ഇത്തവണ കോണ്ഗ്രസിന്റെ മുതിര്ന്ന നേതാവ് എ കെ ആന്റണി പത്തനംതിട്ടയില് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമോയെന്നത് കൗതുകകരമാണ്. കഴിഞ്ഞ നാലുപതിറ്റാണ്ടിലേറെയായി കേരളത്തില് കോണ്ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ കുന്തമുനയായിരുന്നു എ കെ ആന്റണി. 2024ലെ തിരഞ്ഞെടുപ്പില് കോണ്ഗ്രസ് സ്ഥാനാര്ത്ഥികള്ക്കായി ആന്റണി രംഗത്തിറങ്ങിയാല് പത്തനംതിട്ടയില് ആന്റോ ആന്റണിക്കായി വോട്ട് തേടേണ്ടിവരും. അല്ലെങ്കില് മകന് അനില് ആന്റണി പത്തനംതിട്ടയില് ബിജെപി സ്ഥാനാര്ത്ഥിയായി മത്സരിക്കുന്ന ഒരു തിരഞ്ഞെടുപ്പില് ഒരിടത്തും പ്രചാരണരംഗത്ത് തന്നെ ഇറങ്ങേണ്ടതില്ലെന്ന് ആന്റണിക്ക് തീരുമാനിക്കേണ്ടി വരും.
ഏതാണ്ട് ഒരുവര്ഷം മുമ്പ് കെപിസിസി നിര്വ്വാഹസമിതി യോഗത്തില് ലോക്സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാന് ആന്റണി കോണ്ഗ്രസ് നേതാക്കളോട് ആഹ്വാനം ചെയ്തിരുന്നു. അടുത്ത വര്ഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മാത്രമാകണം ഇപ്പോള് എല്ലാവരുടെയും ലക്ഷ്യം എന്നായിരുന്നു എ കെ ആന്റണിയുടെ ആഹ്വാനം. ഈ നിലയില് സംസ്ഥാനത്തെ കോണ്ഗ്രസിന്റെ ദൈനംദിന വിഷയങ്ങളില് സജീവമായി ഇടപെടുന്ന ആന്റണി ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഇറങ്ങാതിരുന്നാല് അതും ചര്ച്ചയാകുമെന്ന് തീര്ച്ചയാണ്. പത്തനംതിട്ടയിൽ ആൻ്റണി പ്രചാരണത്തിന് ഇറങ്ങിയാൽ അനിൽ ആൻ്റണിയുടെ ബിജെപി പ്രവേശനത്തിനൊപ്പം മറ്റുസംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേയ്ക്ക് ചേക്കേറുന്ന വിഷയവും മണ്ഡലത്തിൽ സജീവ ചർച്ചയാകാനുള്ള സാധ്യതയുണ്ട്. നേരത്തെ അനിൽ ആൻ്റണിയുടെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് എലിസബത്ത് ആൻ്റണിയുടെ പ്രതികരണവും സജീവ വിഷയമായി എതിരാളികൾ മാറ്റിയേക്കും. അതിനാൽ തന്നെ ആൻ്റണി പത്തനംതിട്ടയിൽ പാർട്ടിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത് തിരിച്ചടിയായേക്കുമോ എന്ന ആശങ്ക കോൺഗ്രസിലെ ഒരുവിഭാഗത്തിനുണ്ട്.
എന്നാൽ കഴിഞ്ഞ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ അനിൽ ആൻ്റണി ബിജെപി സ്ഥാനാർത്ഥിക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരുന്നു. അതേ ദിവസം തന്നെ ആൻ്റണി ചാണ്ടി ഉമ്മനായി പുതുപ്പള്ളിയിൽ ഇറങ്ങിയത് കോൺഗ്രസ് പ്രവർത്തകരിൽ ആവേശം സൃഷ്ടിച്ചിരുന്നു. ക്രിസ്ത്യൻ ഭൂരിപക്ഷ മണ്ഡലമായ പുതുപ്പള്ളിയിൽ അനിൽ ആൻ്റണിയുടെ സാന്നിധ്യം ഒരു ചലനവും സൃഷ്ടിച്ചിരുന്നില്ല. അതിനാൽ തന്നെ പത്തനംതിട്ടയിലും ആൻ്റണിയുടെ മകനെന്ന പരിഗണനയോ ക്രിസ്ത്യൻ പശ്ചാത്തലമോ അനിൽ ആൻ്റണിക്ക് അനുകൂലമായ ഒരു തരംഗവും ഉണ്ടാക്കില്ലെന്നും വിലയിരുത്തലുകളുണ്ട്. അതിനാൽ തന്നെ പത്തനംതിട്ടയിൽ ആൻ്റണി വിട്ടുനിൽക്കുന്ന സാഹചര്യത്തെക്കാൾ അനിൽ ആൻ്റണിക്കെതിരെ തിരഞ്ഞെടുപ്പ് പ്രചാരാണത്തിന് ഇറങ്ങുന്നതാണ് അനുകൂലമാകുക എന്ന വാദവും ഉയരുന്നുണ്ട്.
2019ല് കോണ്ഗ്രസിന്റെ താരപ്രചാരകരില് പ്രധാനിയായിരുന്നു ആന്റണി. എഐസിസി നേതൃനിരയിലെ പ്രധാനിയെന്ന നിലയില് കേരളത്തില് എ കെ ആന്റണിയുടെ സാന്നിധ്യം കോണ്ഗ്രസിന്റെ തിരഞ്ഞെടുപ്പ് അജണ്ടയില് പ്രധാനമായിരുന്നു. കാസര്കോട് കൊല്ലപ്പെട്ട കല്ല്യാട്ടെ കൃപേഷിന്റെയും ശരത്ലാലിന്റെയും വീടുകള് സന്ദര്ശിച്ചു കൊണ്ടായിരുന്നു ആന്റണി 2019ല് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആന്റണി തിരഞ്ഞെടുപ്പിന്റെ ഭാഗമായി സഞ്ചരിച്ചിരുന്നു. രാഹുല് ഗാന്ധി വയനാട്ടില് നിന്ന് മത്സരിക്കുന്നതിനെ താത്വികമായി വിശദീകരിക്കാന് മുന്നില് നിന്നതും ആന്റണിയായിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ആന്റണി തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമായിരുന്നു. തിരഞ്ഞെടുപ്പ് ആന്റണി നയിക്കട്ടെ എന്ന നിര്ദ്ദേശം പോലും ഒരു ഘട്ടത്തില് കോണ്ഗ്രസ് ഹൈക്കമാന്ഡ് മുന്നോട്ടു വച്ചിരുന്നു. 2022ല് നടന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും ഏറ്റവും ഒടുവില് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും കോണ്ഗ്രസ് സ്ഥാനാര്ത്ഥിക്കായി എ കെ ആന്റണി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിരുന്നു.
വിഎസ് അച്യുതാനന്ദൻ ഇടതുപക്ഷത്തിൻ്റെ കുന്തമുനയായി നിന്ന 1991 മുതൽ 2016വരെ സംസ്ഥാനത്ത് നടന്ന നിയമസഭാ-ലോക്സഭാ തിരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസിന് വേണ്ടി തിരഞ്ഞെടുപ്പ് അജണ്ടകൾ പൊതുഇടപെടലിലൂടെ രൂപപ്പെടുത്തിയിരുന്നത് എ കെ ആൻ്റണിയായിരുന്നു. പലപ്പോഴും തിരഞ്ഞെടുപ്പ് കാലത്തെ വിഎസ്-ആൻ്റണി വാക്പോര് മാധ്യമങ്ങളുടെയും ഇഷ്ടതലക്കെട്ടുകളായിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ പ്രചാരണ രംഗത്തുനിന്നും വിഎസ് അച്യുതാനന്ദൻ ഏതാണ്ട് പൂർണ്ണമായി പിൻമാറി. ആരോഗ്യപരമായ കാരണങ്ങളായിരുന്നു വി എസ് മാറി നിൽക്കാൻ കാരണം. അപ്പോഴും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആൻ്റണി കോൺഗ്രസ് പ്രചാരണത്തിൻ്റെ പ്രധാനിയായി. ഇത്തവണ ആൻ്റണി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചാൽ ആരോഗ്യപ്രശ്നങ്ങളായിരിക്കും ചൂണ്ടിക്കാണിക്കപ്പെടുക. അങ്ങനെയെങ്കിൽ കഴിഞ്ഞ രണ്ട് ദശകത്തിലേറെയായി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ അജണ്ട നിശ്ചയിച്ചിരുന്ന കേരള രാഷ്ട്രീയത്തിലെ രണ്ട് അതികായരുടെ അസാന്നിധ്യം തന്നെയാവും ഇത്തവണ ശ്രദ്ധേയമാകുക എന്ന് തീർച്ച.