തിരുവനന്തപുരം: സമരാഗ്നി സമാപന സമ്മേളന വേദിയില് ദേശീയ ഗാനം തെറ്റായി ആലപിച്ച സംഭവത്തില് ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെ പൊലീസില് പരാതി. ദേശീയ ഗാനത്തെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി ബിജെപി തിരവനന്തപുരം ജില്ലാ ഉപാധ്യക്ഷന് ആര് എസ് രാജീവാണ് പരാതി നല്കിയത്. പാലോട് രവിക്കെതിരെ കേസ് എടുക്കണമെന്ന് പരാതിയില് ആവശ്യപ്പെട്ടു.
സംഭവത്തില് യുഡിഎഫ് നേതൃത്വത്തെ പരിഹസിച്ച് സിപിഐഎം നേതാവ് എ കെ ബാലന് രംഗത്തെത്തി. ജനഗണമന മര്യാദക്ക് പാടാൻ അറിയാത്തവരാണ് യുഡിഎഫുകാർ. രണ്ട് വലിയ സഹോദരങ്ങൾ എന്നാണ് പറയുന്നത്. പരസ്പ്പരം ‘മ‘ ചേർത്താണ് ഇപ്പോൾ അവർ അഭിസംബോധന ചെയ്യുന്നതെന്നും എ കെ ബാലന് പരിഹസിച്ചു. സമരാഗ്നി യാത്രയിലൂടെ സ്വയം അഗ്നിയായി എരിഞ്ഞു തീരുകയായിരുന്നു യുഡിഎഫെന്നും എ കെ ബാലന് പറഞ്ഞു.
അതേസമയം സംഭവം നാക്കു പിഴ മാത്രമാണെന്നും വിവാദമാക്കേണ്ടതില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു. സംഭവത്തില് ഒരു വിഭാഗം നേതാക്കള് നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്. പാലോട് രവിക്കെതിരെ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.