തൃശ്ശൂർ എടുക്കാനുള്ള പൂഴിക്കടകൻ; പത്മജയെ ബിജെപിയിലെത്തിക്കുന്നത് ടി എൻ പ്രതാപനെ വീഴ്ത്താൻ

കെ കരുണാകരൻ്റെ തട്ടകമായ തൃശ്ശൂരിൽ അദ്ദേഹത്തിൻ്റെ കുടുംബവുമായി സുരേഷ് ഗോപിക്കുള്ള ബന്ധം പത്മജയുടെ നീക്കത്തോടെ വോട്ടായി മാറുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്

dot image

ആഴ്ചകളായി തുടരുന്ന ആശയവിനിമയങ്ങൾക്ക് ഒടുവിലാണ് പത്മജ വേണുഗോപാൽ ബിജെപി പാളയത്തിലെത്താൻ തീരുമാനിച്ചിരിക്കുന്നത്. ബിജെപിയിൽ ചേരുന്നുവെന്ന വാർത്ത നിഷേധിച്ച് കഴിഞ്ഞ ദിവസം രാവിലെ പത്മജ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ബിജെപിയിൽ ചേരുന്നുവെന്ന അഭ്യൂഹങ്ങൾ രാവിലെ പ്രചരിക്കപ്പെടുമ്പോൾ പത്മജ ഡൽഹിയിൽ ഉണ്ടായിരുന്നു. പുതിയ വസ്ത്രവ്യാപര സംരംഭവുമായി ബന്ധപ്പെട്ട ബിസിനസ്സ് ആവശ്യങ്ങൾക്കായാണ് പത്മജ ഡൽഹിയിൽ എത്തിയിരിക്കുന്നതെന്നായിരുന്നു അവരോട് അടുത്ത കേന്ദ്രങ്ങൾ പ്രതികരിച്ചിരുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയിൽ ചേരുക എന്ന നിലയിലായിരുന്നു ചർച്ചകൾ പുരോഗമിച്ചിരുന്നത്. അതുകൊണ്ടായിരുന്നു ബിജെപിയിൽ ചേരാനുള്ള നീക്കം വാർത്തയായതിന് തൊട്ട് പിന്നാലെ പത്മജ അത് നിഷേധിച്ച് രംഗത്ത് വന്നത്. ഇതിന് പിന്നാലെ ബിജെപി ദേശീയ നേതൃത്വം തിടുക്കത്തിൽ പത്മജയെ പാർട്ടിയിൽ എത്തിക്കാനുള്ള നീക്കം നടത്തുകയായിരുന്നു. തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയാണ് ഈ നീക്കത്തിന് ചുക്കാൻ പിടിച്ചതെന്നാണ് സൂചന. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പത്മജ പാർട്ടിയിലെത്തിയാൽ തൃശ്ശൂരിൽ അത് ഗുണകരമാകുമെന്ന് ബിജെപി ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്താൻ സുരേഷ് ഗോപിക്ക് സാധിച്ചു. പിന്നാലെയാണ് ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ പത്മജയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്നാണ് പിറ്റേന്ന് ബിജെപി ആസ്ഥാനത്തെത്തി ബിജെപി അംഗത്വം എടുക്കാൻ പത്മജ തീരുമാനിച്ചത്.

വരുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ വിജയിക്കാനുള്ള നീക്കമെന്ന നിലയിലാണ് ബിജെപി നേതൃത്വം പത്മജയെ പാളയത്തിലെത്തിക്കുന്നത്. നേരത്തെ ടി എൻ പ്രതാപൻ അടക്കമുള്ള തൃശ്ശൂരിലെ നേതാക്കൾക്കെതിരെ പത്മജ കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിൽ നിന്നും 946 വോട്ടിനായിരുന്നു സിപിഐയിലെ പി ബാലചന്ദ്രനോട് പത്മജ പരാജയപ്പെട്ടത്. ടി എൻ പ്രതാപൻ്റെ നേതൃത്വത്തിൽ പാർട്ടിയിലെ ഒരുവിഭാഗം തന്നെ പരാജയപ്പെടുത്തുകയായിരുന്നു എന്ന ആരോപണം ഉന്നയിച്ചാണ് പത്മജ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയത്. എന്നാൽ പാർട്ടി നേതൃത്വം തൻ്റെ പരാതി പരിഗണിച്ചില്ലെന്ന് പത്മജയ്ക്ക് പരാതിയുണ്ടായിരുന്നു. ചില പാർട്ടിക്കാർ തന്നെ ദ്രോഹിച്ചെന്ന പത്മജയുടെ ഫേസ്ബുക്ക് കുറിപ്പ് നേരത്തെ വിവാദമായിരുന്നു. തൃശ്ശൂരിൽ തോറ്റത് ചില നേതാക്കൾക്ക് ചില ലക്ഷ്യങ്ങൾ ഉള്ളതിനാലാണെന്നും അവർ തോൽപിക്കാൻ കൂട്ടുനിന്നെന്നും പിന്നീട് ഒരു അഭിമുഖത്തിൽ പത്മജ പരസ്യമായി ആരോപിച്ചിരുന്നു.

തൃശ്ശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി എത്തിയപ്പോൾ വാഹനവ്യൂഹത്തിൽ കയറ്റാത്തതിനെതിരെ കെപിസിസി നേതൃത്വത്തിന് പരാജി നൽകിയതായും ഒരു അഭിമുഖ സംഭാഷണത്തിൽ പത്മജ തുറന്നടിച്ചിരുന്നു. 'ചതിച്ചുകൊണ്ട് അധിക കാലം ആർക്കും മുന്നോട്ടു പോകാൻ കഴിയില്ല. അവർക്കു തിരിച്ചടി സംഭവിക്കുക തന്നെ ചെയ്യു'മെന്ന പത്മജയുടെ പ്രതികരണം ടി എൻ പ്രതാപനെ ലക്ഷ്യം വെച്ചാണെന്ന് അന്നേ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്തായാലും പത്മജ ബിജെപി പാളയത്തിൽ എത്തുമ്പോൾ തൃശ്ശൂർ മണ്ഡലത്തിൽ അതിൻ്റെ ഗുണഭോക്താവ് സുരേഷ് ഗോപിയാണ്. കെ കരുണാകരൻ്റെ തട്ടകമായ തൃശ്ശൂരിൽ കെ കരുണാകരനും അദ്ദേഹത്തിൻ്റെ കുടുംബവുമായും സുരേഷ് ഗോപിക്കുള്ള ബന്ധം പത്മജയുടെ നീക്കത്തോടെ വോട്ടായി മാറുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. തൃശ്ശൂർ എടുക്കാനുള്ള ബിജെപിയുടെ 'പൂഴിക്കടകൻ' തന്നെയാണ് പുതിയ നീക്കമെന്ന് നിസംശയം പറയാം. പത്മജയെ ബിജെപി പാളയത്തിൽ എത്തിച്ചത് പ്രതാപനെ പൂട്ടാനാണെന്നതും വ്യക്തം

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us