കൊച്ചി മെട്രോ: തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

രാവിലെ പത്തിന് പ്രധാനമന്ത്രി കൊൽക്കത്തയിൽ നിന്ന് ഓൺലൈനായി മെട്രോ ഫ്ലാഗ് ഓഫ് ചെയ്യും.

dot image

കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ പത്തിന് പ്രധാനമന്ത്രി കൊൽക്കത്തയിൽ നിന്ന് ഓൺലൈനായി മെട്രോ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിൻ ആലുവ സ്റ്റേഷനിലേക്ക് പുറപ്പെടും. ആദ്യ ട്രെയിൻ പുറപ്പെട്ടതിന് ശേഷം ഇന്ന് തന്നെ പൊതുജനങ്ങൾക്കായി തൃപ്പൂണിത്തുറയിൽ നിന്ന് ട്രെയിൻ സർവ്വീസ് ആരംഭിക്കും.

ആലുവ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെ 75 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാൽ ഉദ്ഘാടനത്തോടനുബന്ധിച്ച് ആലുവയിൽ നിന്ന് എസ്എൻ ജംഗ്ഷനിലേക്കുള്ള യാത്രാ നിരക്കായ 60 രൂപ തന്നെയായിരിക്കും തൃപ്പൂണിത്തുറ വരെ ഈടാക്കുക. മെട്രോ സ്റ്റേഷനും തൂണുകളും മ്യൂറൽ ചിത്രങ്ങളാൽ സമ്പന്നമാണ്. സ്റ്റേഷന് മുൻവശത്തെ തൂണുകളിൽ തൃപ്പൂണിത്തുറയുടെ ചരിത്രത്തിന്റെ ഭാഗമായ അത്തച്ചമയത്തിലെ വിവിധ കാഴ്ച്ചകളാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ വിവിധ നൃത്തരൂപങ്ങളുടെ ശില്പങ്ങളുള്ള ഡാൻസ് മ്യൂസിയം ഈ സ്റ്റേഷന്റെ മറ്റൊരു പ്രത്യേകതയാണ്. ഡാൻസ് മ്യൂസിയവും ഉടൻ തന്നെ പൊതുജനങ്ങൾക്കായി തുറന്ന് നൽകും.

1.35 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷൻ തൃപ്പൂണിത്തുറയിൽ ഒരുങ്ങുന്നത് എന്നാണ് വ്യവസായ മന്ത്രി പി രാജീവ് ഫേയ്സ്ബുക്കിലൂടെ അറിയിച്ചത്.

തൃപ്പൂണിത്തുറ സ്റ്റേഷൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മന്ത്രി പി രാജീവിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

കേരളത്തിൻ്റെ സ്വന്തം കൊച്ചി മെട്രോയുടെ പുതിയ സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ മാർച്ച് ആറാം തീയതി നാടിന് സമർപ്പിക്കും. രാവിലെ പത്ത് മണിക്ക് കൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്യും. അന്നേദിവസം തന്നെ പൊതുജനങ്ങൾക്കായി തൃപ്പൂണിത്തുറയിൽ നിന്ന് ട്രെയിൻ സർവ്വീസ് ആരംഭിക്കും.

1.35 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് തൃപ്പൂണിത്തുറ സ്റ്റേഷൻ ഒരുങ്ങുന്നത്. ഇതിൽ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികൾക്കായി നീക്കിവച്ചിരിക്കുകയാണ്. ആലുവ മുതൽ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പിന്നിടുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനും നിർമ്മാണത്തിനുമുൾപ്പെടെ 448.33 കോടി രൂപയാണ് ചെലവ് വന്നിട്ടുള്ളത്. കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് 379 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാംഘട്ടമായ പിങ്ക് ലൈൻ നിർമ്മാണത്തിനാണ് ഈ തുക ഉപയോഗിക്കുക. ജവഹര്ലാല് നെഹ്റു സ്റ്റേഡിയം മുതല് ഇന്ഫോ പാര്ക്കിലൂടെ കാക്കനാടുവരെ ദീര്ഘിപ്പിക്കുന്ന പദ്ധതിയുടെ പുതുക്കിയ അടങ്കലിന് ഭരണാനുമതി നൽകുന്നതാണ് ധനവകുപ്പിന്റെ അംഗീകാരം. 11.8 കിലോമീറ്റർ ദൈർഘ്യത്തിൽ നിർമ്മിക്കുന്ന രണ്ടാംഘട്ടം 2025ൽ തന്നെ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭാരത് റൈസിനെ വെട്ടാന് കെ റൈസ്; പ്രഖ്യാപനം ഇന്ന്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us