ആലപ്പുഴ: ഔദ്യോഗിക സ്ഥാനാര്ഥി പ്രഖ്യാപനത്തിനു മുന്പ് ആലപ്പുഴയില് എ എം ആരിഫിനായി തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്ത്തനങ്ങള്ക്ക് തുടക്കമിട്ട് എല്ഡിഎഫ്. ചെത്തുതൊഴിലാളി യൂണിയന് ഓഫീസിലും കോമളപുരത്തും ഫ്ളക്സ് ബോര്ഡുകള് സ്ഥാപിക്കുകയും ചുവരെഴുതുകയും ചെയ്തു. പ്രചാരണം പാര്ട്ടിയുടെയും മുന്നണിയുടെയും അനുമതിയോടെയാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആര് നാസര് പറഞ്ഞു.
സിറ്റിംഗ് എംപി എ എം ആരിഫ് തന്നെയായിരിക്കും ആലപ്പുഴയിലെ സ്ഥാനാര്ത്ഥി എന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ജില്ലാ-സംസ്ഥാന നേതൃയോഗങ്ങളിലും മറിച്ച് ഒരു തീരുമാനവും ഉണ്ടായില്ല. അങ്ങനെ ഉള്ളപ്പോഴാണ് ആലപ്പുഴയിലെ എല്ഡിഎഫ് പ്രവര്ത്തകര് പ്രചാരണം ആരംഭിച്ചത്. എന്നാല് ഔദ്യോഗിക പ്രഖ്യാപനം വരുന്നതേ ഉള്ളൂ.
പുന്നപ്ര വയലാര് സ്മാരകമന്ദിരമായ ജില്ല ചെത്തു തൊഴിലാളി യൂണിയന് ഓഫീസിന് മുന്നിലാണ് സ്ഥാനാര്ത്ഥിക്ക് വേണ്ടിയുള്ള പ്രചാരണ ബോര്ഡുകളും ഫ്ലക്സുകളും സ്ഥാപിച്ചിരിക്കുന്നത്. ആര്യാട് പഞ്ചായത്തിലെ കോമളപുരത്താണ് ചുമരെഴുത്ത് . പതിവ് സംഘടനാരീതികള്ക്ക് വിരുദ്ധമാണ് മുന്കൂട്ടിയുള്ള പ്രചാരണമെങ്കിലും പാര്ട്ടിയും മുന്നണിയും പ്രവര്ത്തകരുടെ ആവേശത്തോട് കണ്ണടക്കുകയാണ്.
സിപിഐ തയ്യാർ; തൃശ്ശൂർ എടുക്കാൻ സുനിൽ കുമാർ, വയനാട്ടിൽ ആനി രാജ, തലസ്ഥാനത്ത് പന്ന്യൻ രവീന്ദ്രൻതിരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങള്ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചിട്ടില്ലെങ്കിലും സിറ്റിംഗ് എം പിയും നിയുക്ത സ്ഥാനാര്ത്ഥിയുമായി ആരിഫ് മണ്ഡലത്തില് സജീവമായിട്ടുണ്ട് . നാളെ നടക്കുന്ന സ്ഥാനാര്ഥി പ്രഖ്യാപനത്തിനു ശേഷം ജനങ്ങളെ നേരില് കണ്ട് വോട്ട് ചോദിച്ച് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് എ എം ആരിഫും എല്ഡിഎഫ് പ്രവര്ത്തകരും.