പിണറായി വിജയൻ നയിച്ച നവകേരള സദസ്സ് വേണ്ടിയിരുന്നില്ലെന്ന് കേരളം; റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ

20 ശതമാനം പേർ മാത്രമാണ് നവകേരള സദസ്സ് ആവശ്യമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടത്

dot image

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിൽ ഒരു മാസത്തോളം സഞ്ചരിച്ച നവകേരള സദസ്സ് ആവശ്യമായിരുന്നില്ലെന്നാണ് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. നവകേരള സദസ്സിനെതിരായ വികാരമായിരുന്നു സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതൽ പേരും പ്രകടിപ്പിച്ചത്. സർവ്വെയിൽ പങ്കെടുത്തവരിൽ 73.5 ശതമാനവും നവകേരള സദസ്സ് ആവശ്യമില്ലായിരുന്നു എന്ന അഭിപ്രായക്കാരാണ്. 20 ശതമാനം പേർ മാത്രമാണ് നവകേരള സദസ്സ് ആവശ്യമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടത്. അറിയില്ലെന്ന അഭിപ്രായം പറഞ്ഞത് 6.5 ശതമാനമാണ്.

പിണറായി വിജയൻ സർക്കാർ എങ്ങനെയുണ്ടെന്ന ചോദ്യത്തിനും മോശം എന്ന പ്രതികരണത്തിനായിരുന്നു റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയിൽ മുൻതൂക്കം. മോശമെന്ന് 24.7 ശതമാനവും വളരെ മോശമെന്ന് 23.7 ശതമാനവും അഭിപ്രായപ്പെട്ടു. പിണറായി സർക്കാരിൻ്റെ പ്രവർത്തനം ശരാശരിയെന്ന് 31.4 ശതമാനം പേർ അഭിപ്രായപ്പെട്ടു. സർക്കാരിൻ്റെ പ്രവർത്തനം മികച്ചതെന്ന് 13.1 ശതമാനവും വളരെ മികച്ചതെന്ന് 5.7 ശതമാനവും അഭിപ്രായപ്പെട്ടു. അറിയില്ലെന്ന് അഭിപ്രായപ്പെട്ടവർ 1.7 ശതമാനമാണ്.

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മേൽക്കൈ ആണ് സർവ്വെ പ്രവചിക്കുന്നത്. യുഡിഎഫ് 15 സീറ്റുകൾ നേടുമെന്നും എൽഡിഎഫ് അഞ്ച് സീറ്റുകളിൽ വിജയിക്കുമെന്നുമാണ് സർവ്വെ വ്യക്തമാക്കുന്നത്. ബിജെപിക്ക് കേരളത്തിൽ ഇത്തവണയും അക്കൗണ്ട് തുറക്കാനാവില്ലെന്നും സർവ്വെ പ്രവചിക്കുന്നു.

യുഡിഎഫിൻ്റെ അഞ്ച് സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടുമെന്നാണ് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയുടെ പ്രവചനം. ഈ മണ്ഡലങ്ങളിൽ എൽഡിഎഫ് വിജയിക്കുമെന്നാണ് സർവ്വെ വ്യക്തമാക്കുന്നത്. അതേസമയം എൽഡിഎഫിന് 2019ൽ ലഭിച്ച ഏകസീറ്റായ ആലപ്പുഴ ഇത്തവണ യുഡിഎഫ് തിരിച്ച് പിടിക്കും. 2019ൽ എൽഡിഎഫിൻ്റെ കൈയ്യിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്ത കാസർകോട്, കണ്ണൂർ, ആലത്തൂർ, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിൽ കാസർകോട്, കണ്ണൂർ എന്നിവ എൽഡിഎഫ് തിരിച്ചു പിടിക്കും. അതേ സമയം ആലത്തൂർ, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങൾ ഇത്തവണയും യുഡിഎഫ് നിലനിർത്തും. 2019ൽ യുഡിഎഫിൻ്റെ ഭാഗമായി കോട്ടയത്ത് നിന്നും മത്സരിച്ച് ജയിച്ച കേരള കോൺഗ്രസ് മാണി വിഭാഗത്തെ ഇത്തവണ പാളയം മാറി ഇടതുമുന്നണിയ്ക്ക് വേണ്ടി മത്സരിക്കാനിറങ്ങുമ്പോൾ കാത്തിരിക്കുന്നത് പരാജയമാണെന്നും റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ പ്രവചിക്കുന്നു. ബിജെപി വലിയ പ്രതീക്ഷ വെച്ചുപുലർത്തുന്ന തൃശ്ശൂരും തിരുവനന്തപുരത്തും ഇത്തവണയും ബിജെപി വിജയിക്കില്ലെന്നും സർവ്വെ വ്യക്തമാക്കുന്നു.

കൊല്ലം, ആറ്റിങ്ങൽ, മലപ്പുറം, വയനാട്, പൊന്നാനി, ഇടുക്കി, കോഴിക്കോട്, ആലപ്പുഴ, ചാലക്കുടി, പാലക്കാട്, എറണാകുളം, കോട്ടയം, ആലത്തൂർ, തിരുവനന്തപുരം, തൃശൂർ, മണ്ഡലങ്ങളിൽ യുഡിഎഫ് വിജയം നേടുമെന്നാണ് സർവ്വെ പ്രവചിക്കുന്നത്. കാസർകോട്, മാവേലിക്കര, പത്തനംതിട്ട, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ എൽഡിഎഫ് വെന്നിക്കൊടി പാറിക്കുമെന്നും സർവ്വെ വ്യക്തമാക്കുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us