കോഴിക്കോട്: യുഡിഎഫിലെ പ്രശ്നങ്ങള് പരിഹരിച്ച് മുന്നോട്ടുപോകുമെന്ന് കെ മുരളീധരൻ എംപി. മുന്നണി ബന്ധം തടസ്സപ്പെടുത്താന് വടകര ഒരിക്കലും തടസ്സമാകില്ലെന്നും മുരളീധരൻ വ്യക്തമാക്കി. 53 വര്ഷം മുന്പ് ലീഗുമായി സഖ്യമുണ്ടാക്കിയത് തൻ്റെ പിതാവാണെന്നും അന്നതിൻ്റെ ഭാഗമായി കെ കരുണാകരന് പഴിയും കല്ലേറും നേരിടേണ്ടി വന്നിരുന്നു. ആ കെ കരുണാകരന്റെ മകന് ഒരിക്കലും ലീഗുമായുള്ള ബന്ധം മുന്നോട്ടു കൊണ്ടുപോകാനല്ലാതെ ശ്രമിക്കില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
മുസ്ലിം ലീഗും കോൺഗ്രസും തമ്മിലുള്ള സീറ്റ് തർക്കത്തിൽ പ്രതികരിച്ച ഇ പി ജയരാജനെയും മുരളീധരൻ പരിഹസിച്ചു. ഇ പി ജയരാജന് മുസ്ലിം ലീഗിന് വേണ്ടി വല്ലാണ്ട് കണ്ണീരൊഴുക്കുന്നുണ്ട്. അദ്ദേഹം ആദ്യം ചെയ്യേണ്ടത് ആര്ജെഡിയുടെ കണ്ണീരു തുടയ്ക്കുകയാണ്. അതിന് ശേഷം കോണ്ഗ്രസിനെ ഉപദേശിച്ചാല് മതി. അവരിവിടിന്ന് പോയിട്ട് ശ്രേയാംസ് കുമാറിന് ഉണ്ടായിരുന്ന രാജ്യസഭാ സീറ്റ് നല്കിയില്ല. മൂന്ന് പേര് മത്സരിച്ചിട്ട് ജയിച്ചുവന്ന ആള്ക്ക് മന്ത്രിസ്ഥാനവും നല്കിയില്ല. അങ്ങനെയൊക്കെ ഒരുഘടകകക്ഷിയെ പീഡിപ്പിച്ച മുന്നണിയുടെ കണ്വീനറാണ് ഞങ്ങളില് ആര്ക്കൊക്കെയാണ് ശക്തിയെന്നൊക്കെ പറയുന്നത്. ശക്തി അളക്കാന് ഇ പി ജയരാജനെ ആരും ഏല്പ്പിച്ചിട്ടില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
ഇന്നലെ നടന്ന ലീഗ്-കോൺഗ്രസ് ചര്ച്ചയിലെ വിവരങ്ങള് മാധ്യമങ്ങള് പറയുന്ന അറിവെയുള്ളുവെന്നും ചോദ്യത്തിന് ഉത്തരമായി മുരളീധരൻ പ്രതികരിച്ചു. ഇന്നലെ ചര്ച്ച ചെയ്തു, പരിഹാരം ഉണ്ടാക്കിയെന്നാണ് രണ്ട് വിഭാഗത്തിന്റെയും പ്രസ്താവനയില് നിന്നും മനസ്സിലായത്. ഇന്നലെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും മുരളീധരന് വ്യക്തമാക്കി. വടകര സ്ഥാനാര്ത്ഥിയാകണമെന്ന് പാര്ട്ടി പറഞ്ഞാല് അതിനുള്ള എല്ലാ തയ്യാറെടുപ്പും നടത്തിയിട്ടാണ് ഇരിക്കുന്നത്.
സിപിഐഎം തള്ളിക്കളഞ്ഞ ഹമാസ് വിരുദ്ധ പ്രസ്താവനയില് കെ കെ ശൈലജ ഉറച്ച് നില്ക്കുമ്പോള് ഡിസിസി പ്രസിഡന്റ് പറഞ്ഞത് പോലെ ആര്എസ്എസ് അന്തര്ധാര കാണുന്നുണ്ടെന്ന് ചോദ്യത്തിന് മറുപടിയായി മുരളീധരന് പറഞ്ഞു. വടകരയിലെ രണ്ട് സ്ഥാനാര്ത്ഥികളില് ഹമാസിന്റെ കാര്യത്തില് താന് കോണ്ഗ്രസിന്റെ നിലപാടില് ഉറച്ചുനില്ക്കുന്നുവെന്നും മുരളീധരന് വ്യക്തമാക്കി. ഹമാസിന്റേത് ഭീകരാക്രമണമായി പാര്ട്ടി കാണുന്നില്ല. വര്ഷങ്ങളായി അടിച്ചമര്ത്തപ്പെടുന്ന ഒരു ജനതയുടെ വികാരമായാണ് ഹമാസിന്റെ ആക്രമണത്തെ കോണ്ഗ്രസും താനും കാണുന്നതെന്നും മുരളീധരന് വ്യക്തമാക്കി. ഹമാസിനെക്കുറിച്ച് ഇപ്പോള് ചോദിച്ച ചോദ്യം തിരുവനന്തപുരത്ത് ചോദിക്കേണ്ടതാണ് വടകരയില് ചോദിക്കേണ്ടതില്ലെന്നും മുരളീധരന് പറഞ്ഞു.
കെപിസിസി പ്രസിഡന്റ് പത്രസമ്മേളന വേദിയില് വി ഡി സതീശനെതിരെ നടത്തിയ അസഭ്യപ്രയോഗത്തിലും കെ മുരളീധരന് പ്രതികരിച്ചു. ഫുള് സെന്റന്സാണെങ്കില് തമിഴ് ഭാഷയില് പറയുന്ന പ്രയോഗം. ആദ്യത്തെ ഭാഗം മാത്രമാണെങ്കില് മൈഡിയര് എന്ന് വിശേഷിപ്പിക്കാം. ഇതൊന്നും വഴക്കിന്റെ ഭാഗമല്ല മുരളീധരന് പറഞ്ഞു.