കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില് പോരാട്ടം വ്യക്തികൾ തമ്മിലല്ലെന്നും രാഷ്ട്രീയം പറഞ്ഞ് മത്സരിക്കുമെന്നും സിപിഐഎം നേതാവ് എളമരം കരീം. കോഴിക്കോട് എൽഡിഎഫ് സ്ഥാനാർത്ഥിയായി പാര്ട്ടി തന്നെ പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് സവിശേഷമായ സാഹചര്യമില്ല. ജനങ്ങളുടെ ആത്മവിശ്വാസമാണ് സ്ട്രാറ്റജിയെന്നും എളമരം കരീം പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ വിജയം നേടും. രാജ്യത്ത് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം വേണം. അവസരവാദികളെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. സ്ഥാനാർത്ഥികൾ തമ്മിലുള്ള പോരാട്ടമല്ല രാഷ്ട്രീയ നയമാണ് ഏറ്റുമുട്ടുന്നത്. തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടാമെന്നാണ് കോൺഗ്രസ്സ് കരുതുന്നതെന്നും എളമരം കരീം പറഞ്ഞു.
സിപിഐഎമ്മിന്റെ ലോക്സഭാ സ്ഥാനാർത്ഥികളെ ഇന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് പ്രഖ്യാപിച്ചത്. മലപ്പുറത്ത് വി വസീഫ് മത്സരിക്കും. പൊന്നാനിയില് പൊതുസ്വതന്ത്രനായി കെ എസ് ഹംസ സ്ഥാനാര്ത്ഥിയാകും. മുസ്ലിം ലീഗ് മുന് സംസ്ഥാന സെക്രട്ടറിയായിരുന്നു ഹംസയെ പാര്ട്ടിയില് നിന്ന് പുറത്താക്കുകയായിരുന്നു. എറണാകുളത്ത് കെ ജെ ഷൈന് ആണ് സ്ഥാനാര്ത്ഥി. കെ എസ് ടി എ ഭാരവാഹിയാണ് ഷൈന്.
വടകരയില് കെ കെ ശൈലജ മത്സരിക്കും. കണ്ണൂരില് എം വി ജയരാജന്, കാസര്കോട് എം വി ബാലകൃഷ്ണന്, പാലക്കാട് എ വിജയരാഘവന്, ചാലക്കുടിയില് മുന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, ആലപ്പുഴയില് എ എം ആരിഫ്, ഇടുക്കിയില് ജോയ്സ് ജോര്ജ്, ആറ്റിങ്ങലില് വി ജോയ്, കൊല്ലത്ത് എം മുകേഷ്, പത്തനംതിട്ടയില് ടി എം തോമസ് ഐസക്, ആലത്തൂരില് കെ രാധാകൃഷ്ണന് എന്നിവരാണ് മറ്റ് സിപിഐഎം സ്ഥാനാര്ത്ഥികള്.