തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്വകലാശാലാ ക്യാമ്പസിലെ രണ്ടാം വര്ഷ വിദ്യാര്ഥി സിദ്ധാര്ത്ഥ് ജീവനൊടുക്കിയ സംഭവത്തില് അരിയിൽ ഷൂക്കൂർ മോഡൽ വിചാരണാ കൊലപാതകമാണ് നടന്നിരിക്കുന്നതെന്ന് ടി സിദ്ദിഖ്. ഇതിൻ്റെ രാഷ്ട്രീയ ഉത്തരവാദത്തിൽ നിന്ന് എസ്എഫ്ഐക്ക് ഒഴിഞ്ഞു മാറാൻ സാധിക്കില്ല. ഇതിന് മുൻപും സമാനമായ വിചാരണ കോളേജിൽ നടന്നിട്ടുണ്ട്. കൊന്ന് കെട്ടി തൂക്കി എന്ന കുടുംബത്തിൻ്റെ ആരോപണം വളരെ ഗൗരവമുള്ളതാണെന്നും ടി സിദ്ദിഖ് പറഞ്ഞു.
പ്രതികളെ സമയത്ത് പിടിക്കാത്തത് പൊലീസിൻ്റെ ഭാഗത്തെ ഗുരുതര വീഴ്ചയാണ്. ഈ പ്രതികൾ എവിടെ ഒളിച്ചു, ആര് അഭയം കൊടുത്തു എന്ന് കണ്ടെത്തണം. കുടുംബത്തിൻ്റെ സമരത്തിനൊപ്പം ഉണ്ടാവുമെന്നും വലിയ പോരാട്ടം കേരളത്തിൽ മുഴുവൻ നടക്കുമെന്നും ടി സിദ്ദിഖ് പറഞ്ഞു. പ്രതികളെ സമയത്ത് പിടിക്കാത്തത് പൊലീസിൻ്റെ ഭാഗത്തെ ഗുരുതര വീഴ്ചയാണെന്നും ടി സിദ്ദിഖ് കൂട്ടി ചേർത്തു.
വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വെറ്ററിനറി സയൻസ് ബിരുദ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ബാത്റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. മറ്റൊരു വിദ്യാർത്ഥിയാണ് കുടുംബത്തെ മരണ വിവരം അറിയിച്ചത്. സിദ്ധാര്ഥ് ക്രൂരമായ മർദ്ദനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്ട്ടില് പറയുന്നു.
സഹപാഠികൾ ചേർന്ന് സിദ്ധാര്ത്ഥിനെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്സും ചേർന്ന് സിദ്ധാർത്ഥിനെ മർദ്ദിച്ച് കെട്ടിതൂക്കിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സിദ്ധാർത്ഥിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കുടുംബം എഡിജിപി ക്ക് പരാതി നൽകിയിരുന്നു.