മലപ്പുറം: മുസ്ലിം ലീഗിൻ്റെ രാജ്യസഭാ സീറ്റിലേയ്ക്ക് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിൻ്റെ പേര് നിർദ്ദേശിച്ച് കുഞ്ഞാലിക്കുട്ടി. ഇതോടെ സ്ഥാനാർത്ഥി നിർണ്ണയത്തിനായി നാളെ ചേരുന്ന മുസ്ലിം ലീഗ് യോഗം നിർണായകമാകും. പൊന്നാനിയിൽ യൂത്ത് ലീഗ് നേതാവ് ഫൈസൽ ബാബുവിനെ മത്സരിപ്പിച്ച് ഇ ടി മുഹമ്മദ് ബഷീറിനെ രാജ്യസഭയിലേയ്ക്ക് മത്സരിപ്പിക്കാനുള്ള ആലോചനയും നേതൃത്വത്തിന് മുന്നിലുണ്ട്. നിയമസഭയിലേയ്ക്ക് മത്സരിച്ചാൽ പരാജയപ്പെടുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് പിഎംഎ സലാമിൻ്റെ പേര് രാജ്യസഭയിലേയ്ക്ക് കുഞ്ഞാലിക്കുട്ടി നിർദ്ദേശിച്ചതെന്നാണ് സൂചന. സലാമിനോടുള്ള സമസ്തയുടെ വിരോധവും നിയമസഭയിലേയ്ക്കുള്ള സാധ്യതകൾക്ക് തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പ്രതിഷേധവുമായി സലാം രംഗത്ത് വന്നിരുന്നു. ഇതിനെ തുടർന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനം നൽകി സലാമിനെ അനുനയിപ്പിക്കുകയായിരുന്നു.
ഇതിനിടെ മലപ്പുറത്ത് മത്സരിക്കണമെന്ന ആവശ്യത്തിൽ ഇ ടി മുഹമ്മദ് ബഷീർ സമ്മർദ്ദം ചെലുത്തുന്നതും മുസ്ലിം ലീഗിന് തലവേദനയാകും. ഇ ടി മുഹമ്മദ് ബഷീറിനെ രാജ്യസഭയിലേയ്ക്ക് അയക്കാനും പകരം യൂത്ത് ലീഗ് നേതാവ് ഫൈസൽ ബാബുവിനെ പൊന്നാനിയിൽ മത്സരിപ്പിക്കാനുമുള്ള ചർച്ചകൾ മുസ്ലിം ലീഗിൽ സജീവമായിരുന്നു. ഇതിനിടെയാണ് പൊന്നാനിയിൽ നിന്നും മലപ്പുറത്തേയ്ക്ക് മാറാനുള്ള നീക്കം ഇ ടി മുഹമ്മദ് ബഷീർ ശക്തമാക്കിയിരിക്കുന്നത്. സ്വന്തം നാട്ടിൽ നിന്ന് മത്സരിക്കണമെന്ന താൽപ്പര്യം പാർട്ടിയെ അറിയിച്ചിട്ടുണ്ട്. നാളത്തെ ലീഗ് യോഗത്തിൽ ആവശ്യം വീണ്ടും ഉന്നയിക്കും. നിയമസഭാ, ലോക്സഭ തിരഞ്ഞെടുപ്പുകളിൽ 35 വർഷവും മത്സരിച്ചത് മറ്റു മണ്ഡലങ്ങളിൽ നിന്നാണെന്നതാണ് ഇ ടി ചൂണ്ടിക്കാണിക്കുന്നത്. പൊന്നാനിയിൽ സമുദായ വോട്ടുകൾ ഭിന്നിക്കുമോയെന്ന ആശങ്കയാണ് മണ്ഡലം മാറി മത്സരിക്കാൻ ഇ ടിയെ പ്രേരിപ്പിക്കുന്നത്. ഇ ടി മുഹമ്മദ് ബഷീർ മത്സരിക്കണമെന്ന് തീരുമാനിച്ചാൽ അതിന് വഴങ്ങിക്കൊടുക്കേണ്ടി വരും. മലപ്പുറം വേണമെന്ന് ഇ ടി മുഹമ്മദ് ബഷീർ നിർബന്ധം പിടിച്ചാൽ അടും അവഗണിക്കാൻ ലീഗ് നേതൃത്വത്തിന് സാധിക്കില്ല.
ജൂണിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേയ്ക്ക് ഇ ടി മുഹമ്മദ് ബഷീറിനെ മത്സരിപ്പിക്കാനും പൊന്നാനിയിൽ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ ഫൈസൽ ബാബുവിനെ പരിഗണിക്കാനുമുള്ള ആലോചനയും നാളത്തെ യോഗത്തിൻ്റെ പരിഗണനയിൽ വരും. ഇ ടി മുഹമ്മദ് ബഷീർ പിന്മാറാൻ വിസമ്മതിച്ചാൽ അബ്ദുസമദ് സമദാനിയെ രാജ്യസഭയിലേയ്ക്ക് മത്സരിപ്പിക്കാനും ഇ ടി മുഹമ്മദ് ബഷീറിനെ മലപ്പുറത്തേയ്ക്ക് മാറ്റാനും അഡ്വ ഫൈസൽ ബാബുവിനെ പൊന്നാനിയിൽ നിന്ന് മത്സരിപ്പിക്കാനുമുള്ള നിർദ്ദേശവും ഉയർന്ന് വന്നിട്ടുണ്ട്. നിലവിലെ സിറ്റിങ്ങ് എം പിമാർ രണ്ടുപേരും മത്സരരംഗത്തു നിന്ന് പിന്മാറാൻ വിസമ്മതിച്ചാൽ മലപ്പുറം, പൊന്നാനി സീറ്റുകൾ വെച്ചുമാറണമെന്ന ഇ ടി മുഹമ്മദ് ബഷീറിൻ്റെ ആവശ്യത്തിലും തീരുമാനം എടുക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച തീരുമാനം സാദിഖലി തങ്ങൾ പങ്കെടുക്കുന്ന നാളത്തെ മുസ്ലിം ലീഗ് യോഗത്തിൽ ഉണ്ടാകും.