'സുധാകരന്റെ പ്രതികരണത്തില് വാര്ത്തയാക്കാന് എന്താണുള്ളത്'; മാധ്യമങ്ങളെ വിമർശിച്ച് വി ഡി സതീശൻ

'സുധാകരന് ജ്യേഷ്ഠ സഹോദരന് തന്നെ. ആ സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്'

dot image

ആലപ്പുഴ: കെ സുധാകരന്റെ പ്രതികരണത്തില് വാര്ത്തയാക്കാന് എന്താണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. വിഷയം വിവാദമാക്കിയത് മാധ്യമങ്ങളാണെന്നും വി ഡി സതീശന് വിമര്ശിച്ചു. '10 മണിക്കാണ് വാര്ത്ത സമ്മേളനം പറഞ്ഞത്. കെ സി വേണുഗോപാല് കൂടി ആലപ്പുഴയില് ഉള്ളതിനാല് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില ചര്ച്ചകള് ഉണ്ടായിരുന്നു. അതുകൊണ്ട് പത്രസമ്മേളനം വൈകുമെന്ന് പറഞ്ഞു. പോകുന്ന വഴിക്ക് വൈഎംസിഎയില് ഒരു ചെസ്സ് ടൂര്ണ്ണമെന്റ് ഉദ്ഘാടനം ചെയ്യേണ്ടതുണ്ടായിരുന്നു, അതിനാല് കുറച്ച് വൈകി. ആ സാഹചര്യത്തില് ഇവന് എവിടെ പോയി കിടക്കുകയാണെന്ന് പ്രസിഡന്റ് ചോദിച്ചു. അതിനപ്പുറം ഒന്നും സംഭവിച്ചില്ല. സഹപ്രവര്ത്തകര് തമ്മില് പറഞ്ഞ കാര്യം. അതിനപ്പുറം ഒന്നുമില്ല'; കെ സുധാകരൻ്റെ പത്രസമ്മേളന വേദിയിലെ പരാമർശത്തെക്കുറിച്ച് വിഡി സതീശൻ വ്യക്തമാക്കി.

'സുധാകരന് ജ്യേഷ്ഠ സഹോദരന് തന്നെ. ആ സ്വാതന്ത്ര്യം കെ അദ്ദേഹത്തിനുണ്ട്,' വി ഡി സതീശന് വ്യക്തമാക്കി. സുധാകരേട്ടന് എന്ന് പറഞ്ഞ് വിഡി സതീശന് വിഷയത്തില് പ്രതികരിച്ചതും ശ്രദ്ധേയമായി. നേരത്തെ വി ഡി സതീശന് അനിയനെപ്പോലെയാണെന്ന് കെ സുധാകരന് പ്രതികരിച്ചിരുന്നു.

ഇവന് എവിടെ പോയി കിടക്കുകയാണെന്ന് സുധാകരന് ചോദിച്ചതിന്റെ പേരില് ഹൈക്കമാന്ഡ് ഇടപെട്ടുവെന്ന് മാധ്യമങ്ങള് വാര്ത്ത നല്കിയെന്നും വിഡി സതീശന് പരിഹസിച്ചു. ഇവന് എവിടെപ്പോയി എന്ന് ചോദിച്ചതിന്റെ പേരില് രണ്ടാള്ക്കും താക്കിത് നല്കിയെന്ന വാര്ത്തയൊക്കെ നല്കിയതില് മാധ്യമങ്ങളെ സമ്മതിച്ചുവെന്നും വി ഡി സതീശന് വിമര്ശിച്ചു. രാജി ഭീഷണി മുഴക്കിയെന്ന വാര്ത്ത തെറ്റാണെന്നും വി ഡി സതീശന് വ്യക്തമാക്കി.

ആലപ്പുഴയില് സമരാഗ്നി ജാഥക്കിടെ വാര്ത്താ സമ്മേളന വേദിയിലായിരുന്നു സുധാകരൻ പത്രസമ്മേളനത്തിന് എത്താൻ വൈകിയ വി ഡി സതീശനെ അശ്ലീലഭാഷയിൽ കുറ്റപ്പെടുത്തിയത്. മാധ്യമപ്രവര്ത്തകര് കാത്തിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഡിസിസി പ്രസിഡന്റ് ബി ബാബു പ്രസാദിനോട് സുധാകരന് ദേഷ്യം പ്രകടിപ്പിച്ചത്. കൂടുതല് പ്രതികരണം ഒപ്പമുണ്ടായിരുന്ന നേതാക്കള് തടയുകയായിരുന്നു.

പത്ത് മണിക്കായിരുന്നു സംയുക്ത വാര്ത്താ സമ്മേളനം നിശ്ചയിച്ചിരുന്നത്. 10.30 നാണ് കെപിസിസി പ്രസിഡന്റ് വാര്ത്താ സമ്മേളനത്തിന് എത്തിയത്. 11 മണിയോടെയാണ് വി ഡി സതീശന് എത്തിയത്. തുടര്ന്ന് കെപിസിസി പ്രസിഡന്റിന്റെ നീരസം മനസ്സിലാക്കിയ പ്രതിപക്ഷ നേതാവ് അനുനയിപ്പിക്കാന് നോക്കി. 11.05 നല്ലേ വാര്ത്താ സമ്മേളനം തീരുമാനിച്ചതെന്ന് ചോദിച്ചു. മുന് ഡിസിസി പ്രസിഡന്റ് വിളിച്ച ചെസ്സ് ടൂര്ണമെന്റ് പരിപാടിയില് പങ്കെടുക്കാന് പോയതെന്നാണ് പ്രതിപക്ഷ നേതാവുമായി ബന്ധപ്പെട്ട വൃത്തങ്ങള് അറിയിച്ചത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വേളയില് വാര്ത്താ സമ്മേളനത്തിനിടെ ഇരുവരും മൈക്കിന് വഴക്കുണ്ടാക്കിയത് വലിയ ചര്ച്ചയായിരുന്നു.

dot image
To advertise here,contact us
dot image