സുധാകരൻ പോവുമെന്ന് പറഞ്ഞു, പത്മജ ചെയ്തു കാണിച്ചു: എം എ ബേബി

ഏതു സമയത്തും ഏതു കോൺഗ്രസ് നേതാവിനും ബിജെപി ആയി മാറാം

dot image

കോഴിക്കോട്: കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ ബിജെപിയിലേയ്ക്ക് മാറിയതിൽ അസ്വാഭാവികമായി ഒന്നും കാണുന്നില്ലെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ബിജെപിയിലേക്ക് പോകുമെന്ന് മാധ്യമങ്ങളോട് പറഞ്ഞ ആളാണ് കെ സുധാകരൻ. സുധാകരൻ പോവുമെന്ന് പറഞ്ഞത് പത്മജ ചെയ്തു കാണിച്ചുവെന്നും എം എ ബേബി പരിഹസിച്ചു. വടകര പാർലമെൻ്റ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എ ബേബി.

വിലയ്ക്ക് വാങ്ങാൻ കഴിയാത്തവരെ വേണം ഡൽഹിയിലേക്ക് അയക്കാനെന്ന് പറഞ്ഞ എം എ ബേബി ഇപ്പോഴത്തെ 110 ബിജെപി എംപിമാർ കോൺഗ്രസ് നേതാക്കളായിരുന്നുവെന്നും ചൂണ്ടിക്കാണിച്ചു. മണിപ്പൂരിന്റെ ദുരവസ്ഥക്ക് കാരണക്കാരനായ ബിജെപി മുഖ്യമന്ത്രി നേരത്തെ കോൺഗ്രസ് നേതാവായിരുന്നു. അസമിലെ ബിജെപി മുഖ്യമന്ത്രി മുൻ കോൺഗ്രസ് നേതാവായിരുന്നു. കോൺഗ്രസ് നേതാക്കൾ പലരും ബിജെപി നേതാക്കളായി മാറുന്നുവെന്നും എം എ ബേബി കുറ്റപ്പെടുത്തി.

പത്മജയെ ബിജെപി സ്വന്തം പാളയത്തിലേക്ക് കൊണ്ട് പോകുന്നുവെന്ന് പറഞ്ഞ എം എ ബേബി ആദർശ ധീരൻ എകെ ആന്റണിയുടെ മകൻ ബിജെപിയുടെ സ്ഥാനാർത്ഥിയാണെന്നും ചൂണ്ടിക്കാണിച്ചു. യുഡിഎഫും ബിജെപിയും ഇടതുമുന്നണിക്കെതിരെ കുത്തിത്തിരിപ്പുമായി മുന്നോട്ടു പോവുന്നു. ഇടതുപക്ഷത്തിന് എതിരെ സംസാരിക്കുന്നതിൽ രണ്ടു കൂട്ടർക്കും ഒരേ സ്വരം. കേരളത്തെ കേന്ദ്രം അവഗണിക്കുന്നു എന്ന് പറഞ്ഞപ്പോൾ ബിജെപിയും കോൺഗ്രസും ഒരുപോലെ സംസാരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതേതരത്വത്തിന്റെ കാര്യത്തിലും സാമ്പത്തിക നയത്തിന്റെ കാര്യത്തിലും കോൺഗ്രസിന് ശരിയായ നിലപാട് എടുക്കാൻ കഴിയുന്നില്ലെന്ന വി എം സുധീരൻ്റെ അഭിപ്രായവും എം എ ബേബി ചൂണ്ടിക്കാണിച്ചു. ഏതു സമയത്തും ഏതു കോൺഗ്രസ് നേതാവിനും ബിജെപി ആയി മാറാമെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.

പാർട്ടിയോട് ആലോചിച്ചാണ് കെ കെ ശൈലജ ടീച്ചർ മാഗ്സസെ അവാർഡ് നിരസിച്ചതെന്ന് ചൂണ്ടിക്കാണിച്ച എം എ ബേബി ആരോഗ്യമന്ത്രിയെന്ന നിലയിലുള്ള കെ കെ ശൈലജയുടെ പ്രവർത്തനത്തെയും ശ്ലാഘിച്ചു. കോവിഡ് കാലത്തെ മികച്ച പ്രവർത്തനങ്ങൾക്കായിരുന്നു അന്ന് അവാർഡ് ലഭിച്ചത്. കൂട്ടായി നടത്തിയ പ്രവർത്തനങ്ങൾക്ക് വ്യക്തിപരമായി അവാർഡ് തരുന്നത് ശരിയെല്ലെന്നും അന്ന് ടീച്ചർ പറഞ്ഞു. ഉത്തമയായ പൊതുപ്രവർത്തകയാണ് കെ കെ ശൈലജയെന്നും എം എ ബേബി പുകഴ്ത്തി. ശൈലജ ടീച്ചറിന് മുമ്പ് ആരോഗ്യ മന്ത്രി ആയിരുന്ന ശ്രീമതി ടീച്ചറും കഴിവ് തെളിയിച്ച വ്യക്തിയാണെന്നും എം എ ബേബി കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us