Jan 24, 2025
04:53 AM
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സര്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാര്ത്ഥന് മർദ്ദനമേറ്റതിനെക്കുറിച്ച് കോളേജ് അധികൃതർക്ക് അറിയാമായിരുന്നുവെന്ന ആരോപണവുമായി കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്. പ്രതികളെല്ലാവരും അനുശോചന യോഗത്തിന്റെ മുൻനിരയിൽ തന്നെയുണ്ടായിരുന്നു. അനുശോചന യോഗത്തിന് കൊല്ലാൻ നേതൃത്വം കൊടുത്തവരുടെയും ഡീനിന്റെയും മൗനമായ പിന്തുണയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികൾക്ക് പറയാനുള്ള കാര്യങ്ങൾ ഡീൻ തടഞ്ഞു. ഡീനിന്റെ ഭാഗത്തുനിന്ന് അക്രമ സംഭവങ്ങളെ അമർച്ച ചെയ്യാനുള്ള സമീപനമാണ് ഉണ്ടായത്. പ്രതികളെക്കുറിച്ച് ഡീനിന് അറിയാം. വിവരങ്ങൾ പുറത്താകാതിരിക്കാൻ ഡീനിന് നിർബന്ധമുണ്ടായിരുന്നുവെന്നും ടി സിദ്ദിഖ് ആരോപിച്ചു. സംഭവം സ്ഥലം എംഎൽഎയായ തന്നെ അറിയിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം സിദ്ധാർത്ഥന്റെ മരണത്തിൽ കൊലപാതക സാധ്യതയെ പറ്റിയുള്ള അന്വേഷണത്തിന് പൊലീസ്. ഫൊറൻസിക് പരിശോധന ഫലം നിർണായകമാണ്. തൂങ്ങി മരിക്കാൻ ഉപയോഗിച്ച തുണി ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മൃതദേഹം അഴിച്ചത് പ്രതികൾ ആണെന്നതിലും ദുരൂഹതയുണ്ട്. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
മുഖ്യപ്രതി സിൻജോ ജോൺസണുമായി സർവ്വകലാശാല ഹോസ്റ്റലിൽ നടത്തിയ തെളിവെടുപ്പിൽ കണ്ടെത്തിയത് നിർണായക തെളിവുകളാണ്. സിദ്ധാർത്ഥനെ മർദ്ദിക്കാൻ ഉപയോഗിച്ച ഗ്ലൂ ഗണ്ണിന്റെ ഇലക്ട്രിക് വയർ, ഒരു ചെരിപ്പ് എന്നിവയാണ് കണ്ടെത്തിയത്. സംഭവ സമയത്ത് സിൻജോ ജോൺസൺ ഉപയോഗിച്ച ചെരിപ്പാണ് കണ്ടെത്തിയത്. പ്രതി ഇത് മുറിയിൽ ഒളിപ്പിച്ച് വെച്ചതായിരുന്നു. ഹോസ്റ്റലിലെ മുപ്പത്തി ആറാം നമ്പർ മുറിയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
സിദ്ധാർത്ഥന്റെ മരണത്തിൽ കൊലപാതക സാധ്യത തള്ളാതെ പൊലീസ്; അന്വേഷിക്കും