കൽപ്പറ്റ: വയനാട്ടിൽ വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി ആനി രാജ. റിപ്പോർട്ടർ ടി വിയോട് സംസാരിക്കുമ്പോഴായിരുന്നു ആനി രാജയുടെ പ്രതികരണം. കോൺഗ്രസിന് അവരുടെ സ്ഥാനാർത്ഥിയെ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ആനി രാജ വ്യക്തമാക്കി. കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് തിരഞ്ഞെടുപ്പ് പോരാട്ടം. ആർഎസ്എസ്-ബിജെപി ഫാസിസ്റ്റ് ശക്തികൾക്കെതിരെയാണ് ഇടതുപക്ഷത്തിൻ്റെ പോരാട്ടം. ജനങ്ങളെ അവരിൽ നിന്ന് മോചിപ്പിക്കുക എന്നതാണ് ഇടതുപക്ഷത്തിൻ്റെ ഉത്തരവാദിത്വമെന്നും ആനി രാജ വ്യക്തമാക്കി.
വന്യജീവി ആക്രമണത്തിൽ വയനാട്ടിലെ ജനങ്ങൾക്ക് ഭീതിയുണ്ട്. അവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉണ്ടാവണം. പ്രായോഗികമായ വിഷയങ്ങൾക്ക് അവരോടൊപ്പം ഇരുന്ന് പരിഹാരം കാണും. വന്യജീവി ആക്രമണം ഏതെങ്കിലും ഒരു മതത്തെ ബാധിക്കുന്ന പ്രശ്നമല്ല. സർക്കാരിനെതിരെ വിമർശനങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം. ഇടതുപക്ഷ ജനാധിപത്യമുന്നണി വിമർശനത്തിന് അതീതമല്ല. വിമർശിക്കുന്നവർ ശത്രുപക്ഷത്തല്ലെന്നും ആനി രാജ വ്യക്തമാക്കി. മത്സരിക്കുന്ന സ്ഥാനാർത്ഥികളല്ല രാഷ്ട്രീയമാണ് പ്രധാനം. ഓരോ മണ്ഡലവും പ്രധാനപ്പെട്ടതാണെന്നും വയനാട്ടിലെ ഇടതുമുന്നണി സ്ഥാനാർത്ഥി വ്യക്തമാക്കി.
ഇതിനിടെ വയനാട് പാർലമെന്റ് ഇടതുമുന്നണി സ്ഥാനാർഥി ആനി രാജ ഇന്ന് വയനാട്ടിലെത്തി. മാനന്തവാടി, സുൽത്താൻ ബത്തേരി, കല്പറ്റ എന്നിവിടങ്ങളിൽ റോഡ് ഷോയിലും ആനി രാജ പങ്കെടുക്കും. നാളത്തെ പരിപാടികൾ തിരുവമ്പാടി മണ്ഡലത്തിലാണ്.