കൊച്ചി: അർബുദ രോഗ ബാധിതനായിരുന്നെന്നും ഇപ്പോൾ ഭേദമായെന്നും വെളിപ്പെടുത്തി ഐഎസ്ഐർഒ ചെയർമാൻ എസ് സോമനാഥ്. ഇന്ത്യയുടെ ആദ്യ സൗര പര്യവേക്ഷണ ദൗത്യമായ ആദിത്യ എൽ-1 വിക്ഷേപിച്ച ദിവസമാണ് അർബുദം സ്ഥിരീകരിച്ചതെന്ന് സോമനാഥ് പറഞ്ഞു.
'സ്കാനിങ്ങിൽ വയറ്റിലാണ് അർബുദം കണ്ടെത്തിയത്. ചന്ദ്രയാൻ 3 ദൗത്യവേളയിൽ ചില ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു. ആ സമയത്ത് അസുഖം എന്താണെന്ന് കൃത്യമായി അറിയില്ലായിരുന്നു. ആദിത്യ എൽ-1 വിക്ഷേപിച്ച ദിവസം നടത്തിയ പരിശോധനയിലാണ് അർബുദം കണ്ടെത്തിയത്. ഇത് അറിഞ്ഞപ്പോൾ എനിക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കുമെല്ലാം ഞെട്ടലുണ്ടായി'. സോമനാഥ് പറഞ്ഞു.
അന്ന് രോഗം എത്രമാത്രം ഭേദമാകും എന്നതിനെക്കുറിച്ച് ആശങ്ക ഉണ്ടായിരുന്നു. ചികിത്സ തുടർന്നു. നാല് ദിവസമാണ് ആശുപത്രിയിൽ കഴിഞ്ഞത്. ഐഎസ്ആർഒയിലെ ജോലികൾ തുടർന്നു. ഇപ്പോൾ കൃത്യമായ പരിശോധനകളും സ്കാനിങ്ങുകളും നടക്കുന്നു. നിലവിൽ രോഗം പൂർണമായും ഭേദമായി. തന്റെ കർത്തവ്യങ്ങളിലേക്ക് കടന്നെന്നും സോമനാഥ് പറഞ്ഞു.