കൊല്ലം: സംസ്ഥാനത്ത് സിപിഐഎം - മുസ്ലിം ലീഗ് ധാരണയുണ്ടെന്ന ആരോപണവുമായി ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ള കുട്ടി. മലപ്പുറത്തും പൊന്നാനിയിലും സിപിഐഎമ്മിന് ദുർബല സ്ഥാനാർഥികളാണെന്നും മലപ്പുറത്ത് സിപിഐഎമ്മിന്റെ പിന്തുണ ലീഗിനാണെന്നും അദ്ദേഹം ആരോപിച്ചു. മറ്റിടങ്ങളിൽ ലീഗ്, സിപിഐഎമ്മിനെ സഹായിക്കും. പിണറായി വിജയൻ - പി കെ കുഞ്ഞാലിക്കുട്ടി അന്തർധാര സജീവമാണെന്നും എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു.
നിലവിൽ യുഡിഎഫ് മുന്നണിക്കൊപ്പമുള്ള ലീഗിനെ പല ഘട്ടങ്ങളിൽ പിന്തുണയ്ക്കുന്ന നിലപാട് ഇടത് മുന്നണി നേതാക്കൾ സ്വീകരിച്ചിട്ടുണ്ട്. മുസ്ലിം ലീഗിന് മൂന്ന് സീറ്റിൽ കൂടുതൽ മത്സരിക്കാൻ അർഹതയുണ്ടെന്നാണ് എല്ഡിഎഫ് കണ്വീനര് ഇ പി ജയരാജൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ലീഗിനെ കോൺഗ്രസ് വട്ടം കറക്കുകയാണ്. കോൺഗ്രസ് ലീഗിനെ ഭയപ്പെടുത്തുന്നുവെന്നും ജയരാജന് പറഞ്ഞു. സമരാഗ്നിയിൽ ലീഗിനെ കോൺഗ്രസ് അടുപ്പിക്കുന്നില്ല. ആർഎസ്എസ് അജണ്ടയുടെ ഭാഗമായാണ് ലീഗിനെ മാറ്റിനിർത്തുന്നത്. കോൺഗ്രസ് ഒറ്റയ്ക്ക് നിന്നാൽ ഒരു മണ്ഡലത്തിലും ജയിക്കില്ലെന്നും ഇപി പറഞ്ഞിരുന്നു
അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കും. ലീഗിന്റെ നിർണായക യോഗം നാളെ പാണക്കാട്ട് ചേരും. സിറ്റിംഗ് എംപിമാർ മണ്ഡലം വെച്ച് മാറുന്നതിലും അന്തിമ തീരുമാനം നാളെയുണ്ടാകും. രാജ്യസഭാ സീറ്റ് ഉഭയകക്ഷി ധാരണ യോഗത്തിൽ അംഗീകരിച്ചേക്കും. മുസ്ലിം ലീഗ് നേതൃസമിതിയാണ് യോഗം ചേരുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പ്; മുസ്ലിം ലീഗ് സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ