കോഴിക്കോട്: രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകില്ലെന്ന് സിപിഐഎം നേതാവും സ്ഥാനാർത്ഥിയുമായ എളമരം കരീം. ആ സാഹചര്യം രാഹുലും കോൺഗ്രസും നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി ഇതര സർക്കാരിനെ ആര് നയിക്കുമെന്ന് പറയാനാകില്ല. കോൺഗ്രസിന് കൂടുതൽ സീറ്റ് കിട്ടിയാലും പ്രധാനമന്ത്രി സ്ഥാനം കിട്ടണമെന്നില്ലെന്നും എളമരം കരീം പറഞ്ഞു. ഐഎൻഎല്ലിലെ ഭിന്നത തീർക്കുമെന്നും എല്ലാവരും ഒരുമിച്ച് ഇടതു മുന്നണിയിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ രാഷ്ട്രീയത്തിൽ ബിജെപി ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ കോൺഗ്രസിന് കഴിയില്ലെന്ന് അവർ തെളിയിച്ചിട്ടുണ്ട്. നമ്മുടെ ഭരണഘടന തകർക്കപ്പെടുമോ എന്ന ഭയപ്പാടിലാണ് ജനമുള്ളത്. തൊഴിലാളികൾ കൃഷിക്കാർ എന്നിവരൊക്കെ കടുത്ത പ്രയാസത്തിലാണ്. പരമാവധി ആളുകളെക്കണ്ട് വോട്ട് ചോദിക്കും. എല്ലാ കീഴ്വഴക്കങ്ങളും ഇത്തവണ തിരുത്തപ്പെടുമെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സിപിഐഎമ്മിന്റെ ലോക്സഭാ സ്ഥാനാർത്ഥികളെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രഖ്യാപിച്ചത്. ഇതോടെ തിരഞ്ഞെടുപ്പ് ചൂടിലേക്ക് പാർട്ടി പൂർണമായും കടന്നു. മലപ്പുറത്ത് വി വസീഫ് മത്സരിക്കും. പൊന്നാനിയില് പൊതുസ്വതന്ത്രനായി കെ എസ് ഹംസ സ്ഥാനാര്ത്ഥിയാകും. മുസ്ലിം ലീഗ് മുന് സംസ്ഥാന സെക്രട്ടറിയായിരുന്ന ഹംസയെ പാര്ട്ടിയില് നിന്ന് പുറത്താക്കുകയായിരുന്നു. എറണാകുളത്ത് കെ ജെ ഷൈന് ആണ് സ്ഥാനാര്ത്ഥി. കെ എസ് ടി എ ഭാരവാഹിയാണ് ഷൈന്.
വടകരയില് കെ കെ ശൈലജ മത്സരിക്കും. കണ്ണൂരില് എം വി ജയരാജന്, കാസര്കോട് എം വി ബാലകൃഷ്ണന്, പാലക്കാട് എ വിജയരാഘവന്, ചാലക്കുടിയില് മുന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, ആലപ്പുഴയില് എ എം ആരിഫ്, ഇടുക്കിയില് ജോയ്സ് ജോര്ജ്, ആറ്റിങ്ങലില് വി ജോയ്, കൊല്ലത്ത് എം മുകേഷ്, പത്തനംതിട്ടയില് ടി എം തോമസ് ഐസക്, ആലത്തൂരില് കെ രാധാകൃഷ്ണന് എന്നിവരാണ് മറ്റ് സിപിഐഎം സ്ഥാനാര്ത്ഥികള്.