കൊല്ലം: കൊല്ലത്ത് തിരഞ്ഞെടുപ്പിനെ തന്ത്രപരമായ നീക്കത്തിൽ കയ്യിലെടുക്കാനുള്ള പുറപ്പാടിലാണ് ആർഎസ്പി. മുകേഷും എൻ കെ പ്രേമചന്ദ്രനും മത്സരക്കളത്തിലേക്കിറങ്ങുമ്പോൾ വോട്ടർമാരായ യുവാക്കളെ ആകർഷിക്കാനുള്ള 'ടാക്റ്റിക് മൂവ്' ആണ് ഇത്തവണ ആർഎസ്പി സ്വീകരിച്ചിരിക്കുന്നത്. ഇതിനായി തിയേറ്ററിൽ തരംഗമായ മലയാള ചിത്രം 'പ്രമലു'വിനെയും പ്രേമചന്ദ്രനെയും ഒന്നിപ്പിച്ചതോടെ പോസ്റ്ററിന്റെ ഭാവം തന്നെ മാറി, ‘കൊല്ലത്തിന്റെ പ്രേമലു’ ആയി.
വ്യത്യസ്ത പോസ്റ്ററിറക്കാനുള്ള ആർഎസ്പി തീരുമാനത്തിന് പിന്നിൽ പാര്ട്ടി നേതാവും നിർമ്മാതാവുമായ ഷിബു ബേബി ജോണാണ്. 'കൊല്ലത്തിന്റെ പ്രേമലു' എൻ കെ പ്രേമചന്ദ്രനെ വിജയിപ്പിക്കുക എന്ന പേരിലുള്ള പോസ്റ്റർ കഴിഞ്ഞ ദിവസം ഷിബു ബേബി ജോൺ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു. സോഷ്യൽ മീഡിയ, പോസ്റ്റർ ഏറ്റെടുത്തതോടെ കൊല്ലത്തിന്റെയല്ല, ഇത് കേരളത്തിന്റെ പ്രേമലു ആണെന്നാണ് കമന്റുകളെത്തുന്നത്.
മികച്ച പാർലമെന്റേറിയനായ എൻ കെ പ്രേമചന്ദ്രൻ ഇക്കുറിയും റെക്കോർഡ് വിജയവുമായി പാർലമെന്റിലെത്തെട്ടെയെന്ന് ആശംസകളും പ്രതികരണങ്ങളായി എത്തുന്നുണ്ട്. 20,0000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ കൂടി പ്രേമചന്ദ്രൻ വിജയിക്കും എന്ന ഉറപ്പും പ്രതികരണത്തിലൂടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ അറിയിക്കുന്നുണ്ട് . ലോക്സഭാ മണ്ഡലത്തിലെ ഏഴു നിയോജക മണ്ഡലങ്ങളിലും ആർഎസ്പി സോഷ്യൽ മീഡിയ കമ്മിറ്റികൾ തന്നെ രൂപീകരിച്ചു കഴിഞ്ഞു.
സിനിമ പേരുകളുടെ പേരിൽ പ്രചാരണ പോസ്റ്റർ ഇറങ്ങുന്നത് ഇതാദ്യമായല്ല. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ പോസ്റ്റർ ഇറങ്ങിയത് ഫഹദ് ഫാസിൽ ചിത്രം 'ഞാൻ പ്രകാശന്റെ' പേരിലാണ്. ഇത് തനിക്ക് നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് അടൂർ പ്രകാശ് പറഞ്ഞിരുന്നു.
അനില് ആന്റണി സര്പ്രൈസ് സ്ഥാനാര്ഥി, ശോഭാ സുരേന്ദ്രനും പട്ടികയില്; 12 പേരെ പ്രഖ്യാപിച്ച് ബിജെപി