![search icon](https://www.reporterlive.com/assets/images/icons/search.png)
തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വ്യാജ ലഹരിക്കേസിൽ 72 ദിവസം ജയിലിൽ കഴിയേണ്ടി വന്നതിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹർജി. ഷീല സണ്ണിയുടെ ഹർജിയിൽ ചീഫ് സെക്രട്ടറിയും എക്സൈസ് കമ്മീഷണറും ഇന്ന് മറുപടി സത്യവാങ്മൂലം നൽകിയേക്കും.
72 ദിവസം ജയിലിൽ കഴിയേണ്ടി വന്ന സംഭവം തന്റെ അന്തസിനെ ബാധിച്ചു. എക്സൈസ് വകുപ്പിന് സംഭവിച്ച പിഴവിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഷീല സണ്ണിയുടെ ആവശ്യം. വ്യാജ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ചാലക്കുടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ രജിസ്റ്റർ ചെയ്ത കേസിൽ നിയമ വിരുദ്ധമായാണ് തന്നെ പ്രതിചേർത്തത്.
അന്വേഷണ ഉദ്യോഗസ്ഥൻ സസ്പെൻഷനിലാണ്. യഥാർത്ഥ സംഭവവും എക്സൈസ് മഹസറും തമ്മിൽ ബന്ധമില്ലെന്ന് തെളിഞ്ഞു. കുറ്റകൃത്യം രജിസ്റ്റർ ചെയ്തതിൽ ഉൾപ്പടെ പിഴവുണ്ടെന്നുമാണ് ഷീല സണ്ണിയുടെ ആക്ഷേപം. ഷീല സണ്ണി ജയിലിൽ കിടക്കേണ്ടി വന്നത് ഗുരുതരമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
ചീഫ് സെക്രട്ടറിയും എക്സൈസ് കമ്മീഷണറും ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നും നിർദ്ദേശിച്ചു. തനിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും എന്നിട്ടും ലഹരിമരുന്ന് കേസിൽ 72 ദിവസം ജയിലിനുള്ളിൽ കഴിയേണ്ടിവന്നുവെന്നുമാണ് ഷീല സണ്ണിയുടെ ഹർജിയിൽ പറയുന്നത്. എക്സൈസിന് പിഴവ് സംഭവിച്ച സാഹചര്യത്തിൽ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഷീല സണ്ണിയുടെ ആവശ്യം.
നേതാക്കളടക്കം ബിജെപിയിലേക്ക്; രാഹുൽ ഗാന്ധിയുടെ ന്യായ് യാത്ര ഇന്ന് ഗുജറാത്തിൽ