ആ കുഴിയിൽ കെ സുധാകരൻ വീഴില്ല!; മുഖ്യമന്ത്രി സ്ഥാനാർത്ഥി പട്ടികയിൽ ഇടംവേണം

ഏതുനിലയിൽ നോക്കിയാലും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കെ സുധാകരനെ സംബന്ധിച്ച് തലയ്ക്ക് മുകളിൽ തൂങ്ങി നിൽക്കുന്ന ഡമോക്ളസിൻ്റെ വാളാണെന്ന് തീർച്ച

dot image

കണ്ണൂരിൽ നിന്ന് മത്സരിക്കാനില്ലെന്ന കെ സുധാകരൻ്റെ തീരുമാനം ഹൈക്കമാൻഡ് അംഗീകരിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. കോൺഗ്രസിൻ്റെ സിറ്റിങ്ങ് സീറ്റിൽ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയെ തന്നെ രംഗത്തിറക്കി കളം നിറയ്ക്കുമ്പോൾ മണ്ഡലം നിലനിർത്താന് കെ സുധാകരൻ തന്നെ വേണമെന്ന സമ്മർദ്ദം കോണ്ഗ്രസിൽ ശക്തമാണ്. കെപിസിസി പ്രസിഡൻ്റിൻ്റെ ചുമതല കാര്യക്ഷമമായി നിർവ്വഹിക്കാൻ ജനപ്രതിനിധിയെന്ന ചുമതല തടസ്സമാണെന്നും അതിനാൽ വീണ്ടും മത്സരിക്കാനില്ലെന്നുമായിരുന്നു സുധാകരൻ്റെ നിലപാട്. സുധാകരൻ വീണ്ടും മത്സരിക്കണമെന്ന ആവശ്യം കേരളത്തിലെ ഒരു വിഭാഗം ഉയർത്തുമ്പോൾ ഹൈക്കമാൻഡ് സുധാകരൻ്റെ ആവശ്യത്തിനൊപ്പം നിൽക്കുമോ എന്നതാണ് പ്രധാനം.

കണ്ണൂർ തിരിച്ചുപിടിക്കാൻ സുധാകരൻ മത്സരിക്കണമെന്ന, കേരളത്തിൽ നിന്നുയരുന്ന ആവശ്യത്തിന് ഇരുതലമൂർച്ചയുണ്ടെന്ന് മറ്റാരേക്കാളും തിരിച്ചറിയുന്നത് സുധാകരനാവും. കണ്ണൂരിൽ മത്സരിച്ച് തോറ്റാലും ജയിച്ചാലും തൻ്റെ കെപിസിസി അദ്ധ്യക്ഷ പദവിയ്ക്ക് ഭീഷണിയാണെന്ന് വായിച്ചെടുക്കാനുള്ള രാഷ്ട്രീയ ബോധ്യം ഇല്ലാത്ത നേതാവൊന്നുമല്ല സുധാകരൻ. അടുത്ത കാലത്ത് സംഭവിച്ച പ്രതിച്ഛായാ നഷ്ടവും മണ്ഡലത്തിലെ വിരുദ്ധവികാരവും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കുമെന്ന് തിരിച്ചറിയാനാവാത്ത ആളല്ല കെ സുധാകരൻ. നിലവിലെ സാഹചര്യത്തിൽ കണ്ണൂരിൽ നിന്ന് ജയിച്ചുകയറുകയെന്നത് 2019ലേത് പോലെ അത്ര എളുപ്പമാകില്ലെന്ന് ഉറപ്പുള്ള സാഹചര്യത്തിൽ റിസ്ക് എടുത്ത് മത്സരിക്കേണ്ടതില്ലെന്നാവും സുധാകരൻ കരുതുന്നത്.

മത്സരിച്ച് തോറ്റാൽ, സിറ്റിങ്ങ് സീറ്റിൽ കെപിസിസി പ്രസിഡൻ്റ് തോറ്റുവെന്ന സാഹചര്യം പിന്നീട് ആ പദവിയിൽ തുടരുന്നതിൽ ധാർമ്മിക ബാധ്യതയാകുമെന്ന് സുധാകരന് ബോധ്യമുണ്ടാകും. നിലിവിൽ റിപ്പോർട്ടർ ടി വി അടക്കം നടത്തിയ പ്രീപോൾ സർവ്വെകളിൽ ജനപ്രീതിയുടെ കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ശശി തരൂരിനും പിന്നിലായിരുന്നു കെ സുധാകരൻ. ഇതെല്ലാം പരിഗണിക്കുമ്പോൾ മത്സരിച്ച് തോറ്റാൽ പാർട്ടിയിൽ നിന്നും ഉണ്ടാകാനിടയുള്ള സമ്മർദ്ദവും സുധാകരൻ കണക്ക് കൂട്ടുന്നുണ്ടാവും. ഏറ്റവും ഒടുവിൽ സമരാഗ്നി യാത്രയിൽ വി ഡി സതീശനെതിരെ അശ്ലീലപരാമർശം നടത്തിയത് അടക്കം സുധാകരൻ്റെ രീതികളിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ട്. വി ഡി സതീശൻ അടക്കം കേരളത്തിലെ പ്രധാനനേതാക്കളിൽ ഒരുവിഭാഗത്തിനും കെ സുധാകരൻ്റെ പ്രവർത്തന രീതിയോട് വിയോജിപ്പുണ്ട്. കെ സി വേണുഗോപാലും പഴയത് പോലെ സുധാകരനെ പിന്തുണയ്ക്കുന്നില്ല. ഈയൊരു സാഹചര്യത്തിൽ കണ്ണൂരിൽ പരാജയപ്പെട്ടാൽ അത് കെപിസിസി അധ്യക്ഷ പദവി ഒഴിയാനുള്ള ഒരു നിമിത്തമായി മാറിയേക്കുമെന്ന് തീർച്ചയാണ്.

മത്സരിച്ച് വിജയിച്ചാൽ ഇരട്ടപദവിയുടെ ഭാരം എന്നത് കെപിസിസി പ്രസിഡൻ്റ് എന്ന ചുമതല കാര്യക്ഷമമായി നിർവ്വഹിക്കുന്നതിന് തടസ്സമാകുമെന്ന വാദം ഉയരാൻ കാരണമാകും. നിലവിൽ മത്സരിക്കാതിരിക്കാനായി കെ സുധാകരൻ ചൂണ്ടിക്കാണിച്ച ന്യായവും ഇത് തന്നെയായിരുന്നു. അതിനാൽ കണ്ണൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടാൽ സ്വഭാവികമായി തന്നെ കെ സുധാകരനെ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും മാറ്റാനുള്ള കാരണം കൂടിയായി ഇത് മാറും.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെയെങ്കിലും കെപിസിസി അദ്ധ്യക്ഷ പദവിയിൽ തുടരുക എന്നതാണ് കെ സുധാകരൻ്റെ ലക്ഷ്യം. അതുവഴി വരുന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തിന് സ്വാഭാവികമായ അവകാശവാദം ഉയർത്താൻ കഴിയുമെന്നും കെ സുധാകരൻ കണക്ക് കൂട്ടുന്നു

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെയെങ്കിലും കെപിസിസി അദ്ധ്യക്ഷ പദവിയിൽ തുടരുക എന്നതാണ് കെ സുധാകരൻ്റെ ലക്ഷ്യം. അതുവഴി വരുന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തിന് സ്വഭാവികമായ അവകാശവാദം ഉയർത്താൻ കഴിയുമെന്നും കെ സുധാകരൻ കണക്ക് കൂട്ടുന്നു. കണ്ണൂരിൽ തോറ്റിട്ടോ, ജയിച്ചിട്ടോ കെപിസിസി അദ്ധ്യക്ഷപദവിയിൽ നിന്നും മാറി നിൽക്കേണ്ടി വന്നാൽ 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള സ്വാഭാവിക മത്സരാർത്ഥി എന്നതിൽ നിന്നും പുറത്താകുമെന്നും മറ്റാരേക്കാളും സുധാകരനറിയാം.

ലോക്സഭാ തിരഞ്ഞെടുപ്പിൽ നിന്നും മാറി നിൽക്കാനും ജൂലൈയിൽ ഒഴിവുവരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുമായിരുന്നു സുധാകരൻ ലക്ഷ്യമിട്ടിരുന്നത്. മുസ്ലിം ലീഗിന് രാജ്യസഭാ സീറ്റ് അനുവദിച്ചതോടെ അത്തരം സാധ്യതകൾ കൂടിയാണ് സുധാകരന് മുന്നിൽ അടഞ്ഞിരിക്കുന്നത്. ഇനി രാജ്യസഭയിൽ കോൺഗ്രസിന് സാധ്യതയുള്ള നിലയിൽ സീറ്റ് ഒഴിവ് വരിക 2027ലാണ്. ഒരുപദവിയും ഇല്ലാതെ കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയേണ്ടി വന്നാൽ വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിന്നും അപ്രസക്തരായതുപോലുള്ള അനുഭവം തന്നെയും കാത്തിരിപ്പുണ്ടെന്നും പരിണിതപ്രജ്ഞനായ സുധാകരൻ തിരിച്ചറിഞ്ഞിട്ടുണ്ടാകും. അതിനാൽ തന്നെ കണ്ണൂരിൽ മത്സരിക്കാതിരുന്നാൽ മറ്റൊരു സ്ഥാനത്ത് ഉൾക്കൊള്ളിച്ച് സമവായത്തിലൂടെ സുധാകരനെ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് ഹൈക്കമാൻഡിൻ്റെ മുന്നിൽ മറ്റൊരു സാധ്യത ഇല്ലാതെ ആകുകയാണ്.

സുധാകരനും ആഗ്രഹിക്കുന്നത് അത് തന്നെയാണ്. സുധാകരന് മുമ്പ് കെപിസിസി പ്രസിഡൻ്റായിരുന്ന വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും മൂന്ന് വർഷം മാത്രമാണ് പ്രസിഡൻ്റ് പദവിയിൽ പരിഗണന ലഭിച്ചിരുന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയമാണ് വി എം സുധീരന് വാട്ടർലൂ ആയതെങ്കിൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയമായിരുന്നു മുല്ലപ്പള്ളിയുടെ വാതിൽ അടച്ചത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 19 സീറ്റ് നേടിയ യുഡിഎഫിന് ഇത്തവണ പിന്നാക്കം പോയാലും സുധാകരൻ്റെ പദവിയ്ക്ക് ഭീഷണി ഉയർന്നേക്കാം. ഏതുനിലയിൽ നോക്കിയാലും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സുധാകരനെ സംബന്ധിച്ച് തലയ്ക്ക് മുകളിൽ തൂങ്ങുന്ന ഡമോക്ളസിന്റെ വാളാണെന്ന് തീർച്ച.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us