ഷാൻ കൊലപാതക കേസ്: കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ഹർജി തള്ളി

പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ മാർച്ച് 23ന് കോടതി വാദം കേൾക്കും.

dot image

ആലപ്പുഴ: എസ്ഡിപിഐ നേതാവ് കെ എസ് ഷാൻ കൊലപാതക കേസിൽ കുറ്റപത്രം മടക്കണമെന്ന പ്രതികളുടെ ഹർജി തള്ളി. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി വി ബെന്നി സമർപ്പിച്ച കുറ്റപത്രം ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി അംഗീകരിച്ചു. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ മാർച്ച് 23ന് കോടതി വാദം കേൾക്കും.

ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി 90 ദിവസത്തിനുള്ളിൽ സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന് കുറ്റപത്രം സമർപ്പിക്കാം എന്ന പ്രോസിക്യൂഷൻ്റെ വാദവും അംഗീകരിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി വി ബെന്നിക്ക് അന്വേഷണം നടത്താൻ മാത്രമാണ് ചുമതലയുള്ളതെന്നും കുറ്റപത്രം സമർപ്പിക്കേണ്ടത് ക്രൈം ബ്രാഞ്ചിന്റെ ചുമതലയുള്ള ഐ ജി ആണെന്നുമായിരുന്നു പ്രതിഭാഗത്തിൻ്റെ പ്രധാന വാദം. ഇതിനെ എതിർത്ത പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ചാണ് ആലപ്പുഴ സെഷൻസ് കോടതി പ്രതികൾ സമർപ്പിച്ച ഹർജിയിൽ വിധി പ്രസ്താവിച്ചത്.

അതേസമയം പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ 23 ന് വാദം കേൾക്കാനും കോടതി തീരുമാനിച്ചു. ഷാൻ കൊലപാതകത്തെ തുടർന്ന് അറസ്റ്റിലായ 11 പ്രതികൾക്കും ജാമ്യം നൽകിയ നടപടി തെറ്റാണന്നാണ് നിലവിലെ പ്രോസിക്യൂട്ടർ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. മുൻപ് ഹാജരായ പ്രോസിക്യൂട്ടര്മാർ എതിർക്കാതിരുന്നതിനാലാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചതെന്നും പ്രോസിക്യൂഷൻ ആരോപിക്കുന്നുണ്ട്. ഈ ഹർജിയും തീർപ്പാക്കിയതിന് ശേഷം മാത്രമാകും ഷാൻ കേസിൽ വിചാരണ നടപടികൾ ആരംഭിക്കുക.

dot image
To advertise here,contact us
dot image