തൃശ്ശൂർ: മൂർഖൻ പാമ്പിനെ തോളിൽ ഇട്ട് അഭ്യാസ പ്രകടനം നടത്തിയ യുവാവിന് പാമ്പിൻ്റെ കടിയേറ്റു. ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ചാണ് യുവാവിന് പാമ്പിൻ്റെ കടിയേറ്റത്. കൊല്ലം പാരിപ്പിള്ളി അനിൽ ഭവനിൽ സുനിൽകുമാറിനാണ് പാമ്പിൻ്റെ കടിയേറ്റത്.
ഇന്നലെ രാത്രി പതിന്നെന്ന് മണിയോടെ ഗുരുവായൂർ ക്ഷേത്ര വടക്കേ നടയിലെ ഗേറ്റിന് സമീപത്തെ സെക്യൂരിറ്റി ക്യാബിനടുത്താണ് ആറടി നീളമുള്ള മൂർഖനെ കണ്ടെത്തിയത്. അപ്പോൾ തന്നെ സെക്യൂരിറ്റി ജീവനക്കാരും പൊലീസും ചേർന്ന് പാമ്പിനെ പിടികൂടി ആളില്ലാത്ത ഭാഗത്തേക്ക് വിട്ടിരുന്നു. എന്നാൽ പാമ്പിനെ പിടികൂടിയ ശേഷം സുനിൽകുമാർ കൈയിലെടുത്ത് കൊണ്ടുവരികയായിരുന്നു.
ഈ സമയത്ത് പാമ്പുമായി അഭ്യാസപ്രകടനം നടത്തിയ സുനിൽ കുമാറിനെ പൊലീസ് ശകാരിച്ച് പാമ്പിനെ വിടാൻ ആവശ്യപ്പെട്ടെങ്കിലും സുനിൽ കുമാർ അതിന് തയ്യാറായില്ല. അരമണിക്കൂറോളം പാമ്പുമായി അഭ്യാസപ്രകടനം നടത്തുന്നതിനിടെ സുനിൽ കുമാറിന് പാമ്പിൻ്റെ കടിയേൽക്കു കയായിരുന്നു. കടിയേറ്റ ഉടനെ പാമ്പിനെ സുനിൽ കുമാർ ജീവനക്കാരുടെ നേരെ വലിച്ചെറിയുകയായിരുന്നു.
പാമ്പിൻ്റെ കടിയേറ്റ സുനിൽ കുമാർ അപ്പോൾ തന്നെ തളർന്ന് വീണിരുന്നു. അദ്ദേഹത്തെ ഉടൻ തന്നെ ദേവസ്വം മെഡിക്കൽ സെൻ്ററിലെത്തിച്ചു. പ്രാഥമിക ശുശ്രുഷയ്ക്ക് ശേഷം സുനിൽ കുമാറിനെ നേരെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെ ആറുമണിയോടെ പാമ്പുപിടുത്തക്കാർ പാമ്പിനെ പിടികൂടുകയായിരുന്നു. പാമ്പിനെ പിന്നീട് ഇവർ വനം വകുപ്പിന് കൈമാറി.
വീണ്ടും കാട്ടാന ആക്രമണം; പെരിങ്ങൽക്കുത്തിനു സമീപം സ്ത്രീയെ ചവിട്ടിക്കൊന്നു