തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില് രാഹുല് ഗാന്ധി വയനാട്ടില് തന്നെ മത്സരിച്ചാല് കണ്ണൂരിലെ കോണ്ഗ്രസ് സ്ഥാനാര്ത്ഥിയുടെ കാര്യത്തില് മാറ്റം വരും. രാഹുല് സിറ്റിംഗ് മണ്ഡലത്തില് തന്നെ മത്സരിച്ചാല് മുസ്ലിം സ്ഥാനാര്ത്ഥിയെ ആയിരിക്കും കോണ്ഗ്രസ് കണ്ണൂരിലേക്ക് തീരുമാനിക്കാന് സാധ്യത. അങ്ങനെയെങ്കില് കെപിസിസി അംഗവും യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി അബ്ദുള് റഷീദിന് നറുക്ക് വീഴാനാണ് സാധ്യത.
കണ്ണൂരില് മുസ്ലിം സ്ഥാനാര്ത്ഥിയാണെങ്കില് ആലപ്പുഴയില് ഈഴവ വിഭാഗത്തില് നിന്നുള്ള സ്ഥാനാര്ത്ഥിയെ കോണ്ഗ്രസ് അവതരിപ്പിക്കും. എം ലിജുവിനെയാണ് ഇപ്പോള് പരിഗണിക്കുന്നത്. ബിന്ദു കൃഷ്ണയുടെ പേരും ചര്ച്ചകളിലുണ്ട്.
തൃശ്ശൂരിലേക്ക് വി ടി ബല്റാമിന്റെ പേര് ഉയര്ന്നുവന്നെങ്കിലും ടിഎന് പ്രതാപന് ഏറെ ഒരുക്കങ്ങള് നടത്തിയതിനാല് അതിനുള്ള സാധ്യതകള് മങ്ങി. പത്തനംതിട്ട മണ്ഡലത്തിലേക്ക് സ്ഥാനാര്ത്ഥിയായി പാര്ട്ടി ജില്ലാ ഉപാദ്ധ്യക്ഷന് അനില് തോമസിനെയും കോണ്ഗ്രസ് പരിഗണിക്കുന്നുണ്ട്. പത്തനംതിട്ടയില് മത്സരം കടുക്കുമെന്ന സുനില് കനുഗോലുവിന്റെ റിപ്പോര്ട്ട് കൂടി പരിഗണിച്ചാണ് മണ്ഡലത്തിലേക്ക് സിറ്റിംഗ് എംപി ആന്റോ ആന്റണിയെ കൂടാതെ രണ്ട് പേരുകള് കൂടി കോണ്ഗ്രസ് പരിഗണിക്കുന്നത്.
യൂത്ത് കോണ്ഗ്രസ് മുന് ദേശീയ സെക്രട്ടറിയാണ് അനില് തോമസ്. സാമുദായിക പശ്ചാത്തലം കൂടി പരിഗണിച്ചാണ് അനില് തോമസിന്റെ പേര് കൂടി കോണ്ഗ്രസ് പരിഗണിക്കുന്നത്. യൂത്ത് കോണ്ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന് അബിന് വര്ക്കിയാണ് പരിഗണിക്കപ്പെടുന്ന മറ്റൊരാള്.