'മൂന്നാം സീറ്റ് തർക്കം ചായക്കോപ്പയിലെ കൊടുങ്കാറ്റായി കെട്ടടങ്ങി'; ഐ എൻ എൽ

'കോൺഗ്രസ് നേതൃത്വവുമായി നടത്തിയ ഉഭയകക്ഷി ചർച്ച തൃപ്തികരമാണെന്ന ലീഗിന്റെ പ്രസ്താവന അണികളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ്'

dot image

കോഴിക്കോട്: തങ്ങൾക്ക് മൂന്നാമതൊരു ലോക്സഭാ സീറ്റിന് അർഹതയുണ്ടെന്ന മുസ്ലിം ലീഗിന്റെ അവകാശവാദവും അത് യുഡിഎഫിൽ സൃഷ്ടിച്ച വിവാദവും പലരും പ്രവചിച്ചത് പോലെ ചായക്കോപ്പയിലെ കൊടുങ്കാറ്റായി കെട്ടടങ്ങിയെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ.

മൂന്നാം ലോക്സഭാ സീറ്റ് തരാൻ സാധ്യമല്ല എന്ന് കോൺഗ്രസ് അസന്ദിഗധ്മായി അറിയിച്ച സ്ഥിതിക്ക് കോൺഗ്രസ് നേതൃത്വവുമായി നടത്തിയ ഉഭയകക്ഷി ചർച്ച തൃപ്തികരമാണെന്ന ലീഗിന്റെ പ്രസ്താവന, അണികളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ്. ലീഗ് അണികൾ രോഷാകുലരും ക്ഷുഭിതരുമാണ്. പീന്നീട് വരാൻ പോകുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകുന്ന കാര്യം ആലോചിക്കാമെന്ന ഉറപ്പ് മാത്രമാണ് ലീഗിന് നൽകിയതെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ വ്യക്തമാക്കിയെന്നും കാസിം ഇരിക്കൂർ പരിഹസിച്ചു.

കോൺഗ്രസ് സംഘടനാപരമായി ശോഷിച്ച് അസ്തിപഞ്ജരമായിട്ടും അർഹതപ്പെട്ട വിഹിതം ചോദിച്ചുവാങ്ങാൻ സാധിക്കാത്ത ലീഗ് നേതൃത്വത്തിന്റെ കൊള്ളരുതായ്മക്കെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധം പതഞ്ഞു പൊങ്ങുന്നുണ്ട്. ലീഗിന് മറ്റൊരു ലോക്സഭാ സീറ്റ് കൂടി നൽകിയാൽ സാമുദായിക ധ്രുവീകരണത്തിന് അത് ഇടയായേക്കുമെന്ന കോൺഗ്രസിന്റെ ഭീഷണി 1950കളിലും 60കളിലും അന്നത്തെ കോൺഗ്രസ് നേതൃത്വം വെച്ചുപുലർത്തിയ മുസ്ലിം വിരുദ്ധ സമീപനമാണ്. അതിന് ഒരു മാറ്റവും വന്നിട്ടില്ല എന്നതിന്റെ തെളിവാണിത് എന്നും കാസിം ഇരിക്കൂർ വ്യക്തമാക്കി.

വിലപേശൽ ശേഷി നഷ്ടപ്പെട്ട മുസ്ലിം ലീഗിനു മേലിലും കോൺഗ്രസിന്റെ അടിമകളായി കഴിയാനാണ് വിധി. ആർജവമുണ്ടെങ്കിൽ കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ച് മുന്നണിയിൽ നിന്ന് പുറത്തുകടക്കുക. എന്നിട്ട് പാർട്ടിയുടെയും അത് പ്രതിനിധാനം ചെയ്യുന്ന ജനതയുടെയും ഇസ്സത്ത് ഉയർത്തിപ്പിടക്കുക, അതിനാണ് ലീഗ് നേതൃത്വം തയാറാവേണ്ടതെന്നു കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us