കൊച്ചി: ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ കല്ല്യാണത്തിന് സ്പീക്കര് എഎന് ഷംസീര് പങ്കെടുത്തതിനെ ന്യായീകരിച്ച് എല്ഡിഎഫ് കണ്വീനര് ഇ പി ജയരാജന്. അത് കമ്മ്യുണിസ്റ്റ് മൂല്യമാണെന്ന് ഇ പി ജയരാജന് പ്രതികരിച്ചു.
2017 ജൂലൈ ആറിനായിരുന്നു മുഹമ്മദ് ഷാഫിയുടെ വിവാഹം. കണ്ണൂര് ഗ്രാമതി ജുമാമസ്ജിദിലായിരുന്നു വിവാഹം. ചൊക്ലി മുത്തപ്പന്കാവിനു സമീപത്തെ ഷാഫിയുടെ വീട്ടിലാണു ഷംസീര് എത്തിയിരുന്നത്. കേസില് ജീവപര്യന്തം തടവ് അനുഭവിക്കവെ വിവാഹത്തിനായി കോടതി പരോള് അനുവദിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ വിവാഹത്തിന് ആശംസ നേരാന് പോയതില് തെറ്റില്ലെന്നാണ് അന്ന് ഷംസീര് പ്രതികരിച്ചത്.
ഷംസീറിന്റെ വാക്കുകള്:
'ജയില് റിഫോര്മേഷന് സെന്ററാണ്. അല്ലെങ്കില് ജയിലിന്റെ ആവശ്യമില്ലല്ലോ, ഷൂട്ട് അറ്റ് സൈറ്റ് ആക്കിയാല് പോരെ. റിഫോര്മേഷന് സെന്ററില് നിന്നും ഒരാള് വിവാഹം കഴിക്കുമ്പോള് നല്കുന്ന സന്ദേശമെന്താണ്. നന്നാവാന് ശ്രമിച്ചു എന്നുള്ളതാണ്. സ്വാഭാവികമായും എന്റെ വീട്ടിനടുത്തുള്ള ആള് കല്യാണം വിളിച്ചാല് പോവുക എന്നത് കുറ്റമാണോ. ഞാനത് വലിയ തെറ്റായൊന്നും കാണുന്നില്ല. മറിച്ച് ഞാനാണ് കല്യാണം നടത്തി കൊടുത്തതെങ്കില് ശരി. ആ കല്യാണത്തിന് എന്നെ ക്ഷണിച്ചു, ഞാന് പോയി. അതിനപ്പുറത്ത് ആ വിഷയത്തെ കാണുന്നില്ല. അത് മോശം മെസേജ് ഒന്നും നല്കുന്നില്ല.'