കൊച്ചി: മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെതിരെ കുറ്റപത്രം. ക്രൈംബ്രാഞ്ച് എറണാകുളം എസിജെഎം കോടതിയിൽ കുറ്റപത്രം നൽകി. കുറ്റപത്രത്തിൽ കെ സുധാകരനാണ് രണ്ടാം പ്രതി. തട്ടിപ്പിൻ്റെ ഗൂഢാലോചന കുറ്റമാണ് സുധാകരനെതിരെ ചുമത്തിയത്. 10 ലക്ഷം രൂപ കൈപ്പറ്റിയെന്നും കുറ്റപത്രത്തിൽ പറയുന്നു. സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റുന്നത് കണ്ടെന്ന മൊഴിയുണ്ടായിരുന്നു.
സുധാകരന്റെ പേരില് യൂത്ത് കോണ്ഗ്രസ് നേതാവിന്റെ അക്കൗണ്ടിലേക്ക് പണം നല്കിയിട്ടുണ്ടെന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്. പുരാവസ്തു തട്ടിപ്പ് കേസില് സുധാകരനെ നേരത്തെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. 10 കോടിയുടെ തട്ടിപ്പുകേസിലാണ് സുധാകരനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ വ്യാജരേഖ ചമയ്ക്കല്, യഥാര്ത്ഥ രേഖ എന്ന മട്ടില് വ്യാജരേഖ ഉപയോഗിക്കല് എന്നീ കുറ്റങ്ങളും സുധാകരനെതിരെ ചുമത്തിയിരുന്നു.
മോന്സന്റെ പക്കല് നിന്ന് സുധാകരന് 10 ലക്ഷം രൂപ കൈപ്പറ്റുന്നത് കണ്ടെന്ന ദൃക്സാക്ഷികളുടെ രഹസ്യമൊഴിയും കേസില് നിര്ണായകമാണ്. പുരാവസ്തു വിൽപ്പനക്കാരനെന്ന് അവകാശപ്പെട്ട് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലാണ് മോൻസൻ മാവുങ്കൽ പിടിയിലായത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനൊപ്പമുള്ള മോൻസന്റെ ചിത്രം പുറത്തു വന്നത് വലിയ വിവാദമായിരുന്നു.