മലപ്പുറം: സ്ഥാനാർത്ഥി നിർണ്ണയത്തിൽ പരിഗണിക്കേണ്ടത് ആരെയെന്നതിനെ ചൊല്ലി യൂത്ത് ലീഗിലും തർക്കം. സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഐക്യകണ്ഠേന ഒരൊറ്റ പേരിലേയ്ക്ക് എത്തിച്ചേരാൻ നേതൃത്വത്തിനായില്ല. പികെ ഫിറോസിൻ്റെയും ഫൈസൽ ബാബുവിൻ്റെയും പേരാണ് ചർച്ചയിൽ ഉയർന്നു വന്നത്. ആരുടെ പേര് നിർദ്ദേശിക്കണമെന്നതിൽ സമവായത്തിൽ എത്താൻ സാധിക്കാതായതോടെ രണ്ട് പേരുകളും നിർദ്ദേശിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. അന്തിമ തീരുമാനം ലീഗ് നേതൃത്വത്തിന് വിട്ടു.
ഇതിനിടെ പി കെ ഫിറോസിൻ്റെയും ഫൈസൽ ബാബുവിൻ്റെയും നേതൃത്വത്തിൽ യൂത്ത് ലീഗ് നേതാക്കൾ പാണക്കാടെത്തി മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗ ശേഷമായിരുന്നു നേതാക്കൾ തങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചക്ക് ആണ് എത്തിയതെന്ന് പി കെ ഫിറോസ് പ്രതികരിച്ചു. യൂത്ത് ലീഗ് സംസ്ഥാന ദേശീയ നേതൃത്വം അഭിപ്രായങ്ങൾ പങ്കുവെക്കുകയാണ് ചെയ്തത്. പ്രതീക്ഷയുടെയും നിരാശയുടെയും കാര്യമില്ല. രണ്ട് പേരുകൾ ഉണ്ടന്ന് പറഞ്ഞത് നിങ്ങളാണ്. ഞങ്ങൾക്ക് രണ്ടോ മൂന്നോ പേരുകൾ എന്നൊന്നില്ല. ഒറ്റ അഭിപ്രായവുമായാണ് ഞങ്ങൾ നേതൃത്വത്തെ കണ്ടത്. വിജയ സാധ്യത ഉള്ള സ്ഥാനാർഥിയെ ആണ് പരിഗണിക്കുക. തലമുറ മാറ്റം കാലാനുസൃതമായി ലീഗിൽ ഉണ്ടായിട്ടുണ്ടന്നും പി കെ ഫിറോസ് വ്യക്തമാക്കി.
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലോ രാജ്യസഭാ തിരഞ്ഞെടുപ്പിലോ പ്രാതിനിധ്യം ആവശ്യപ്പെട്ട് നേരത്തെ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ, വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങളും മുസ്ലീം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രാതിനിധ്യം വേണമെന്ന് അറിയിച്ചതായി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവറലി ശിഹാബ് തങ്ങൾ വ്യക്തമാക്കിയിരുന്നു. ആവശ്യം പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷ ഉണ്ടെന്നും മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞിരുന്നു. രാജ്യസഭയോ ലോക്സഭയോ എന്നതല്ല പ്രാതിനിധ്യം ആണ് ആവശ്യപ്പെട്ടതെന്നും മുനവറലി തങ്ങൾ കൂട്ടിച്ചേർത്തു. ആവശ്യത്തിൽ മുസ്ലിം ലീഗ് നേതൃത്വമാണ് തീരുമാനം എടുക്കേണ്ടതെന്നും മുനവറലി ശിഹാബ് തങ്ങൾ വ്യക്തമാക്കിയിരുന്നു.