തീവ്രവാദ ബന്ധമുള്ള പേര്, കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന പേര് നൽകരുത്; ഹൈക്കോടതിയിൽ ഹർജി

ഹമാസ് പോലുള്ള തീവ്രവാദ, സായുധ സംഘങ്ങളുമായി ചരിത്രപരമായി ബന്ധപ്പെട്ടു കിടക്കുന്ന പേരാണ് ഇൻതിഫാദയെന്ന് പരാതിൽ പറയുന്നു

dot image

കൊച്ചി: കേരള സർവ്വകലാശാല കലോത്സവത്തിന്റെ പേര് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. 'ഇൻതിഫാദ' എന്ന പേര് കലോത്സവത്തിന് നൽകിയതിനെതിരെയാണ് പരാതി. കലോത്സവത്തിന് ഇൻതിഫാദ എന്ന പേര് ചേരുന്നതല്ലെന്നും പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പേര് നൽകരുതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. പേര് നീക്കാൻ നിർദ്ദേശം നൽകണമെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജിയിൽ കേരള സർവകലാശാലയ്ക്കും സർവ്വകലാശാല ചാൻസലർക്കും ഹൈക്കോടതി നോട്ടീസ് നൽകി. കൊല്ലം അഞ്ചൽ സ്വദേശിയായ എ എസ് ആഷിഷ് ആണ് ഹൈകോടതിയിൽ ഹർജി നൽകിയത്. മാർച്ച് ഏഴ് മുതൽ 11 വരെ പാളയം യൂണിവേഴ്സിറ്റി കോളജിലാണ് സർവകലാശാല കലോത്സവം നടക്കുക.

പലസ്തീൻ - ഇസ്രയേൽ യുദ്ധവുമായി ബന്ധപ്പെട്ട പേരാണ് ഇൻതിഫാദ, ഈ പേര് കോളേജ് കലോത്സവത്തിന് നൽകരുത്. ഇൻതിഫാദ എന്ന പേര് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും മാറ്റണമെന്നും ആവശ്യപ്പെട്ട് ഗവർണർക്കും ചാൻസലർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്. ഇസ്രയേലിനുനേരേ ആക്രമണം നടത്താൻ ഹമാസ് ഉപയോഗിച്ച വാക്കാണ് ഇൻതിഫാദ എന്നാണ് ഇവരുടെ ആരോപണം.

'ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കഥകളി, മാപ്പിളപ്പാട്ട്, നാടോടി നൃത്തം, ദേശഭക്തിഗാനം, ഓട്ടംതുള്ളൽ, ക്വിസ്, ചിത്രരചന തുടങ്ങി അറിയുന്നതും അറിയപ്പെടാത്തതുമായി സംസ്ഥാനത്തെ യുവാക്കൾക്കിടയിലുള്ള കലാ, സാംസ്കാരിക കാര്യങ്ങൾ ഊർജിതപ്പെടുത്തുക എന്നതാണ് കലോത്സവം കൊണ്ട് ലക്ഷ്യമിടുന്നത്. എന്നാൽ ഇത്തണത്തെ കലോത്സവത്തിന് നൽകിയിരിക്കുന്ന 'ഇൻതിഫാദ' എന്ന പേര് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. 'തകിടം മറിക്കുക' എന്നതിന്റെ അറബിക് പദമാണ് ഇൻതിഫാദ. ജനങ്ങള് തെരുവിലിറങ്ങുന്നത് ലക്ഷ്യമിട്ട് പലസ്തീനികൾ ഈ പദമുപയോഗിക്കുന്നു. ഇസ്രയേലും പലസ്തീനുമായി ഗാസയിൽ ഉടലെടുത്ത സംഘർഷത്തോട് അനുബന്ധിച്ച് പലസ്തീൻകാർ ഉപയോഗിച്ച വാക്കാണിത്. ഹമാസ് പോലുള്ള തീവ്രവാദ, സായുധ സംഘങ്ങളുമായി ചരിത്രപരമായി ബന്ധപ്പെട്ടു കിടക്കുന്ന പേരാണ് ഇൻതിഫാദ...', പരാതിയിൽ പറയുന്നു.

ഇൻതിഫാദ എന്ന പേരിലാണ് കേരള സർവ്വകലാശാലയിൽ ഇത്തവണ കലോത്സവം സംഘടിപ്പിക്കുന്നത്. അധിനിവേശങ്ങൾക്കെതിരെ കലയുടെ പ്രതിരോധം എന്നതാണ് പ്രമേയം. പേര് വിവാദമായതോടെ അന്വേഷണം നടത്താൻ രജിസ്ട്രാർക്ക് വി സി നിർദ്ദേശം നൽകി. എന്നാൽ എസ്എഫ്ഐ ആഗോള ഭീകരവാദ സംഘടനകളെ മാതൃകയാക്കുകയാണെന്നാണ് ഇതിനോടുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us