സിഎംആർഎലിന് അവാർഡ് ലഭിക്കാൻ വേണ്ടി മലിനീകരണ നിയന്ത്രണ ബോർഡ് ഗുണനിലവാര മാനദണ്ഡം അട്ടിമറിച്ചു

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ നടന്ന വൻ നിയമലംഘനങ്ങളുടെ തെളിവുകൾ റിപ്പോർട്ടർ ടി വിക്ക്

dot image

കൊച്ചി: ശശിധരൻ കർത്തയുടെ സിഎംആർഎലിന് എക്സലൻസ് അവാർഡ് കിട്ടാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ നടന്ന വൻ നിയമലംഘനങ്ങളുടെ തെളിവുകൾ റിപ്പോർട്ടർ ടി വിക്ക്. പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിൻ്റെ ഗുണനിലവാര പരിശോധനാ സൂചികയിലെ കേന്ദ്രമാനദണ്ഡങ്ങൾ അട്ടിമറിച്ച് സിഎംആർഎല്ലിന് വേണ്ടി കുറച്ചു കൊടുത്തു. ഇതോടെ രാസമാലിന്യം പുറന്തള്ളി പെരിയാർ മലിനമാക്കുന്ന സിഎംആർഎലിന് ഒമ്പത് വർഷമാണ് എക്സലൻസ് അവാർഡ് കിട്ടിയത്. 'കരിമണൽ കള്ള കോടീശ്വര'നെന്ന റിപ്പോർട്ടർ സ്പെഷ്യൽ അന്വേഷണത്തിലാണ് മലനീകരണ നിയന്ത്രണ ബോർഡ് സിഎംആർഎല്ലിന് വേണ്ടി നടത്തിയ അട്ടിമറി പുറത്ത് വന്നത്.

വ്യവസായ ശാലയിലെ ശുദ്ധീകരണത്തിന് ശേഷം പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിൻ്റെ ഗുണനിലവാര പരിശോധനാ സുചിക സിഎംആർഎലിന് 2007 വരെ 14 എണ്ണമായിരുന്നു. ഇതിൽ ലെഡ്, മെർക്യുറി, കാഡ്മിയം, എന്നിവയടക്കം 14 ഇനങ്ങളാണ് മാസാമസമുള്ള ജല പരിശോധനയിൽ പരിഗണിക്കേണ്ടത്.

2007 വരെ ഈ പരിശോധന പെരിയാറിലെ വെള്ളമെടുത്ത് നടത്തിയിരുന്നു. അനുവദനീയമായ അളവിൻ്റെ പത്ത് ഇരട്ടിയിലധികമായിരുന്നു പലപ്പോഴും ലെഡ് അടങ്ങിയിരുന്നതെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഈ പതിനാലെണ്ണം പരിശോധിച്ചാൽ ഒരിക്കലും സിഎംആർഎലിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ എക്സലൻസ് അവാർഡ് കൊടുക്കാൻ കഴിയില്ല. മാത്രമല്ല പെരിയാറിലേക്ക് ഒഴുക്കുന്നത് വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ഇതോടെയാണ് ദൂരൂഹമായ നീക്കം സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിൽ തുടങ്ങിയത്. ആദ്യ നീക്കം 2007ൽ ഗുണനിലവാര പരിശോധനാ സൂചിക14ൽ നിന്ന് 12 ആക്കി കുറയ്ക്കുകയായിരുന്നു. 2009 ജൂലായ് 7 ന് അത് 5 ആയി വീണ്ടും കുറച്ചു. അഞ്ച് ദിവസം കഴിഞ്ഞ് അതായത് 2009 ജൂലായ് 13 ന് 5 എണ്ണത്തിൽ എന്താണോ പരിശോധിക്കേണ്ടത് അതെല്ലാം ഒഴിവാക്കിയുള്ളവ തെരെഞ്ഞെടുത്തു.

ഇതോടെ ശശിധരൻ കർത്തയുടെ കമ്പനിക്ക് 2017 വരെ ഒരു വർഷം പോലും മുടങ്ങാതെ എക്സലൻസ് അവാർഡ് കിട്ടിക്കൊണ്ടേയിരുന്നു. പെരിയാർ കൂടുതൽ കൂടുതൽ മലിനമാവുകയും ചെയ്തു. ഗുരുതരമായ നിയമലംഘനമാണ് ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന മലനീകരണ നിയന്ത്രണ ബോർഡ് ചെയ്തത്. 1986 ലെ പരിസ്ഥിതി സംരക്ഷണ ചട്ടം 3(2) അനുസരിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾക്കോ സംസ്ഥാന സർക്കാരിനോ ഗുണനിലവാര പരിശോധനാ സൂചിക കൂടുതൽ കർശനമാക്കാനേ നിയമമുള്ളൂ. ഇളവ് ചെയ്യാൻ അധികാരമില്ല. ഇത് പരിഗണിക്കുമ്പോഴാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയ്ത നിയമലംഘനം വ്യക്തമാകുന്നത്.

പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിന് പോലും ഇപ്പോഴും 12 ഗുണനിലവാര പരിശോധനാ സൂചിക തുടരുന്നുമുണ്ട്. ഇവിടെയാണ് ചട്ടം ലംഘിച്ച് ശശിധരൻ കർത്തയുടെ കമ്പനിക്ക് വേണ്ടി പരാമീറ്റർ കുറച്ച് കൊടുത്ത് ഒരു മലിനീകരണവും നടത്തുന്നില്ലെന്ന് സ്ഥാപിക്കാൻ വഴിവിട്ട നീക്കം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയത്.

dot image
To advertise here,contact us
dot image