തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്കിയത് ഭരണ ഘടനയുടെയും ജനാധിപത്യത്തിന്റെയും വിജയമാണെന്ന് മന്ത്രി പി രാജീവ്. ബില്ല് ഒപ്പിടാത്ത ഗവര്ണറുടെ നിലപാട് തെറ്റെന്ന് തെളിഞ്ഞു. ഗവര്ണര് അന്ന് തന്നെ ഒപ്പ് വയ്ക്കേണ്ടതായിരുന്നു. യാത്രാ തിരക്ക് മൂലം ഗവര്ണര്ക്ക് ഭരണ ഘടന വായിക്കാന് സമയം കിട്ടുന്നില്ല. കോടതി കേസ് പരിഗണിക്കാനിരിക്കുന്നത് കൊണ്ടാകാം തീരുമാനം വന്നത്. ലോകായുക്തയുടെ അധികാരം ഇല്ലതാക്കിയെന്ന് വിമര്ശിക്കുന്നവരുണ്ട്. എന്നാല് ലോക്പാല് നിയമത്തിന് അനുസൃതമായാണ് ലോകായുക്ത നിയമ ഭേദഗതി. പുതിയ ലോക്പാലിനെ എന്തിന് നിയമിച്ചെന്ന് കൂടി വിമര്ശകര് ചോദിക്കണമെന്നും മന്ത്രി പറഞ്ഞു.
ബില്ലിന് നേരത്തെ തന്നെ അംഗീകാരം ലഭിക്കേണ്ടതായിരുന്നുവെന്നാണ് എല്ഡിഎഫ് കണ്വീനര് ഇ പി ജയരാജന് പ്രതികരിച്ചത്. കേരള ഗവര്ണര് സ്വീകരിച്ച തെറ്റായ നിലപാട് കൊണ്ടുമാത്രമാണ് രാഷ്ട്രപതിക്ക് അയക്കേണ്ടി വന്നതെന്നും ഗവര്ണര് തന്റെ തെറ്റ് അംഗീകരിച്ച് നിലപാട് സ്വീകരിക്കണമെന്നും ഇ പി ജയരാജന് റിപ്പോര്ട്ടറിനോട് നേരത്തേ പ്രതികരിച്ചിരുന്നു.
ഗവര്ണര് രാഷ്ട്രപതിക്ക് വിട്ട ബില്ലിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ലോക്പാല് ബില്ലുമായി ഒത്തു പോകുന്ന ഭേദഗതി ആയതിനാലാണ് അംഗീകാരം ലഭിച്ചത്. ഇതോടെ ലോകായുക്തയ്ക്ക് നിലവിലുള്ള അധികാരം കുറഞ്ഞിരിക്കുകയാണ്.