തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ പന്ന്യൻ രവീന്ദ്രൻ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായതോടെ ശക്തമായ മത്സരം കാഴ്ച വെയ്ക്കാമെന്ന പ്രതീക്ഷയിൽ ഇടതുമുന്നണി. മണ്ഡലത്തിലെ മുൻ എം പി കൂടിയായ പന്ന്യനെ പറ്റി എതിരഭിപ്രായങ്ങളില്ലാത്തതും ആർക്കും എപ്പോഴും സമീപിക്കാവുന്ന വ്യക്തിയെന്നതുമാണ് പന്ന്യനിൽ ഇടത് മുന്നണി കാണുന്ന നേട്ടം. സിപിഐഎം കേന്ദ്രങ്ങളും പന്ന്യന്റെ സ്ഥാനാർത്ഥിത്വത്തിൽ സന്തോഷത്തിലാണ്.
ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനെന്ന് ഉറപ്പിച്ചാണ് ഇടതുമുന്നണി പ്രചാരണത്തിലേക്ക് നീങ്ങുന്നത്. ചുവരെഴുത്തിൽ പേരില്ലെങ്കിലും ചിഹ്നം വരച്ച് തയാറായിരിക്കുകയാണ് സിപിഐഎം പ്രവർത്തകർ. 2009 മുതലുളള തുടർച്ചയായ തോൽവിയുടെ നാണക്കേട് പന്ന്യൻ രവീന്ദ്രനിലൂടെ കഴുക്കിക്കളയാമെന്ന പ്രതീക്ഷയിലാണ് തലസ്ഥാനത്തെ ഇടതുമുന്നണി.
സിപിഐ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ 41.19 ശതമാനം വോട്ടാണ് നേടിയത്. ബിജെപിക്ക് 31.3 ശതമാനം വോട്ട് ലഭിച്ചപ്പോൾ ഇടത് മുന്നണിക്ക് കിട്ടിയത് 25.6 ശതമാനം വോട്ടുമാത്രമാണ്. ഈ വ്യത്യാസം മറികടക്കുകയാണ് എല്ഡിഎഫിന് മുന്നിലുളള കടമ്പ. അവിടെയാണ് സ്ഥാനാർത്ഥിയുടെ മികവ് അടക്കം പരീക്ഷിക്കപ്പെടാൻ പോകുന്നത്.
പന്ന്യൻ സ്ഥാനാർത്ഥിയാകുമെന്ന വിവരം പുറത്തുവന്നതോടെ സിപിഐഎം-സിപിഐ കേന്ദ്രങ്ങളിലും മുന്നണിയിൽ പൊതുവായും ആത്മവിശ്വാസം കെെവന്നിട്ടുണ്ട്. ഈ ആത്മവിശ്വാസത്തിൻെറ കരുത്തിലാണ് തിരുവനന്തപുരത്തെ എല്ഡിഎഫിന്റെ പ്രതീക്ഷയത്രയും.