കുടിവെള്ളത്തില് മരപ്പട്ടി മൂത്രമൊഴിക്കും, ഇസ്തിരിയിട്ട ഷർട്ടിലും; ക്ലിഫ്ഹൗസിനെപ്പറ്റി മുഖ്യമന്ത്രി

അറ്റകുറ്റപ്പണി നടത്തുന്നില്ല. വേണ്ടത്ര മുന്ഗണന കൊടുക്കുന്നില്ലയെന്നതാണ് അവസ്ഥയെന്നും മുഖ്യമന്ത്രി

dot image

തിരുവനന്തപുരം: തലസ്ഥാനത്ത് മുഖ്യമന്ത്രി അടക്കം മന്ത്രിമാര് താമസിക്കുന്ന ക്ലിഫ് ഹൗസിലെ മരപ്പട്ടി അനുഭവം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പഴക്കമുള്ള മന്ത്രി മന്ദിരങ്ങള് നിരവധിയുണ്ടെങ്കിലും അറ്റകുറ്റപ്പണി നടത്താന് മുന്ഗണന നല്കാറില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇസ്തിരി ഇട്ട വസ്ത്രങ്ങളിലും അടപ്പ് ഇല്ലാത്ത വെള്ളത്തിലുമെല്ലാം മരപ്പട്ടി മൂത്രമൊഴിച്ചുവെക്കുമെന്നും അത് തന്റെ സ്വന്തം അനുഭവം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു

'നമ്മുടെ സംസ്ഥാനത്ത് ജഡ്ജിമാരടക്കം ജുഡീഷ്യല് ഓഫീസര്മാര്ക്ക് താമസിക്കാന് വാടക വീട് നോക്കി നടക്കണം. അതൊരു പ്രത്യേക ദയാവായ്പിന് ഇരയാകല് ആണല്ലോ. വീട് വാടകക്കാരന് അര്ഹതപ്പെട്ടത് അല്ലല്ലോ. മറ്റേയാള്ക്ക് ദയയുണ്ടെങ്കില് മാത്രം കൊടുത്താല് മതിയല്ലോ. ചെറിയ സ്വാധീനം പോലും ഇയാളിലേക്ക് വരാന് ഇടയുണ്ടല്ലോയെന്നാണ് ചിന്തിക്കുക. കേരളം എല്ലാകാര്യത്തിലും വളരെ മെച്ചപ്പെട്ടതാണെന്ന് പറയുന്നു. എന്നാല് ഇതെന്താണ് എങ്ങനെ? ഞങ്ങളുടെ സംസ്ഥാനത്തെല്ലാം ജുഡീഷ്യല് ഓഫീസര്മാര് സ്വന്തം കെട്ടിടത്തിലാണല്ലോ താമസിക്കുകയെന്നാണ് മറ്റൊരു സംസ്ഥാനത്തെ ജുഡീഷ്യല് ഓഫീസര് കേരളത്തില് വന്നപ്പോള് ചോദിച്ചത്.' മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ മുന്ഗണനയില് വരുന്ന വ്യത്യാസത്തിന്റെ ഭാഗമാണത്. നാട്ടില് സകലവിധ സൗകര്യങ്ങളോടും കൂടി താമസിക്കുന്നവരാണ് മന്ത്രിമാര് എന്നാണല്ലോ എല്ലാവരും കരുതിയിരിക്കുന്നത്. മന്ത്രിമാര് താമസിക്കുന്ന വീടുകളുടെ അവസ്ഥ നോക്കണം. രാവിലെ ഇടേണ്ട ഷര്ട്ട് ഇസ്തിരി ഇട്ട് വെച്ചാല് അതിന്റെ മേലേ വെള്ളം വരും. മരപ്പട്ടി മൂത്രമൊഴിച്ചതാണ് അത്. സ്വന്തം മുറിയില് ഒരു ഗ്ലാസ് വെള്ളം വെച്ചാല് അത് എടുത്ത് കുടിക്കുമ്പോള് നോക്കണം. എപ്പോഴാണ് ഈ സാധനം ഇതിലേക്ക് വീഴുകയെന്ന് അറിയില്ല. അങ്ങനെയുള്ള എത്രവീടുകള് ഉണ്ട്. ഇത് വേറെ എവിടെ നിന്നെങ്കിലും കേട്ട അനുഭവം അല്ല. സ്വന്തം അനുഭവമാണ്. അറ്റകുറ്റപ്പണി നടത്തുന്നില്ല. വേണ്ടത്ര മുന്ഗണന കൊടുക്കുന്നില്ലയെന്നതാണ് അവസ്ഥയെന്നും മുഖ്യമന്ത്രി പറഞ്ഞു.

dot image
To advertise here,contact us
dot image