തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ തുടങ്ങുന്ന എസ്എസ്എല്സി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്ത്തിയായി. 3000 ത്തോളം പരീക്ഷ കേന്ദ്രങ്ങളിലായി നാലേ കാല് ലക്ഷം വിദ്യാര്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. പരീക്ഷ നടത്തിപ്പിന് വിദ്യാഭ്യാസ വകുപ്പ് പൂര്ണ സജ്ജമാണെന്ന് മന്ത്രി വി ശിവന്കുട്ടി പറഞ്ഞു.
റെഗുലര് വിഭാഗത്തില് 4,27,105 വിദ്യാര്ഥികളില് 2,17,525 ആണ്കുട്ടികളും 2,09,580 പെണ്കുട്ടികളും ഇത്തവണ എസ്എസ്എല്സി പരിക്ഷ എഴുതുന്നുണ്ട്. സംസ്ഥാനത്ത് 2955, ലക്ഷദ്വീപില് 9, ഗള്ഫ് മേഖലയില് ഏഴും പരീക്ഷ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഏറ്റവും കൂടുതല് പരീക്ഷാര്ത്ഥികളുള്ള വിദ്യാഭ്യാസ ജില്ലയും പരീക്ഷാ കേന്ദ്രവും മലപ്പുറമാണ്. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പികെഎംഎം എച്ച്എസ് എടരിക്കോട് 2,085 വിദ്യാര്ഥികള് പരീക്ഷ എഴുതുമ്പോള് ഒരു വിദ്യാര്ത്ഥി മാത്രം പരീക്ഷ എഴുതുന്ന അഞ്ചു സ്കൂളുകളാണ് സംസ്ഥാനത്ത് ഉള്ളത്.
ടിഎച്ച്എസ്എല്സി, എഎച്ച്എല്സി പരീക്ഷകളും ഇതിനൊപ്പം നടക്കും. ഏപ്രില് മൂന്നു മുതല് 20 വരെ രണ്ടു ഘട്ടങ്ങളിലായി മൂല്യനിര്ണയം നടത്തി മേയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കാനാണ് ലക്ഷ്യം വെക്കുന്നത്. എന്നാല് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല് സമയക്രമത്തില് മാറ്റം വരാനും ഇടയുണ്ട്.