കോഴിക്കോട്: കക്കയത്ത് കാട്ടുപോത്ത് ആക്രമത്തിൽ കൊല്ലപ്പെട്ട എബ്രഹാമിന്റെ മൃതദേഹത്തിനോട് കോൺഗ്രസ് നേതാക്കൾ കാണിച്ചത് അനാദരവെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മരണം ദുരപയോഗം ചെയ്യുകയാണ്. രാഷ്ട്രീയ നേട്ടത്തിനായി എത്രത്തോളം തരംതാഴാമെന്ന് കോൺഗ്രസ് തെളിയിച്ചിരിക്കുകയാണെന്നും പി മോഹനൻ പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കാട്ടുപോത്താക്രമണത്തിൽ എബ്രഹാം മരിച്ച സംഭവം ദുരുപയോഗം ചെയ്യുകയാണ്. ഇത് അപലപനീയമാണ്. എബ്രഹാമിന്റെ മരണവാർത്ത അറിഞ്ഞയുടൻ തന്നെ സർക്കാരിന് ഇപ്പോൾ നൽകാൻ കഴിയുന്ന പരമാവധി ധനസഹായം വനംവകുപ്പ് മന്ത്രി പ്രഖ്യാപിച്ചു. സംഭവം അറിഞ്ഞ ഉടനെയാണ് മന്ത്രി അങ്ങനൊരു തീരുമാനമെടുത്തത്. സ്വാഭാവികമായും നടപടിക്രമങ്ങൾ മെഡിക്കൽ കോളേജിൽ പൂർത്തിയാക്കേണ്ടതുണ്ട്. ഇൻക്വസ്റ്റ് നടത്തി പൊലീസ് മൃതദേഹം കൈമാറി പോസ്റ്റമോർട്ടം നടത്തേണ്ടതുണ്ട്. അതെല്ലാം കഴിയുമ്പോഴാണ് ധനസഹായം യാഥാർത്ഥത്തിൽ കൈമാറാൻ കഴിയുക. സർക്കാർ അത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ അതിൽ രാഷ്ട്രീയ മുതലെടുപ്പിന് മുന്നോട്ടു വരുകയാണ് എം കെ രാഘവൻ.
മരിച്ച എബ്രഹാമിന്റെ കുടുംബം കോൺഗ്രസ് ആഭിമുഖ്യമുള്ള കുടുംബമാണ്. കുടുംബാംഗങ്ങൾ മോർച്ചറിയിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വൈകിയതിനാൽ ഇൻക്വസ്റ്റും പോസ്റ്റ്മോര്ട്ടവും വൈകുന്ന നിലയുണ്ടായി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഏത് മാർഗവും സ്വീകരിക്കുക എന്നുള്ളതാണ് കോൺഗ്രസിന്റെ നിലപാട്. കൊല്ലപ്പെട്ട എബ്രഹാമിന്റെ മൃതദേഹത്തോടുള്ള അനാദരവാണ് യഥാർത്ഥത്തിൽ എംപിയും അദ്ദേഹത്തിനോടൊപ്പമുള്ളവരും ചെയ്തിരിക്കുന്നത്. മൃതദേഹം വളരെ പെട്ടെന്ന് സംസ്കരിക്കുകയാണ് സാധാരണ ഗതിയിൽ ചെയ്യുന്നത്. അത് തടസപ്പെടുത്തുക വഴി എം കെ രാഘവനുൾപ്പെടെയുള്ള കോൺഗ്രസ് നേതൃത്വം അങ്ങേയറ്റം ഹീനമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. മാത്രമല്ല, ഇത് അപരിഷ്കൃതമായ സമീപനം കൂടിയാണ്. രാഷ്ട്രീയ നേട്ടത്തിനായി എത്രത്തോളം തരംതാഴാമെന്ന് ഇവിടെ കോൺഗ്രസ് തെളിയിച്ചിരിക്കുകയാണെന്നും പി മോഹനൻ വ്യക്തമാക്കി.
കേന്ദ്ര-വന നിയമത്തിലെ വ്യവസ്ഥകളിൽ മനുഷ്യനെ ദ്രോഹിക്കുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുന്നതിന് അനുമതി നൽകുന്നില്ല. അതാണ് ഇവിടെയും തടസം നിൽക്കുന്നത്. ജനങ്ങൾക്ക് പരിരക്ഷയുറപ്പ് വരുത്താൻ പറ്റുന്ന വിധത്തിൽ ആ നിയമത്തിൽ ഭേദഗതി ഉണ്ടാകണമെന്ന് കേരള സർക്കാർ ആവർത്തിച്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. എന്നിട്ടും കേന്ദ്രം അനുകൂലമായ മറുപടി നൽകുന്നില്ല. വയനാട്ടിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര വനംവകുപ്പ് മന്ത്രി തന്നെ വയനാട്ടിലെത്തിയിരുന്നു. വനം നിയമ ഭേദഗതി എന്ന ആവശ്യം ഉന്നയിച്ചു. ജനങ്ങളും ഉന്നയിച്ചു. എന്നാൽ അതിനോട് പ്രതികരിക്കുന്നതിന് യാതൊരു സന്നദ്ധതയും കേന്ദ്രമന്ത്രി കാണിച്ചില്ല. വയനാട്ടിലെ എംപിയും ഈ വിഷയത്തിൽ ഗൗരവമായ ഒരു ഇടപെടലും നടത്തിയില്ല എന്നതും ആ നാടിന്റെ മുൻപിൽ ഉയർന്ന് നിൽക്കുന്ന പ്രശ്നമാണെന്നും സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി കൂടിക്കാണിച്ചു.
കക്കയത്ത് എബ്രഹാം കൊല്ലപ്പെട്ടത് ദൗർഭാഗ്യകരമായ സംഭവമാണ്. എന്നാൽ അതിന്റെ പേരിൽ കോൺഗ്രസ് ഒഴുക്കുന്നത് മുതലക്കണ്ണീരാണ്. അത് ആത്മാർത്ഥതയോടു കൂടിയുള്ള സമീപനമല്ല. മൃതദേഹം വെച്ച് രാഷ്ട്രീയം കളിക്കുന്നത് പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ല.
വന്യജവീ ആക്രമണം സംസ്ഥാനം നേരിടുന്ന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അടിയന്തിര ഇടപെടലിനായി കിഫ്ബിയിൽ നിന്ന് പണം നീക്കി വെച്ചിട്ടുണ്ട്. നാല് സമിതികൾ രൂപീകരിച്ചു, വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംവിധാനങ്ങൾ, മുഖ്യമന്ത്രി അധ്യക്ഷനായിട്ടുള്ള പ്രത്യേക മന്ത്രിസഭാ സമിതി, ഇതെല്ലാം രൂപീകരിച്ച് അടിയന്തര ഇടപെടൽ നടത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. കൃഷിക്കാർക്ക് വേണ്ടി എം കെ രാഘവൻ അര ശബ്ദം ഇന്ത്യൻ പാർലമെന്റിൽ ഉയർത്തിയിട്ടില്ല. ഇതൊന്നും ചെയ്യാതെയാണ് അദ്ദേഹം ഈ പൊറാട്ട് നാടകം കളിക്കുന്നത്. ഇത് ജനം തിരിച്ചറിയുമെന്നും പി മോഹൻ ചൂണ്ടിക്കാണിച്ചു.
ഡ്രൈവിങ് ടെസ്റ്റുകൾക്ക് നിയന്ത്രണം; ഇനി മുതൽ പ്രതിദിനം 50 ടെസ്റ്റുകൾ മതിയെന്ന് മോട്ടോർ വാഹനവകുപ്പ്