കലങ്ങിത്തെളിഞ്ഞ് പൊന്നാനി!; ഇ ടി മുഹമ്മദ് ബഷീർ ഭയന്ന അടിയൊഴുക്കിന് ശക്തി കുറയുമോ?

മുസ്ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ സിപിഐഎം സ്ഥാനാർത്ഥിയാക്കിയതും പൊന്നാനി വിട്ട് മലപ്പുറത്തേയ്ക്ക് മാറാനുള്ള ഇടിയുടെ തീരുമാനത്തെ സ്വാധീനിച്ചുവെന്ന് വ്യക്തം

dot image

പൊന്നാനിയിൽ നിന്നും മാറി മത്സരിക്കാനുള്ള ഇ ടി മുഹമ്മദ് ബഷീറിൻ്റെ ആവശ്യത്തിന് ഒടുവിൽ മുസ്ലിം ലീഗ് നേതൃത്വം പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. പൊന്നാനിയിൽ മുസ്ലിം ലീഗ് മുൻ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ സിപിഐഎം സ്ഥാനാർത്ഥിയാക്കിയത് പൊന്നാനി വിട്ട് മലപ്പുറത്തേയ്ക്ക് മാറാനുള്ള ഇടിയുടെ തീരുമാനത്തെ സ്വാധീനിച്ചുവെന്ന് വ്യക്തം. മുസ്ലിം ലീഗിലും സമസ്തയിലും ഹംസയ്ക്കുള്ള വ്യാപക ബന്ധങ്ങളും ഇ ടിയുടെ തീരുമാനത്തെ സ്വാധീനിച്ചിരിക്കാം. മുസ്ലിം ലീഗ് മുൻ അദ്ധ്യക്ഷൻ ഹൈദരലി തങ്ങളുടെ അടുപ്പക്കാരുമായി ഹംസയ്ക്ക് ഉറ്റ ബന്ധമാണുള്ളത്. നേരത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കെ ഹൈദരലി തങ്ങളുടെ പേരിൽ ഹൈദരലി തങ്ങൾ ഫൗണ്ടേഷൻ രൂപീകരിക്കാൻ ഹംസ നേതൃത്വം നൽകിയിരുന്നു. മുസ്ലിം ലീഗിലെ അസംതൃപ്തരുടെ കൂട്ടായ്മ എന്ന നിലയിലായിരുന്നു അന്ന് ഹൈദരലി തങ്ങൾ ഫൗണ്ടേഷൻ്റെ രൂപീകരണം ചർച്ച ചെയ്യപ്പെട്ടത്. ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈനലി തങ്ങളായിരുന്നു ഫൗണ്ടേഷൻ്റെ ചെയർമാൻ. കെ എസ് ഹംസയായിരുന്നു കൺവീനർ.

മുസ്ലിം ലീഗിൽ നിന്ന് നടപടി നേരിട്ട എംഎസ്എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, പി പി ഷൈജൽ തുടങ്ങിയവരും ഈ കൂട്ടായ്മിൽ അന്ന് പങ്കെടുത്തിരുന്നു. ഈ നിലയിൽ മുസ്ലിം ലീഗിലെ അസംതൃപ്തരായ വലിയ വിഭാഗവുമായി അടുപ്പമുള്ള നേതാവാണ് കെ എസ് ഹംസ. സാദിഖലി തങ്ങളോട് വിയോജിപ്പുള്ള പാണക്കാട് കുടുംബാംഗങ്ങളുടെ പിന്തുണ ഉറപ്പിക്കാനുള്ള സ്വാധീനവും ഹംസയ്ക്കുണ്ട്. ഹൈദരലി തങ്ങളോട് അടുപ്പമുള്ള മുസ്ലിം ലീഗിലെയും സമസ്തയിലെയും വലിയൊരു വിഭാഗവുമായും ഹംസയ്ക്ക് ഉറ്റബന്ധമുണ്ട്. ഈ നിലയിൽ മുസ്ലിം ലീഗിനുള്ളിലും സമസ്തയ്ക്കുള്ളിലും സ്വാധീനം ചെലുത്താൻ ശേഷിയുള്ള ഹംസയുടെ വരവ് പൊന്നാനിയുടെ മത്സരചിത്രത്തിൽ വലിയ മാറ്റമുണ്ടാക്കിയെന്ന് ലീഗ് നേതൃത്വം തിരിച്ചറിഞ്ഞുവെന്ന് വേണം അനുമാനിക്കാൻ.

ഇ ടി മുഹമ്മദ് ബഷീറിൻ്റെ മുജാഹിദ് അനുഭാവം നേരത്തെ തന്നെ സമസ്തയ്ക്ക് ദഹിക്കുന്ന ഒന്നായിരുന്നില്ല. 2017ൽ മുജാഹിദ് സമ്മേളനത്തിന്റെ പ്രചാരണത്തിനായി പുറത്തിറക്കിയ വീഡിയോയില് ഇ ടി നടത്തിയ പ്രസ്താവനയ്ക്കെതിരെ സമസ്ത രംഗത്ത് വന്നിരുന്നു. പിന്നീട് താന് മുജാഹിദുകാരനല്ലെന്നും മുസ്ലിം ലീഗുകാരനാണെന്നും ഇ ടി പ്രതികരിച്ചിരുന്നു. 2019ലെ സവിശേഷ സാഹചര്യത്തിൽ ഇതൊന്നും പൊന്നാനിയിൽ ഏശിയില്ല എന്നത് വാസ്തവമാണ്. പക്ഷെ സമസ്തയിലെ മുസ്ലിം ലീഗ് വോട്ടുകളെ സ്വാധീനിക്കാൻ ശേഷിയുള്ള ഒരു സ്ഥാനാർത്ഥി എതിരായി വരുമ്പോൾ ഈ ഘടകങ്ങളെല്ലാം തിരിച്ചടിയായേക്കാമെന്നതും മണ്ഡലമാറ്റ തീരുമാനത്തിൽ പ്രതിഫലിച്ചിരിക്കാം.

മൂന്നര പതിറ്റാണ്ടിലേറെ നീണ്ട പാർലമെൻ്ററി പോരാട്ടങ്ങളിലൊന്നും സ്വന്തം പ്രദേശത്ത് മത്സരിക്കാൻ സാധിച്ചിട്ടില്ലെന്ന ഇ ടിയുടെ വാദം ലീഗ് നേതൃത്വം അംഗീകരിക്കുകയായിരുന്നു. ഇടതുപാളയത്തായിരുന്ന അഖിലേന്ത്യാ മുസ്ലിംലീഗിന് വേണ്ടി 1985ൽ കേരള നിയമസഭയിലേയ്ക്കായിരുന്നു ഇ ടി മുഹമ്മദ് ബഷീറിൻ്റെ ആദ്യ പോരാട്ടം. അതും ഒരു ഉപതിരഞ്ഞെടുപ്പിൽ. സോഷ്യലിസ്റ്റ് പാരമ്പര്യമുള്ള കണ്ണൂർ ജില്ലയിലെ പെരിങ്ങളം മണ്ഡലത്തിലായിരുന്നു ഇ ടി ആദ്യ പോരാട്ടത്തിനിറങ്ങിയത്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ പി കെ മുഹമ്മദിനെ 11742 വോട്ടിനായിരുന്നു ഇ ടി പരാജയപ്പെടുത്തിയത്. 1987ൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മത്സരിക്കാനിറങ്ങിയ ഇ ടി പക്ഷേ ജനതാപാർട്ടിയുടെ പി ആർ കുറുപ്പിനോട് 356 വോട്ടിന് പരാജയപ്പെടുകയായിരുന്നു.

പിന്നീട് 1991, 1996, 2001 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തിരൂരിൽ നിന്നും മുസ്ലിം ലീഗിനുവേണ്ടി ഇ ടി മത്സരിച്ചു ജയിച്ചു. 2006ലെ വിഎസ് കൊടുങ്കാറ്റിൽ തിരൂർ വീണപ്പോൾ അത് ഇ ടിയുടെ പതനമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാൽ 2009ൽ ഇ അഹമ്മദ് പൊന്നാനിൽ നിന്നും തട്ടകം മലപ്പുറത്തേയ്ക്ക് മാറിയപ്പോൾ തിരൂർ ഉൾപ്പെടുന്ന പൊന്നാനി മണ്ഡലത്തിൽ മുസ്ലിം ലീഗ് ഇ ടിയെ രംഗത്തിറക്കി. പിന്നീട് തുടർച്ചയായി മൂന്നുതവണ ഇ ടി ഇവിടെ നിന്നും വിജയിച്ചു കയറി. വീണ്ടുമൊരിക്കൽ കൂടി പൊന്നാനിയിൽ നിന്ന് മത്സരത്തിനില്ലെന്നായിരുന്നു ഇ ടിയുടെ നിലപാട്. ഇതുവരെ സ്വന്തം ജന്മദേശം ഉൾപ്പെടുന്ന പ്രദേശത്ത് മത്സരിക്കാൻ സാധിച്ചിട്ടില്ലെന്നായിരുന്നു ഇ ടിയുടെ വാദം. 2019ലെ തിരഞ്ഞെടുപ്പിൽ തന്നെ മലപ്പുറത്ത് നിന്നും മത്സരിക്കാൻ ഇടിക്ക് താൽപ്പര്യം ഉണ്ടായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി പി കെ കുഞ്ഞാലിക്കുട്ടി മത്സരരംഗത്ത് വന്നതോടെ ഇടി പൊന്നാനിയിൽ തുടരാൻ നിർബന്ധിതനാവുകയായിരുന്നു.

കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടർന്ന് 2021ൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് അബ്ദുസമദ് സമദാനി മലപ്പുറത്ത് മത്സരിക്കാനെത്തുന്നത്. മലപ്പുറത്ത് മൂന്ന് വർഷം പോലും തികയ്ക്കാത്ത സമദാനിയ്ക്ക് രണ്ടാമൂഴം നിഷേധിച്ചാണ് ഇ ടിയെ മലപ്പുറത്തേയ്ക്ക് മാറാൻ മുസ്ലിം ലീഗ് അനുവദിച്ചിരിക്കുന്നത്. തുടർച്ചയായ മൂന്ന് ടേമായി പൊന്നാനിയെ പ്രതിനിധീകരിക്കുന്ന ഇ ടിക്ക് മണ്ഡലമാറ്റത്തിലൂടെ പൊന്നാനിയിലെ വിരുദ്ധവികാരത്തെ മറികടക്കാൻ സാധിക്കുമെന്നതാണ് മണ്ഡലമാറ്റത്തിലെ ഏറ്റവും ഗുണപരമായ വശം. ഒരു പക്ഷെ ഇ ടിയെ ഏറ്റവും കുഴക്കിയിരുന്നതും നാലാം വട്ടം എത്തുമ്പോൾ ഉണ്ടാകാനിടയുള്ള വിരുദ്ധവികാരം തന്നെയാവും. പൊന്നാനി മണ്ഡലത്തിലെ തിരൂരങ്ങാടി, തിരൂർ, കോട്ടക്കൽ മണ്ഡലങ്ങളിൽ മാത്രമാണ് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് വിജയിക്കാൻ കഴിഞ്ഞത്. ഇതിൽ തിരൂരങ്ങാടി, തിരൂർ മണ്ഡലങ്ങളിൽ എൽഡിഎഫ് ശക്തമായ മത്സരം കാഴ്ചവെച്ചിരുന്നു. ഈ മൂന്ന് മണ്ഡലങ്ങളിൽ നിന്നായി മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾക്ക് ലഭിച്ചത് 33,380 വോട്ടിൻ്റെ ഭൂരിപക്ഷമായിരുന്നു. താനൂർ, തവനൂർ, പൊന്നാനി, തൃത്താല മണ്ഡലങ്ങളിൽ എൽഡിഎഫാണ് വിജയിച്ചത്. ഈ നാല് മണ്ഡലങ്ങളിൽ നിന്നായി 23,608 വോട്ടാണ് എൽഡിഎഫിന് ഭൂരിപക്ഷം ലഭിച്ചത്. ലോക്സഭാ മണ്ഡലടിസ്ഥാനത്തിൽ കണക്കാക്കിയാൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ അടിസ്ഥാനത്തിൽ യുഡിഎഫിന് ഇവിടെയുള്ളത് 9772 വോട്ടിൻ്റെ ഭൂരിപക്ഷം മാത്രമാണ്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 1,93,273 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു ഇടി മുഹമ്മദ് ബഷീർ വിജയിച്ചത്. മണ്ഡലം മാറാൻ തീരുമാനിക്കുമ്പോൾ ഇ ടിയുടെ മുമ്പിൽ ഈ കണക്കുകളുണ്ടായിരുന്നു എന്ന് വ്യക്തം. 2019ൽ പികെ കുഞ്ഞാലിക്കുട്ടി 2,60,153 വോട്ടിനും 2021ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ അബ്ദുസമദ് സമദാനി 1,14,692 വോട്ടിനും വിജയിച്ച മണ്ഡലമാണ് മലപ്പുറം. മലപ്പുറം ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് നിയമസഭാ മണ്ഡലങ്ങൾ മുസ്ലിം ലീഗിന്റെ സിറ്റിങ്ങ് സീറ്റുകളാണ്. നിലവിലെ സാഹചര്യത്തിൽ പൊന്നാനിയെക്കാൾ ഇ ടിക്കും മുസ്ലിം ലീഗിനും സുരക്ഷിതം മലപ്പുറമാണ്. ഈയൊരു പശ്ചാത്തലത്തിൽ വേണം പൊന്നാനിയിൽ നിന്ന് ഇ ടിയെ മലപ്പുറത്തേയ്ക്കും സമസ്തയ്ക്ക് താമതമ്യേന സ്വീകാര്യനായ അബ്ദുസമദ് സമദാനിയെ പൊന്നാനിയിലേയ്ക്കും മാറ്റി മത്സരിപ്പിക്കാനുള്ള ലീഗ് നേതൃത്വത്തിൻ്റെ തീരുമാനത്തെ കാണാൻ. മൂന്നാംസീറ്റും ലീഗിലെ അസംതൃപ്തരുടെ നിലപാടും പൊന്നാനിയിൽ പ്രതിഫലിച്ചാലും അതിനെ മറികടക്കാൻ മണ്ഡലമാറ്റമെന്ന തീരുമാനം മുസ്ലിം ലീഗിനെ സഹായിക്കുമെന്ന് വേണം വിലയിരുത്താൻ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us