തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജില് വിദ്യാര്ഥി സിദ്ധാര്ത്ഥന്റെ മരണത്തില് വി സിയെ സസ്പെന്ഡ് ചെയ്തതില് പ്രതികരിച്ച് മന്ത്രി ജെ ചിഞ്ചുറാണി. വി സിയെ സസ്പെന്ഡ് ചെയ്യേണ്ട സാഹചര്യമില്ലായിരുന്നു. ഗവര്ണറുടെ നടപടി സര്ക്കാരുമായി ആലോചിക്കാതെയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
'കുറ്റക്കാര്ക്കെതിരെ നടപടികള് സ്വീകരിച്ചു വരികയാണ്. വകുപ്പ് തല അന്വേഷണം തുടരുന്നതിനിടെയാണ് ഗവര്ണറുടെ നടപടി. ഡീനെ മാറ്റാനുള്ള നിര്ദേശം നല്കിയിട്ടുണ്ട്', മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. എന്നാല് മരിച്ചതിനുശേഷം സിദ്ധാര്ത്ഥനെതിരെ പരാതി നല്കിയത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം വി സിക്കെതിരായ ഗവര്ണറുടെ നടപടി സര്ക്കാരുമായുള്ള പോരിന്റെ ഭാഗമായി കരുതുന്നില്ലെന്നും മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി. ചാന്സലര് എന്ന നിലയില് ഗവര്ണര് സര്വകലാശാലയുമായി നല്ല രീതിയില് സഹകരിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
സിദ്ധാര്ത്ഥന്റെ മരണത്തില് വെറ്ററിനറി സര്വ്വകലാശാല വി സി എം ആര് ശശീന്ദ്രനാഥിനെ സസ്പെന്ഡ് ചെയ്തിരുന്നു. ചാന്സലര് കൂടിയായ ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് ആണ് വി സിയെ സസ്പെന്ഡ് ചെയ്തത്. സംഭവത്തില് ഗവര്ണര് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
സംഭവം എങ്ങനെ വെറ്റിനറി സർവകലശാല അധികൃതർ അറിഞ്ഞില്ലെന്ന് ഗവർണർ ചോദിച്ചു. വലിയ വീഴ്ചയാണ് ഉണ്ടായതെന്നും ക്രിമിനൽ ആക്രമണം ആണുണ്ടായതെന്നും പൊലീസിനെ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിന് പിന്നിൽ എസ്എഫ്ഐ-പിഎഫ്ഐ ബന്ധമുണ്ട്. ജൂഡിഷ്യൽ അന്വേഷണത്തിന് ഹൈക്കോടതി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടു കത്തയച്ചിട്ടുണ്ട്. ഹൈക്കോടതി മറുപടിയുടെ അടിസ്ഥാനത്തിൽ കമ്മിറ്റിയെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.