കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില് കോണ്ഗ്രസ് സ്ക്രീനിങ് കമ്മിറ്റി യോഗത്തില് സാധ്യതാ പട്ടികയായി. വയനാട് ഉള്പ്പെടെ 13 മണ്ഡലങ്ങളില് സിറ്റിങ് എംപിമാര് മത്സരിക്കും. തിരുവനന്തപുരം-ശശി തരൂര്, ആറ്റിങ്ങല്-അടൂര് പ്രകാശ്, മാവേലിക്കര-കൊടിക്കുന്നില് സുരേഷ്, എറണാകുളം-ഹൈബി ഈഡന്, ഇടുക്കി-ഡീന് കുര്യാക്കോസ്, ചാലക്കുടി-ബെന്നി ബെഹനാന്, തൃശൂര്-ടി എന് പ്രതാപന്, ആലത്തൂര്-രമ്യാ ഹരിദാസ്, പാലക്കാട്-വി കെ ശ്രീകണ്ഠന്, കോഴിക്കോട്- എം കെ രാഘവന്, വടകര- കെ മുരളീധരന്, കാസര്ഗോഡ്- രാജ്മോഹന് ഉണ്ണിത്താന് എന്നിവരാണ് മത്സരിക്കുക. വയനാട് രാഹുല് ഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ അന്തിമധാരണയായിട്ടില്ല. എന്നാൽ രാഹുൽ വയനാട്ടിലും അമേഠിയിലും വീണ്ടും മത്സരിച്ചേക്കുമെന്നാണ് ഹൈക്കമാൻഡ് കേന്ദ്രങ്ങളെ ഉദ്ധരിച്ചുവരുന്ന വാർത്ത.
ആലപ്പുഴയില് എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാല്, ജനറല് സെക്രട്ടറി എഎ ഷുക്കൂര്, യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷന് രാഹുല് മാങ്കൂട്ടത്തില് എന്നീ പേരുകളാണ് സ്ക്രീനിംഗ് കമ്മിറ്റി മുന്നോട്ട് വെച്ചിരിക്കുന്നത്. പത്തനംതിട്ടയില് സിറ്റിംഗ് എംപി ആന്റോ ആന്റണിക്ക് പുറമെ യൂത്ത് കോണ്ഗ്രസ് ജനറല് സെക്രട്ടറി അബിന് വര്ക്കിയുടെ പേരും നിർദ്ദേശിച്ചിട്ടുണ്ട്.
കണ്ണൂരില് കെപിസിസി അധ്യക്ഷന് കെ സുധാകരന് മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെ ജനറല് സെക്രട്ടറി കെ ജയന്ത്, യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി വി പി അബ്ദുള് റഷീദ് എന്നിവരുടെ പേരുകളാണ് പരിഗണനയില്. ജയന്തിന്റെ പേര് കെ സുധാകരന് നിര്ദേശിച്ചെങ്കിലും ഡിസിസി നേതൃത്വത്തിന് അതൃപ്തിയുണ്ട്. കണ്ണൂര് സ്വദേശിയല്ലാത്തയാള് ജില്ലയില് മത്സരിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഡിസിസി.