാനം പേരാണ്.

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മേൽക്കൈ ആണ് സർവ്വെ പ്രവചിക്കുന്നത്. യുഡിഎഫ് 15 സീറ്റുകൾ നേടുമെന്നും എൽഡിഎഫ് അഞ്ച് സീറ്റുകളിൽ വിജയിക്കുമെന്നുമാണ് സർവ്വെ വ്യക്തമാക്കുന്നത്. ബിജെപിക്ക് കേരളത്തിൽ ഇത്തവണയും അക്കൗണ്ട് തുറക്കാനാവില്ലെന്നും സർവ്വെ പ്രവചിക്കുന്നു.

യുഡിഎഫിൻ്റെ അഞ്ച് സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയുടെ പ്രവചനം. ഈ മണ്ഡലങ്ങളിൽ എൽഡിഎഫ് വിജയിക്കുമെന്നാണ് സർവ്വെ വ്യക്തമാക്കുന്നത്. അതേസമയം എൽഡിഎഫിന് 2019ൽ ലഭിച്ച ഏകസീറ്റായ ആലപ്പുഴ ഇത്തവണ യുഡിഎഫ് തിരിച്ച് പിടിക്കും. 2019ൽ എൽഡിഎഫിൻ്റെ കൈയ്യിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്ത കാസർകോട്, കണ്ണൂർ, ആലത്തൂർ, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിൽ കാസർകോട്, കണ്ണൂർ എന്നിവ എൽഡിഎഫ് തിരിച്ചു പിടിക്കും. അതേ സമയം ആലത്തൂർ, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങൾ ഇത്തവണയും യുഡിഎഫ് നിലനിർത്തും. 2019ൽ യുഡിഎഫിൻ്റെ ഭാഗമായി കോട്ടയത്ത് നിന്നും മത്സരിച്ച് ജയിച്ച കേരള കോൺഗ്രസ് മാണി വിഭാഗത്തെ ഇത്തവണ പാളയം മാറി ഇടതുമുന്നണിയ്ക്ക് വേണ്ടി മത്സരിക്കാനിറങ്ങുമ്പോൾ കാത്തിരിക്കുന്നത് പരാജയമാണെന്നും റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ പ്രവചിക്കുന്നു. ബിജെപി വലിയ പ്രതീക്ഷ വെച്ചുപുലർത്തുന്ന തൃശ്ശൂരും തിരുവനന്തപുരത്തും ഇത്തവണയും ബിജെപി വിജയിക്കില്ലെന്നും സർവ്വെ വ്യക്തമാക്കുന്നു.

കൊല്ലം, ആറ്റിങ്ങൽ, മലപ്പുറം, വയനാട്, പൊന്നാനി, ഇടുക്കി, കോഴിക്കോട്, ആലപ്പുഴ, ചാലക്കുടി, പാലക്കാട്, എറണാകുളം, കോട്ടയം, ആലത്തൂർ, തിരുവനന്തപുരം, തൃശൂർ, മണ്ഡലങ്ങളിൽ യുഡിഎഫ് വിജയം നേടുമെന്നാണ് സർവ്വെ പ്രവചിക്കുന്നത്. കാസർകോട്, മാവേലിക്കര, പത്തനംതിട്ട, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ എൽഡിഎഫ് വെന്നിക്കൊടി പാറിക്കുമെന്നും സർവ്വെ വ്യക്തമാക്കുന്നു.

dot image
To advertise here,contact us
dot image