കോട്ടയം: മന്നത്തിനെ കുറിച്ച് ദേശാഭിമാനി പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മന്നത്ത് പദ്മനാഭൻ വിമോചന സമരത്തിൽ പങ്കെടുത്തുത്തത് ജനാധിപത്യം സംരക്ഷിക്കാനെന്നും സുകുമാരൻ നായർ വ്യക്തമാക്കി. മന്നത്തിനെ അന്നും ഇന്നും വർഗീയ വാദിയെന്ന് വിശേഷിപ്പിച്ച പാർട്ടിയാണ് മന്നത്തിനെതിരായ പ്രചാരണത്തിനു പിന്നിലെന്ന് സിപിഐഎമ്മിന് നേരെ സുകുമാരൻ നായർ ഒളിയമ്പെയ്തു.
ദുഷ്പ്രചരണങ്ങളാൽ നായരും എൻഎസ്എസും തളരില്ല. ഏതറ്റം വരെ പോകാനും മടിയില്ല. വോട്ട് ബാങ്കിൻ്റെ പേരിൽ സവർണ അവർണ ചേരിതിരിവുണ്ടാക്കാൻ ശ്രമമെന്നും സുകുമാരൻ നായർ കുറ്റപ്പെടുത്തി. മന്നത്ത് പദ്മനാഭൻ ജീവിച്ചിരുന്നതിനാൽ നായർ സമുദായം രക്ഷപ്പെട്ടെന്നും മന്നം സമാധി യോഗത്തിൽ ജി സുകുമാരൻ നായർ ചൂണ്ടിക്കാണിച്ചു. 'അറിവിൽ ഊന്നിയ പരിഷ്കർത്താവ്' എന്ന പേരിൽ ഡോ. കെ എസ് രവികുമാറിൻ്റെ ലേഖനം ദേശഭിമാനി പ്രസിദ്ധീകരിച്ചിരുന്നു. ഈ ലേഖനത്തെ ചൂണ്ടിക്കാണിച്ചായിരുന്നു സുകുമാരൻ നായരുടെ പ്രഖ്യാപനം.